ഗുരുവായൂരിൽ വിജയക്കണി കാണാൻ..
Mail This Article
അകലെയിരിക്കുന്നവർ കാണുന്നതല്ല, സാക്ഷാൽ ഗുരുവായൂർ. ഗുരുവായൂരപ്പന്റെ പേരിലാണു ഗുരുവായൂർ ഏറെപ്പേർക്കും പരിചിതമെങ്കിലും ഗുരുവായൂർ മണ്ഡലത്തിന്റെ കഥ വേറെയാണ്. പഴയ മലബാർ, തിരുക്കൊച്ചി സംസ്ഥാനങ്ങളുടെ അതിർത്തിയിൽ, പുന്നയൂർക്കുളം തങ്ങൾപ്പടി കടലോരം മുതൽ ചൊവ്വല്ലൂർപ്പടി കൊച്ചിൻ ഫ്രോണ്ടിയർ തോട് വരെ പരന്നു കിടക്കുന്നതാണു ഗുരുവായൂർ. സാമൂതിരിയുടെ പടത്തലവനായിരിക്കെ ടിപ്പുവിന്റെ പട്ടാളം ഒളിയമ്പെയ്തു കൊന്ന നാലകത്തു ചാന്തിപ്പുറത്തു ഹൈദ്രോസ്കുട്ടി മൂപ്പരുടെ കബർസ്ഥാൻ സ്ഥിതി ചെയ്യുന്ന മണത്തല പള്ളി ഗുരുവായൂർ മണ്ഡലത്തിലാണ്.
പ്രസിദ്ധമായ പാലയൂർ തീർഥാടന കേന്ദ്രവുമുണ്ട് ഗുരുവായൂരിനെ ഗുരുവായൂരാക്കാൻ. പക്ഷേ, ഈ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ കളം നിറഞ്ഞാടിയത് തള്ളിയ പത്രികയുടെ പേരിലാണ്. ഇതിനു പിന്നിലെ രാഷ്ട്രീയം പറയാൻ മുഖ്യമന്ത്രി വരെ സമയം കണ്ടെത്തിയപ്പോൾ ഗുരുവായൂർ വാർത്തകളിൽ ലീഡ് നേടി. മത്സരത്തിനില്ലാത്ത എൻഡിഎ സ്ഥാനാർഥിയുടെ പോസ്റ്ററുകൾ മണ്ഡലത്തിൽ പലയിടത്തും ഇപ്പോഴും നീക്കം ചെയ്യാതെ തുടരുന്നു.
വാദപ്രതിവാദങ്ങളുടെ തീയും പുകയും നിറയുമ്പോൾ ബീഡി വ്യവസായത്തിന്റെ പഴയ നാട് ആകെ ലഹരിയിലാണ്. എൽഡിഎഫിനു വേണ്ടി എൻ.കെ. അക്ബറും യുഡിഎഫിനു വേണ്ടി കെ.എൻ.എ. ഖാദറും മത്സരിക്കുമ്പോൾ, ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡിഎസ്ജെപി) സ്ഥാനാർഥിയായ ദിലീപ് നായർക്കാണ് എൻഡിഎ മുന്നണിയുടെ പിന്തുണ. എസ്ഡിപിഐയുടെ അഷ്റഫ് വടക്കൂട്ട്, എസ്‌യുസിഐയുടെ എം.കുമാർ, സ്വതന്ത്രനായി ആന്റണി എന്നിവരുമുണ്ട് ഗുരുവായൂർ എന്ന കളത്തിൽ.
