ADVERTISEMENT

വ്യക്തികളെ സന്ദർശിച്ചും റോഡ് ഷോയിൽ പങ്കെടുത്തും സനീഷ്

ചാലക്കുടി∙ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സനീഷ്കുമാർ ജോസഫ് നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും പ്രധാന വ്യക്തികളെ സന്ദർശിച്ചു വോട്ട് അഭ്യർഥിച്ചു. ടൗണിൽ നടന്ന പര്യടനത്തിലും സ്ഥാനാർഥി പങ്കെടുത്തു. നാസിക് ഡോൾ, വർണ ബലൂണുകൾ, കൊടി തോരണങ്ങൾ എന്നിവയോടെ റോഡ് നിറഞ്ഞു നൂറുകണക്കിനു പ്രവർത്തകർ പങ്കെടുത്തു.

നഗരസഭാധ്യക്ഷൻ വി.ഒ. പൈലപ്പൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി ജോർജ്, യൂത്ത് കോൺഗ്രസ് ദേശീയ കോ–ഓർഡിനേറ്റർ ഷോൺ പല്ലിശേരി, ഒ.എസ്.ചന്ദ്രൻ, ഷിബു വാലപ്പൻ എന്നിവർ നേതൃത്വം നൽകി.

ചാലക്കുടി മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ.എ.ഉണ്ണിക്കൃഷ്ണൻ പോട്ട സൗപർണിക ബാലികാസദനത്തിൽ വോട്ട് അഭ്യർഥിച്ച് എത്തിയപ്പോൾ കുറി തൊട്ടു സ്വീകരിക്കുന്ന അന്തേവാസികൾ.
ചാലക്കുടി മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ.എ.ഉണ്ണിക്കൃഷ്ണൻ പോട്ട സൗപർണിക ബാലികാസദനത്തിൽ വോട്ട് അഭ്യർഥിച്ച് എത്തിയപ്പോൾ കുറി തൊട്ടു സ്വീകരിക്കുന്ന അന്തേവാസികൾ.

റോഡ് ഷോയിൽ പങ്കെടുത്ത് ഉണ്ണിക്കൃഷ്ണൻ

ചാലക്കുടി∙ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കെ.എ. ഉണ്ണിക്കൃഷ്ണൻ കനകമല, വിജയരാഘവപുരം, പോട്ട എന്നിവിടങ്ങളിൽ നടന്ന കുടുംബയോഗങ്ങളിൽ പങ്കെടുത്ത് വോട്ട് അഭ്യർഥിച്ചു. പടിഞ്ഞാറെ ചാലക്കുടി തോട്ടവീഥിയിൽ ഒരുക്കിയ റോഡ് ഷോയിലും സ്ഥാനാർഥിയെത്തി. തുടർന്നു ടൗണിലും ഇറിഗേഷൻ ക്വാർട്ടേഴ്സ് ഭാഗത്തും ഉൾപ്പെടെ സ്ഥാനാർഥിയുടെ നേതൃത്വത്തിൽ ഗൃഹസമ്പർക്കം നടത്തി വോട്ട് തേടി. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത്, കെ.എം.ഹരിനാരായണൻ, അമ്പാടി ഉണ്ണി, ടി.കെ.ജയൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ചാലക്കുടി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡെന്നീസ് കെ.ആന്റണി ബൈക്കിൽ പ്രചാരണത്തിനിറങ്ങിയപ്പോൾ.
ചാലക്കുടി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡെന്നീസ് കെ.ആന്റണി ബൈക്കിൽ പ്രചാരണത്തിനിറങ്ങിയപ്പോൾ.

ഡെന്നീസിനായി കുട്ടികളുടെ സ്ക്വാഡും

ചാലക്കുടി∙ പരസ്യ പ്രചാരണത്തിന്റെ അവസാനദിനത്തിൽ മണ്ഡലത്തിലെ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ചും പ്രവർത്തകരുടെ സ്‌ക്വാഡ് പ്രവർത്തനങ്ങളിൽ പങ്കുചേർന്നും എൽഡിഎഫ് സ്ഥാനാർഥി ഡെന്നീസ് കെ.ആന്റണി. പ്രചാരണത്തിൽ കുട്ടികളുടെ സ്‌ക്വാഡും വീടുകളിലെത്തി. കോടശേരി, കുറ്റിച്ചിറ, മേലൂർ, സാൻജോനഗർ, കാടുകുറ്റി, വൈന്തല, കൊരട്ടി എന്നിവിടങ്ങളിൽ സ്ഥാനാർഥി വോട്ടർമാരുടെ വീടുകൾ സന്ദർശിച്ചു. സന്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലും സന്ദർശനം നടത്തി.

ചാലക്കുടിയിൽ 3118 തപാൽ വോട്ടുകൾ

ചാലക്കുടി∙ മണ്ഡലത്തിൽ 3118 തപാൽ വോട്ടുകൾ ലഭിച്ചു. ഇതിൽ 1924 എണ്ണം 80 വയസ്സിനു മുകളിലുള്ളവരുടേതാണ്. ഭിന്നശേഷിക്കാരുടെ 286 വോട്ടുകളും അവശ്യ സേവന മേഖലയിലുള്ളവരുടെ 153 വോട്ടുകളും 5 സർവീസ് വോട്ടുകളുമാണ് ലഭിച്ചത്. ഈ മാസം 1 മുതൽ 3 വരെ ലഭിച്ച പ്രത്യേക തപാൽ വോട്ടുകൾ 750 എണ്ണമായിരുന്നു.

സ്ഥാനാർഥികൾ മാളയിൽ പര്യടനം നടത്തി

മാള∙ കൊടുങ്ങല്ലൂർ മണ്ഡലം മുന്നണി സ്ഥാനാർഥികളുടെ പര്യടനം അവസാന ഘട്ടത്തിൽ. യുഡിഎഫ് സ്ഥാനാർഥി എം.പി.ജാക്സൺ, എൽഡിഎഫ് സ്ഥാനാർഥി വി.ആർ.സുനിൽകുമാർ, എൻഡിഎ സ്ഥാനാർഥി സന്തോഷ് ചെറാക്കുളം എന്നിവർ മണ്ഡലത്തിലെ വിവിധ കോളനികൾ, വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പര്യടനം നടത്തി. എം.പി.ജാക്സന്റെ റാലി മാളയിൽ നടന്നു.

പരാതി നൽകി

കയ്പമംഗലം∙ കലാശക്കൊട്ട് പാടില്ലെന്ന ഇലക്​ഷൻ കമ്മിഷന്റെയും സംസ്ഥാന പൊലീസ് മേധാവിയുടെയും ഉത്തരവ് അംഗീകരിക്കാതെ എൽഡിഎഫ് മൂന്നുപീടികയിൽ കലാശക്കൊട്ട് നടത്തിയതിന് യുഡിഎഫ് മണ്ഡലം കമ്മിറ്റി പരാതി നൽകി.

കലാസന്ധ്യ ഒരുക്കി

ഇരിങ്ങാലക്കുട∙ എൽഡിഎഫ് സ്ഥാനാർഥി ആർ.ബിന്ദുവിന്റെ പ്രചാരണാർഥം ‘സ്നേഹപൂർവം ടീച്ചർക്ക്’ എന്ന പേരിൽ അധ്യാപക-വിദ്യാർഥി കൂട്ടായ്മ കലാസന്ധ്യ ഒരുക്കി. സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.ആർ.വിജയ ഉദ്ഘാടനം ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com