ദുരിത യാത്രയ്ക്ക് പരിഹാരം, കടക്കാം ഇനി പേടിയില്ലാതെ; ചാലക്കുടിപ്പുഴയ്ക്കു കുറുകെ പാലം
Mail This Article
മാള ∙ പ്രളയത്തിൽ തകർന്ന കുണ്ടൂർ - പായ്തുരുത്ത് തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി. പായ്തുരുത്ത് നിവാസികളുടെ ദീർഘകാലത്തെ ദുരിത യാത്രയ്ക്ക് ഇതോടെ പരിഹാരമായി. ചാലക്കുടിപ്പുഴയ്ക്കു കുറുകെയാണ് ഈ പാലം. റീബിൽഡ് കേരളയുടെ ഭാഗമായി 33.50 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തികൾ. ജില്ലാ പഞ്ചായത്ത് വഴിയാണ് തുക വകയിരുത്തിയത്.
ഗ്രാമപഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നിർമാണം. തൃശൂർ, എറണാകുളം ജില്ലകൾ അതിർത്തി പങ്കിടുന്ന പ്രദേശമാണിത്. പായ്തുരുത്ത് എന്ന തുരുത്തിൽ നാൽപതോളം കുടുംബങ്ങളാണ് താമസം. ഇതിൽ 10 കുടുംബങ്ങൾ മാത്രമാണ് കുഴൂർ പഞ്ചായത്ത് നിവാസികളായുള്ളത്. ബാക്കിയുള്ളവർ എറണാകുളം ജില്ലയിൽപ്പെട്ടവരാണ്.
കുഴൂർ നിവാസികൾക്ക് സർക്കാർ സംബന്ധമായ ആവശ്യങ്ങൾക്കും സ്കൂളിൽ പോകാനുമുള്ള ഏക മാർഗമായിരുന്നു ഈ തൂക്കുപാലം. എന്നാൽ പ്രളയത്തിൽ വൻമരങ്ങൾ വന്നടിഞ്ഞ് പാലം സഞ്ചാരയോഗ്യമല്ലാതായി. ഇതോടെ കിലോമീറ്ററുകൾ ചുറ്റിവളഞ്ഞാണ് ഇവർ കുഴൂരിലെത്തിയിരുന്നത്. പ്രളയത്തിന് മുൻപും പാലം തകർച്ചയുടെ വക്കിലായിരുന്നു. ഇവിടത്തുകാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു പാലത്തിന്റെ അറ്റകുറ്റപ്പണി.