പോസിറ്റീവായി അക്ബർ
‘മറ്റവർ പെട്രോൾ വില കൂട്ടുന്ന പോലെ നമുക്കു ഭൂരിപക്ഷം കൂട്ടണം’ – ഏനാമാവ് റോഡിലെ പെട്രോൾ പമ്പിൽ വോട്ട് ചോദിക്കാൻ കയറിയ എൽഡിഎഫ് സ്ഥാനാർഥി എൻ.കെ. അക്ബർ പെട്രോൾ അടിക്കാൻ എത്തിയ ബൈക്ക് യാത്രികനോടു പറഞ്ഞു. തന്റെ പരിചയക്കാരായ ജീവനക്കാരോട് അദ്ദേഹത്തിന് പറയാൻ ഒറ്റ വാക്കു മാത്രം: ‘ഉഷാറാക്കണം.’ സമീപത്തുള്ള വീടുകൾ കയറിയിറങ്ങണമെന്നു കൂടെയുള്ള പ്രവർത്തകർ നിർദേശിച്ചപ്പോൾ അക്ബർ അങ്ങോട്ടു നീങ്ങി. നിർദേശിച്ച പ്രവർത്തകർ കൂടെ ഓടിയെത്താൻ പാടുപെട്ടു.
അത്ര വേഗത്തിലാണ് അക്ബറിന്റെ നടത്തം. വഴിയിൽ കണ്ട മീൻകച്ചവടക്കാരനോടു കച്ചവടത്തിന്റെ വിശേഷങ്ങൾ ചോദിച്ചു. പിന്നെ, തന്റെ വീടിരിക്കുന്ന പ്രദേശത്തേക്കാണു വോട്ട് ചോദിച്ചു നടന്നു കയറുന്നത്; അതും വേഗത്തിൽ തന്നെ. ‘ഡീസൽ വിലവർധന തീരദേശത്തു വലിയ തിരിച്ചടിയായിട്ടുണ്ട്. അതിനുള്ള മറുപടി അവർ കൊടുക്കും.’– അക്ബർ പറഞ്ഞു. ആഴക്കടൽ മത്സ്യബന്ധന വിവാദമൊന്നും ഇടതുമുന്നണിയെ ബാധിക്കില്ലെന്നും അക്ബറിന് ആത്മവിശ്വാസമുണ്ട്. ‘ആഴക്കടൽ വിറ്റതു നരസിംഹറാവു സർക്കാരാണ്.
ലോക്സഭയിൽ ഇപ്പോൾ പോലും അതിനെതിരെ ഒരു പ്രമേയം അവതരിപ്പിക്കാത്ത പ്രതാപനൊക്കെ ചപ്പടാച്ചി പറയുകയാണ്.’– അക്ബർ നടത്തത്തിന്റെ വേഗം കുറയ്ക്കാതെ, വഴിയിൽ കണ്ടവരെയെല്ലാം പേരെടുത്തു വിളിച്ചു മുന്നോട്ടു നീങ്ങുന്നതിനിടെ പറഞ്ഞു കൊണ്ടിരുന്നു. ‘മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യം എന്ന് ആദരിച്ച സർക്കാരാണിത്. അവർക്കായി പുനർഗേഹം പദ്ധതി നടപ്പിലാക്കി. അവർ ഈ സർക്കാരിന്റെ തുടർച്ച ആഗ്രഹിക്കും.’ വഴിയിൽ കമലാക്ഷിയെ കണ്ടപ്പോൾ അക്ബർ ഓടിയടുത്തു. ‘എന്റെ മകൻ നിനക്കെതിരെ മത്സരിച്ചപ്പോൾ ഞാൻ നിനക്കാ വോട്ട് തന്നത്. ആ നീ എന്നോടു വോട്ട് ചോദിക്കണോ?’’– കമലാക്ഷി പരിഭവം പോലെ പറഞ്ഞു.
1995ൽ നഗരസഭയിലേക്കു തനിക്കെതിരെ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച പ്രജിത്തിന്റെ അമ്മയെന്ന് അക്ബർ പാർട്ടി പ്രവർത്തകരെ പരിചയപ്പെടുത്തി. വോട്ട് ചോദിക്കാതെ, കെട്ടിപ്പിടിച്ച്, അടുത്ത വീട്ടിലേക്ക്. എൻഡിഎ സ്ഥാനാർഥിയുടെ പത്രിക തള്ളിയതിൽ പ്രവർത്തകർ നിരാശരാണെന്നാണ് അക്ബറിന്റെ പക്ഷം. അതു പറഞ്ഞപ്പോൾ അദ്ദേഹം നടത്തം നിർത്തി. ‘നേതൃത്വം നടത്തിയ ഒത്തുതീർപ്പിൽ പ്രവർത്തകർ വഞ്ചിക്കപ്പെടുകയായിരുന്നു. ഒന്നും ആകസ്മികമല്ല.’
