കൊടുങ്ങല്ലൂർ, കയ്പമംഗലം മണ്ഡലം പോളിങ് സാമഗ്രികൾ വിതരണ കേന്ദ്രത്തിൽ
Mail This Article
കൊടുങ്ങല്ലൂർ∙ കൊടുങ്ങല്ലൂർ, കയ്പമംഗലം നിയോജക മണ്ഡലങ്ങളിലെ 555 ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികൾ താലൂക്ക് ഓഫിസിൽ നിന്നു വിതരണ കേന്ദ്രത്തിലേക്കു എത്തിച്ചു. ശൃംഗപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളും ( പി.ഭാസ്കരൻ സ്മാരക സ്കൂൾ ), മതിലകം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളുമാണു വിതരണ കേന്ദ്രങ്ങൾ.
കൊടുങ്ങല്ലൂർ മണ്ഡലത്തിൽ 295 ബൂത്തുകളും കയ്പമംഗലത്ത് 260 ബൂത്തുകളുമാണുള്ളത്.ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികളോടൊപ്പം വോട്ടർമാർക്കു നൽകേണ്ട സാനിറ്റൈസർ, ഉദ്യോഗസ്ഥർക്കു ഉപയോഗിക്കേണ്ട മാസ്ക്, ഗ്ലൗസ്, വോട്ടർമാരുടെ കൈകൾ അണുവിമുക്തമാക്കുന്നതിന് ഹാൻഡ് വാഷ് സൗകര്യം എന്നിവയും ഉദ്യോഗസ്ഥർക്കു വേണ്ടി പിപിഇ കിറ്റും വിതരണം ചെയ്തിട്ടുണ്ട്.
പോളിങ് ഉദ്യോഗസ്ഥർക്കു ബൂത്തുകളിലേക്കു എത്തുന്നതിനു കൂടുതൽ വാഹനങ്ങൾ മോട്ടർ വാഹന വകുപ്പ് ഏർപ്പാടാക്കി. കയ്പമംഗലം മണ്ഡലത്തിൽ 21 കൗണ്ടറുകളും കൊടുങ്ങല്ലൂർ മണ്ഡലത്തിൽ 25 കൗണ്ടറുകളിലായി ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികൾ തിങ്കൾ വിതരണം ചെയ്യും. പ്രിസൈഡിങ് ഓഫിസറും സെക്കൻഡ് പ്രിസൈഡിങ് ഓഫിസറും പോളിങ് സാമഗ്രികൾ കൈപ്പറ്റണം. ഇവിഎം മെഷീൻ പ്രിസൈഡിങ് ഓഫിസർ നേരിട്ടു ഏറ്റുവാങ്ങണം.