ഇരിങ്ങാലക്കുടയിൽ 300 ബൂത്ത്; 5 മാതൃകാ ബൂത്തുകൾ
Mail This Article
ഇരിങ്ങാലക്കുട ∙ നിയമസഭ തിരഞ്ഞെടുപ്പിന് മണ്ഡലത്തിൽ 300 ബൂത്തുകൾ ഒരുക്കി. 9 പ്രശ്നബാധിത ബൂത്തുകളുണ്ട്. ഇൗ ബൂത്തുകളിൽ സിസിടിവി ക്യാമറകൾ അടക്കമുള്ള പ്രത്യേക സുരക്ഷാ സജ്ജീകരണങ്ങൾ പൊലീസ് ഒരുക്കി. 5 മാതൃകാ ബൂത്തുകളും ഒരു വനിതാ ബൂത്തും മണ്ഡലത്തിലുണ്ട്. ഒരു ബൂത്തിൽ പ്രിസൈഡിങ് ഓഫിസറും 3 ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഉണ്ടായിരിക്കും. കോവിഡ് സാഹചര്യത്തിൽ കോവിഡ് പ്രൊട്ടക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും ശുചിത്വം പരിപാലനത്തിനും ഒാരോ ഉദ്യോഗസ്ഥരും വീതവും ഒരു പൊലീസ് ഉദ്യോഗസ്ഥനും ബൂത്തുകളിലുണ്ടാവും.
ഇന്നലെ രാവിലെ 8 മുതൽ ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തിൽ തിരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്തു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വിതരണം പൂർത്തിയാക്കി ഉദ്യോഗസ്ഥർ ബൂത്തുകളിലേക്ക് യാത്ര തിരിച്ചു. മൂന്നോടെ ബൂത്തുകൾ സജ്ജീകരിച്ചു. രാവിലെ ഒൻപതരയോടെ കലക്ടർ എസ്.ഷാനവാസ് പ്രവർത്തനങ്ങൾ വിലയിരുത്താൻ ഓഡിറ്റോറിയത്തിൽ എത്തി. പുതുക്കാട് മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പ് സാമഗ്രികൾ സെന്റ് ജോസഫ്സ് കോളജിലാണ് വിതരണം ചെയ്തത്.
ഇരിങ്ങാലക്കുടയിൽ 5 മാതൃകാ ബൂത്തുകൾ
ഇരിങ്ങാലക്കുട ∙ മണ്ഡലത്തിൽ 5 മാതൃകാ ബൂത്തുകൾ ഒരുക്കി. എസ്‍ജി യുപിഎസ് കരാഞ്ചിറ, ഹോളിഫാമിലി കോൺവന്റ് കുഴിക്കാട്ടുക്കോണം, എസ്എൻ എച്ച്എസ്എസ് ഇരിങ്ങാലക്കുട, ഗവ. മോഡൽ ബോയ്സ് സ്കൂൾ ഇരിങ്ങാലക്കുട, ബിവിഎം എച്ച്എസ്എസ് കൽപറമ്പ് എന്നിവിടങ്ങളിലാണ് മാതൃകാ ബൂത്തുകൾ.
ശുദ്ധജലം, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശുചിമുറികൾ, വോട്ടർ സഹായ കേന്ദ്രം, ഭിന്നശേഷിക്കാർക്കുള്ള റാംപ്, വീൽചെയർ, വോട്ടർമാർക്ക് വിശ്രമകേന്ദ്രം, ദിശാ സൂചകങ്ങൾ, സന്നദ്ധ സേവകരുടെ സഹായം എന്നിവയാണ് മാതൃകാ സ്റ്റേഷന്റെ സവിശേഷതകൾ.