ഗുരുവായൂരിനു ക്ഷേത്രനഗരം എന്ന നിലയിൽ പ്രത്യേക പാക്കേജ്, രാമച്ചം കൃഷി വ്യവസായികാടിസ്ഥാനത്തിൽ വ്യാപിപ്പിക്കാൻ പദ്ധതി, ഉൾനാടൻ ജലസ്രോതസ്സുകൾ ഉപയോഗപ്പെടുത്തിയുള്ള വിനോദസഞ്ചാര പദ്ധതികൾ.. അങ്ങനെ മണ്ഡലത്തിൽ നടപ്പാക്കാൻ പോകുന്ന പദ്ധതികളെപ്പറ്റി പറയാൻ ഏറെയുണ്ട്. അടുത്ത വീട്ടിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഒരു വീട്ടമ്മ അറിയിച്ചപ്പോൾ അങ്ങോട്ടു പോകാൻ നിൽക്കുകയായിരുന്ന പ്രവർത്തകരെ അക്ബർ തിരിച്ചുവിളിച്ചു. ‘അവിടെ പോകേണ്ടതില്ല. അത് നമുക്ക് പോസിറ്റീവ് ആണ്.’
എല്ലാവരുടെയും കെഎൻഎ
‘ഞാൻ വരത്തനാണെന്നാണ് ആക്ഷേപം. അതെ, വരത്തനാണ്. പക്ഷേ, പോകാൻ വന്ന വരത്തനല്ല; ഇവിടെ കൂടാൻ വന്നതാണ്’ – പുന്നയൂർക്കുളം പഞ്ചായത്തിലെ ആൽത്തറ ജംക്‌ഷനിൽ യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ അരങ്ങു തകർക്കുകയാണ്. കേട്ടിരിക്കുന്നവർക്കു കയ്യടി നിർത്താൻ നേരമില്ല. ‘നിങ്ങൾക്കു ജർമൻകാരായ മാർക്സിന്റെയും എംഗൽസിന്റെയും കൊടി ഇവിടെ കുത്താമെങ്കിൽ, മലപ്പുറത്തുകാരന് ഇവിടെ കൊടി പറത്താം’– വീണ്ടും കയ്യടി. പ്രസംഗം കഴിഞ്ഞ് അടുത്ത സെന്ററിലേക്കു വാഹനം നീങ്ങുമ്പോൾ ബൈക്കുകളിൽ പിന്നാലെ പായുന്നത് യുഡിഎഫ് പ്രവർത്തകർ മാത്രമല്ല.
പ്രസംഗം കേട്ടു മതിയാകാത്ത സാധാരണക്കാരുമുണ്ട്; അടുത്ത പോയിന്റിൽ പുതിയതു വല്ലതും പറഞ്ഞാലോ..! സ്ഥാനാർഥി എത്തും മുൻപേ കേൾവിക്കാർ എത്തി സ്ഥലം പിടിച്ചിരിപ്പാണ് ഓരോ സെന്ററിലും. മണ്ഡലത്തിലെ വികസന പ്രശ്നങ്ങളും അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. തിരുവെങ്കിടം അടിപ്പാത ഫലപ്രാപ്തിയിലെത്താത്ത കാര്യം പറയുമ്പോൾ വള്ളിക്കുന്നു മണ്ഡലത്തിൽ താൻ എംഎൽഎ ആയിരിക്കെ, അരിയല്ലൂർ അടിപ്പാത നിർമാണം നടത്തിയെടുത്തത് എങ്ങനെയെന്നു വിശദീകരിക്കുന്നുണ്ട്. കുടിവെള്ളക്ഷാമം ഉള്ള പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീതി നിലനിൽക്കുന്ന പ്രദേശങ്ങളും എണ്ണിയെണ്ണിപ്പറയുന്നു. കയ്യടിക്കാനുള്ള സമയം ആവുന്നതേയുള്ളൂ, അല്ല ദാ എത്തി.
