ADVERTISEMENT

തൃശൂർ ∙ ഇരിങ്ങാലക്കുടയ്ക്ക് ഇത് ആദ്യ വനിതാ എംഎൽഎ.!! നാട് തിരഞ്ഞെടുത്തതാകട്ടെ സ്വന്തം നാട്ടുകാരിയെ. അതും നിയമസഭയിലേയ്ക്കുള്ള അവരുടെ കന്നി മത്സരത്തിൽ. 2005–10ൽ തൃശൂർ കോർപറേഷന്റെ ആദ്യ വനിത മേയർ കൂടിയായിരുന്ന ആർ.ബിന്ദു എന്ന ബിന്ദു ടീച്ചർ വിജയക്കുട നിവർത്തുന്നത് ജില്ലയിൽ നിന്നും നിയമസഭയിലേക്കുള്ള അഞ്ചാമത്തെ വനിതാ പ്രതിനിധിയായാണ്. റോസമ്മ ചാക്കോ, സാവിത്രി ലക്ഷ്മണൻ, മീനാക്ഷി തമ്പാൻ, ഗീതാ ഗോപി എന്നിവരുടെ പിൻഗാമിയാകുകയാണ് ബിന്ദു.

മണ്ഡലത്തിന്റെ ചരിത്രത്തിൽ ഇതിനു മുൻപു മത്സരിച്ച വനിത സിപിഎമ്മിലെ കെ.ആർ.വിജയ മാത്രം. 2011ൽ തോമസ് ഉണ്ണിയാടനെതിരെ മത്സരിച്ച വിജയ 56061 വോട്ടുകൾ നേടിയപ്പോൾ ബിന്ദു ഇക്കുറി 62,493 വോട്ടാണ് നേടിയത്. സിപിഎം ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്റെ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ആർ.ബിന്ദു എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്റെ ഭാര്യയാണ്. എംഫിൽ, പിഎച്ച്ഡി ബിരുദമുണ്ട്. കേരളവർമ കോളജിലെ ഇംഗ്ലിഷ് വിഭാഗം മേധാവിയും വൈസ് പ്രിൻസിപ്പലുമായിരുന്നു.

മത്സരത്തിനു മുൻപ് സ്വയം വിരമിക്കലിന് അപേക്ഷിച്ചു. സിപിഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗവും ഇരിങ്ങാലക്കുട നാഷനൽ ഹൈസ്കൂൾ മുൻ പ്രധാന അധ്യാപകനുമായ എൻ.രാധാകൃഷ്ണന്റെയും മണലൂർ ഗവ. ഹൈസ്കൂളിലെ പ്രധാന അധ്യാപികയായിരുന്ന കെ.ശാന്തകുമാരിയുടെയും മകൾ എന്ന നിലയിലും ബിന്ദു നാട്ടുകാർക്കു പരിചിതയാണ്. മകൻ വി.ഹരികൃഷ്ണൻ മഞ്ചേരി ജില്ലാ കോടതിയിൽ അഭിഭാഷകൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com