ബാർജ് ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ടയാളെ കുമ്പളം ടോൾ പ്ലാസയിൽ തടഞ്ഞുവച്ചു; പരാതി
Mail This Article
കൊച്ചി∙ മുംബൈ ബാർജ് ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ടു വീട്ടിലേക്കു മടങ്ങിയ മലയാളിക്ക് എറണാകുളം – ആലപ്പുഴ അതിർത്തിയിലെ കുമ്പളം ടോൾ പ്ലാസയിൽ ദുരനുഭവം. ചുഴലിക്കാറ്റിനിടെ പി-305 ബാർജിനൊപ്പം അറബിക്കടലിൽ മുങ്ങിയ വരപ്രദ എന്ന ടഗ് ബോട്ടിലെ ചീഫ് എൻജിനീയറായ ആലപ്പുഴ അരൂർ കൈതവേലിക്കകത്ത് ഫ്രാൻസിസ് കെ. സൈമണെ, ഫാസ്‍ടാഗിൽ ആവശ്യത്തിനു ബാലൻസ് ഇല്ലെന്നു പറഞ്ഞു ടോൾ പ്ലാസയിൽ അര മണിക്കൂറോളം തടഞ്ഞുവയ്ക്കുകയായിരുന്നു. ഇതുവഴി കടന്നുപോയ മന്ത്രി പി. രാജീവ് ഇടപെട്ടാണ‌് ഇദ്ദേഹത്തെ പോകാൻ അനുവദിച്ചത്.
മുംബൈയിലെ സംഭവം വിവരിച്ചിട്ടും ടോൾ പ്ലാസ ജീവനക്കാർ വാഹനം തടഞ്ഞിട്ടുവെന്നും മോശമായി പെരുമാറിയെന്നും ഫ്രാൻസിസ് കെ. സൈമൺ പറഞ്ഞു. മാസ്ക് ഇടാതെയാണ് ഒരു ജീവനക്കാരൻ ഇടപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
‘നെടുമ്പാശേരി വിമാനത്താവളത്തിൽ ബന്ധുക്കൾ എത്തിച്ച വാഹനത്തിലാണു ഞാൻ വീട്ടിലേക്കു മടങ്ങിയത്. കയ്യിലുള്ളതെല്ലാം അപകടത്തിൽ നഷ്ടപ്പെട്ടിരുന്നു. എങ്ങനെയെങ്കിലും വീട്ടിലെത്തിയാൽ മതിയെന്നായിരുന്നു. ഇതിനിടെയാണു കുമ്പളം ടോൾ പ്ലാസയിൽ അര മണിക്കൂറോളം തടഞ്ഞിട്ടത്. ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ടു വരുന്നയാളാണെന്നും കയ്യിൽ പൈസയില്ലെന്നും വീണ്ടും ഫാസ്ടാഗ് റീചാർജ് ചെയ്യുമ്പോൾ ടോൾ തുക ഓട്ടമാറ്റിക്കായി പിടിക്കുമെന്നുമൊക്കെ പറഞ്ഞിട്ടും ടോൾ ജീവനക്കാർ സമ്മതിച്ചില്ല. മലയാളിയായ ടോൾ ജീവനക്കാരനോടു മലയാളത്തിലും മറ്റുള്ളവരോടു ഹിന്ദിയിലും പറഞ്ഞു നോക്കി. ഒടുവിൽ, മന്ത്രി പി. രാജീവ് എത്തിയതു രക്ഷയായി.’ ഫ്രാൻസിസ് പറഞ്ഞു.