‘ഏതു കാര്യത്തിനും നിങ്ങൾക്കെന്നെ കാണാം. ലോക്കൽ സെക്രട്ടറിയുടെയോ ഏരിയാ സെക്രട്ടറിയുടെയോ കത്തു വേണ്ട. ഞാൻ തന്നെയാണ് എന്റെ സെക്രട്ടറി’. പര്യടന പരിപാടിയിൽ ഇല്ലാത്ത കുണ്ടനി വില്ലേജ് ഓഫിസ് പരിസരത്തേക്കു സ്ഥാനാർഥി വരണമെന്നു ചിലർ ആവശ്യമുന്നയിച്ചു. ബിജെപി നല്ല ഭൂരിപക്ഷത്തിൽ ജയിച്ച വാർഡ് ആണിത്. അങ്ങോട്ടുള്ള യാത്രയ്ക്കിടയിൽ ഖാദർ രാഷ്ട്രീയം പറഞ്ഞു. ‘ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളിയത് ആരും ആവശ്യപ്പെട്ടിട്ടല്ല. ഹിന്ദുക്കളെല്ലാം ബിജെപി ആണെന്നു പ്രചരിപ്പിക്കുന്നതു സിപിഎം ആണ്. ഹൈന്ദവത ബിജെപിയുടെ കുത്തകയായി ഞാൻ കാണുന്നില്ല.
ഞാൻ ഹിന്ദുവാണെന്നു മുസ്‌ലിംകൾക്കിടയിലും മുസ്‌ലിം ആണെന്ന് ഹിന്ദുക്കൾക്കിടയിലും അവർ പ്രചരിപ്പിക്കുന്നുണ്ട്. കൂപ്പുകൈ കാണിക്കുന്നു എന്നൊക്കെയാണ് ആക്ഷേപം. എല്ലാവരും ഹസ്തദാനം ഒഴിവാക്കി കൂപ്പുകൈ ആക്കിയാൽ നന്നെന്നു പറഞ്ഞതു ശൈലജ ടീച്ചർ ആണ്. അപ്പോൾ, അവരും ബിജെപി ആണെന്നു പറയേണ്ടി വരുമോ?’– പ്രസംഗത്തിലേതെന്ന പോലെ ഇടയ്ക്കു ചിരിക്കുള്ള വക നൽകിയാണ് അദ്ദേഹത്തിന്റെ സംസാരവും. കുണ്ടനിയിലെ പ്രസംഗവും ആരെയും നിരാശരാക്കുന്നില്ല.
‘മതങ്ങൾക്കിടയിൽ പാലം കെട്ടേണ്ടവനാണു പൊതുപ്രവർത്തകൻ. ശരിഅത്തിനെതിരെ നിങ്ങൾ നിന്നാൽ ഞാൻ എതിർക്കും. ഹിന്ദുക്കളുടെ ആചാരങ്ങൾക്ക് എതിരെ നിന്നാൽ എതിർക്കും. ക്രൈസ്തവ വിശ്വാസങ്ങൾക്കെതിരെ നിന്നാലും അതു തന്നെ ചെയ്യും. കാരണം, ഞാൻ വിശ്വാസിയാണ്.’– ഓരോ പോയിന്റിലും പുതിയ പോയിന്റുകൾ ഉള്ളതുകൊണ്ടു പ്രവർത്തകർക്കും പ്രസംഗങ്ങൾ മടുക്കുന്നില്ല. പ്രസംഗത്തിൽ ചിരിക്കാനുള്ള വക ഒളിപ്പിക്കുന്ന ഖാദറിനു ചിരി അടക്കാനാവാത്ത സന്ദർഭങ്ങളുമുണ്ട്.
ഗുരുവായൂർ മുന്നിൽക്കണ്ടാണു താൻ ശബരിമല വിഷയത്തിൽ ഇടപെട്ടതെന്ന ആരോപണത്തെക്കുറിച്ചു പറഞ്ഞ് അദ്ദേഹം നീണ്ട ചിരി ചിരിച്ചു. ‘ഗുരുവായൂർ എന്റെ ജാതകത്തിലുണ്ടെന്നു ഞാനറിയുന്നത് ഇന്നാളാണ്’. പക്ഷേ, ഗുരുവായൂരിന്റെ ജാതകം കാണാപ്പാഠമാക്കിയിട്ടുണ്ട് കെഎൻഎ. കോസ്റ്റ് ഗാർഡിന് രക്ഷാബോട്ടുകൾ, പട്ടയം ലഭിക്കാത്തവർ, ദേശീയപാത വികസനത്തിൽ ഭൂമി നഷ്ടപ്പെട്ടവർ.. അങ്ങനെ പോകുന്നു പ്രസംഗത്തിലെ വിഷയങ്ങൾ.
അവസരത്തിനൊത്തുയർന്ന് ദിലീപ്
ഡബിൾ പ്രമോഷൻ കിട്ടിയ വിദ്യാർഥിയുടെ അങ്കലാപ്പുണ്ട് ഡിഎസ്ജെപി സ്ഥാനാർഥി ദിലീപ് നായർക്ക്. ദേശീയ മുന്നണിയുടെ പിന്തുണയുള്ള സ്ഥാനാർഥിയായി മാറുമെന്നു കരുതിയതേയില്ല. പിന്തുണ വന്നതോടെ പ്രചാരണം കൊഴുത്തു. പക്ഷേ, അതിന്റേതായ ഉത്തരവാദിത്തവും കൂടിയിട്ടുണ്ട്. എൻഡിഎ പിന്തുണ ഗുരുവായൂരപ്പൻ കൊണ്ടുവന്ന അനുഗ്രഹമായാണു ദിലീപ് നായരും ഡിഎസ്ജെപിയും കാണുന്നത്. ‘ഈ മുന്നണിയുടെ ആശയം ഇത്ര പെട്ടെന്നു കേരളം മുഴുവൻ ചർച്ച ചെയ്യാൻ ഗുരുവായൂർ ഒരു വേദിയായി.
ഇപ്പോൾ എല്ലാവരും അന്വേഷിക്കുന്നുണ്ട്, ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി എന്താണ് എന്ന്.’– ദിലീപ് നായർ പറയുന്നു. തിരഞ്ഞെടുപ്പു ഫലം എന്തായാലും ഏറ്റവും നേട്ടം ഡിഎസ്ജെപിക്കാണെന്നു പറഞ്ഞാൽ തെറ്റില്ല. സ്വന്തം സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോയി പിന്നെയും ദിവസങ്ങൾ കഴിഞ്ഞാണ് എൻഡിഎ മുന്നണി ദിലീപ് നായർക്കു പിന്തുണ പ്രഖ്യാപിക്കുന്നത്. പ്രചാരണത്തിന്റെ പകുതിയോളം സമയം അപ്പോഴേക്കും കഴിഞ്ഞിരുന്നു.
എങ്കിലും എണ്ണയിട്ട യന്ത്രം പോലെയാണു സ്ഥാനാർഥിയും എൻഡിഎയും ഇപ്പോൾ പ്രവർത്തിക്കുന്നത്. മണ്ഡലത്തിൽ വോട്ട് ചോദിക്കുന്നതിനൊപ്പം കേരളത്തിലങ്ങോളമിങ്ങോളമുള്ള സുഹൃത്തുക്കളെ നേരിൽക്കാണേണ്ടതുമുണ്ട് ദിലീപ് നായർക്ക്. എൻഡിഎ പ്രവർത്തകർ പുതിയ പര്യടന പരിപാടികൾ തയാറാക്കുമ്പോൾ അതുമായി പൊരുത്തപ്പെട്ടു പോകുന്ന വിധം, തന്റെ നേരത്തേ ആസൂത്രണം ചെയ്ത യാത്രകൾ കൂടി നടത്തണം. അതുകൊണ്ടു വിശ്രമമില്ലാത്ത ഓട്ടമാണ്.
പത്രിക തള്ളിയതിനെച്ചൊല്ലി എതിർപക്ഷത്തെ ഇരുകൂട്ടരും പോരടിക്കുമ്പോൾ സ്ഥാനാർഥിക്ക് അതേക്കുറിച്ച് ഒന്നും പറയാനില്ല. അതൊന്നുമല്ല തിരഞ്ഞെടുപ്പിലെ വിഷയം. മണ്ഡലത്തിലെ വികസന പ്രശ്നങ്ങളും ഡിഎസ്ജെപി ഉയർത്തുന്ന മുദ്രാവാക്യവുമാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. ‘ദാരിദ്ര്യത്തിനു ജാതിയില്ല എന്ന മുദ്രാവാക്യം കേരളീയ സമൂഹം ഏറെ ചർച്ച ചെയ്യുന്നു. മുന്നാക്ക – പിന്നാക്ക സമുദായങ്ങളിലെ എല്ലാ ദരിദ്രരെയും ചേർത്തു പിടിച്ചു മുന്നോട്ടുപോകുക. അതാണു നയം.
സിപിഎമ്മിനു പോലും അക്കാര്യത്തിൽ ഞങ്ങളോട് എതിർപ്പുണ്ടാവില്ല.’ മോദിയുടെ പല നടപടികളെയും പാർട്ടി നേരത്തേ തന്നെ സ്വാഗതം ചെയ്തതാണെന്നു ദിലീപ് നായർ പറയുന്നു. മോദി ഭരണം ദേശീയതലത്തിലും രാജ്യാന്തര തലത്തിലും ഇന്ത്യയ്ക്കു ഗുണം ചെയ്തു എന്നാണ് പാർട്ടിയുടെ നേരത്തേയുള്ള അഭിപ്രായം. മണ്ഡലത്തിലെ വികസന പ്രശ്നങ്ങളെപ്പറ്റിയും ദിലീപ് നായർക്കു ധാരണയുണ്ട്. ‘കേരളം മുഴുവൻ അറിയപ്പെടുന്ന ഗുരുവായൂർ സംസ്ഥാനത്തെ ഏറ്റം പുറകിൽ നിൽക്കുന്ന മണ്ഡലമാണ്.
തീർഥാടന കേന്ദ്രമായ നഗരത്തിൽ മാലിന്യക്കൂമ്പാരമാണ് എങ്ങും. ഉൾനാടുകളിൽ പോയാൽ കുടിവെള്ള പ്രശ്നവും.’എതിർപക്ഷത്തു ലീഗ് ആണ് മത്സരിക്കുന്നത് എന്നതു ഡിഎസ്ജെപിക്ക് കൂടുതൽ ഊർജം പകരുന്നു. ‘ദാരിദ്ര്യത്തിനു ജാതിയില്ല എന്ന ആശയത്തിന് ഇന്ത്യയിൽ ആകെ എതിരു നിന്ന പ്രസ്ഥാനം ലീഗ് ആണ്. സംസ്കൃത ശ്ലോകം ചൊല്ലി നടക്കുന്ന കെഎൻഎ ഖാദറിന് മുന്നാക്കക്കാരിൽ ദരിദ്രർ ഉണ്ട് എന്ന കാര്യത്തിൽ എന്താണ് അഭിപ്രായം?’– കൂടുതൽ ചോദ്യങ്ങൾക്ക് അദ്ദേഹത്തിന് സമയമില്ല. തങ്ങളുടെ ആശയം ചർച്ചയാക്കാൻ ഗുരുവായൂരപ്പൻ തന്ന അവസരം ഉപയോഗപ്പെടുത്തേണ്ടതുണ്ട്.