സൗഹൃദങ്ങൾ പൂത്തുലഞ്ഞു സിനിമ പിറന്ന ദിവസങ്ങൾ; ആന്റണി ഈസ്റ്റ്മാൻ ഓർമയായി
Mail This Article
ഇരിങ്ങാലക്കുട ∙ ചലച്ചിത്ര സംവിധായകൻ, നിർമാതാവ്, തിരക്കഥാകൃത്ത് നിശ്ചലഛായാഗ്രാഹകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ആന്റണി ഈസ്റ്റ്മാൻ(74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാവിലെ പതിനൊന്നോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. കുന്നംകുളം സ്വദേശിയായ ആന്റണി കൊറ്റനല്ലൂരിലായിരുന്നു താമസം. 1975ൽ എറണാകുളം കലൂരിൽ ഇൗസ്റ്റ്മാൻ എന്ന പേരിൽ സ്റ്റുഡിയോ ആരംഭിച്ചതോടെയാണു സിനിമാ ജീവിതം ആരംഭിച്ചത്. 1976ൽ പുറത്തിറങ്ങിയ, പി.എ.ബക്കറിന്റെ മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണു നിശ്ചലഛായാഗ്രാഹകനായത്.
സംവിധായകരായ ഐ.വി.ശശി, പി.ജി.വിശ്വംഭരൻ, കെ.ജി.ജോർജ് എന്നിവർക്കൊപ്പം പ്രവർത്തിച്ചു. 1980ൽ സോമൻ നായകനായ വയൽ, സുരേഷ് ഗോപി നായകനായ നേരുന്നു നന്മകൾ, അമ്പട ഞാനേ, മൃദുല എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. അക്ഷരം സിനിമയിൽ എക്സിക്യൂട്ടീവ് നിർമാതാവായി. പാർവതീ പരിണയം ആണ് ഇൗസ്റ്റ്മാൻ കമ്പനിയുടെ ആദ്യ സിനിമ. രചന, ഇൗ തണലിൽ ഇത്തിരി നേരം, ഇൗ ലോകം ഇവിടെ കുറെ മനുഷ്യർ, തസ്കരവീരൻ, ക്ലൈമാക്സ്, മാണിക്യൻ തുടങ്ങിയ ചിത്രങ്ങൾക്ക് കഥ എഴുതിയത് ആന്റണിയാണ്.
‘മൃദുല’ എന്ന ചിത്രത്തിന്റെ തിരകഥാകൃത്തായിരുന്നു. ‘നീ എവിടെയായിരുന്നു’ എന്ന പുസ്തകം എഴുതിയിട്ടുണ്ട്. കുന്നംകുളം ചൊവന്നൂർ മുരിങ്ങാത്തേരി കുര്യാക്കോസ്–മാർത്താ ദമ്പതികളുടെ മകനാണ്. ഭാര്യ. മേരി, മക്കൾ: ഗഞ്ചി (ഹൗസിങ് ഡിസൈനർ), മിനി. മരുമക്കൾ: സിജി തൈവളപ്പിൽ, ജോസ് കാളിങ്കര. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കടുപ്പശ്ശേരി തിരുഹൃദയ പള്ളിയിൽ.
മഹാസൗഹൃദങ്ങളുടെ ആന്റണി
സൗഹൃദങ്ങൾ പൂത്തുലഞ്ഞു സിനിമ പിറന്ന ദിവസങ്ങളിൽ കർട്ടനു പുറകിലായി മിക്കപ്പോഴും ആന്റണി ഈസ്റ്റ്‌മാനുമുണ്ടായിരുന്നു. അപൂർവമായി മാത്രം പുറത്തുവന്നു സ്വന്തം പേര് തിരശീലയിൽ എഴുതിച്ചേർത്തു. എഴുപതുകളുടെ തുടക്കത്തിൽ എറണാകുളം കേന്ദ്രീകരിച്ചു തുടങ്ങിയ കൂട്ടായ്മ മലയാള സിനിമയിലെ ശ്രദ്ധേയരായ പലരുടെയും കളരിയായിരുന്നു. ഇവരെയെല്ലാം ഇണക്കി നിർത്തിയിരുന്ന പ്രധാന കണ്ണിയായിരുന്നു ആന്റണി .
നിശ്ചല ഛായാഗ്രാഹകനായ ആന്റണി പിന്നീടു കഥയും തിരക്കഥയുമെഴുതി. നിർമാതാവും സംവിധായകനുമായി. ജോൺപോൾ, നെടുമുടി വേണു, ഇന്നസന്റ്,സംവിധായകൻ മോഹൻ, ഡേവിഡ് കാച്ചപ്പള്ളി, സംഗീത സംവിധായകൻ ജോൺസൺ, കലൂർ ഡെന്നിസ് എന്നിവരുടെയെല്ലാം കളരി ഇതായിരുന്നു. ദേവരാജനു വയലിൻ വായിക്കാനെത്തിയ ജോൺസണെ ഈ കൂട്ടുകെട്ടിൽ സജീവമാക്കിയതും പിന്നീടു സംഗീത സംവിധായകനായി ഉയർത്തിയതും ആന്റണിയാണ്. കഥകൾ വായിക്കുകയും ചർച്ച ചെയ്യുകയുമായിരുന്നു ഈ കൂട്ടായ്മയുടെ പ്രധാന ദൗത്യം. ഈ അരങ്ങിലേക്ക് ഇന്ന് അറിയപ്പെടുന്നവരും അറിപ്പെടാത്തവരുമായി ഏറെപ്പേരെത്തി.
സിൽക്ക് സ്മിത ഗ്ലാമർ താരമായി നിറഞ്ഞു നിൽക്കെ ചെന്നൈയിൽ പോയി അവരെക്കണ്ടു നല്ല വേഷം ചെയ്യണമെന്നു നിർബന്ധിച്ചു മലയാളത്തിലേക്കു കൊണ്ടുവന്നു. ജോൺസണെ സംഗീത സംവിധായകനാക്കാൻ ആന്റണി ഏറെ പരിശ്രമിച്ചിരുന്നുവെന്നു ഈ കൂട്ടുകെട്ടിൽ പങ്കാളിയായിരുന്ന ഡേവിസ് കാച്ചപ്പള്ളി ഓർക്കുന്നു. മിക്ക കഥാ, തിരക്കഥാ ചർച്ചയിലും ആന്റണിയുണ്ടാകും. എഴുപതുകളിലെ ശ്രദ്ധേയമായ പല സിനിമകളുടേയും ആദ്യ കേൾവിക്കാരൻ. മരണം വരെയും അദ്ദേഹം സിനിമയിലെ സൗഹൃദം സൂക്ഷിച്ചു.
മരിക്കുന്നതിന്റെ തലേദിവസവും കലൂർ ഡെന്നിസുമായി ഏറെനേരം സംസാരിച്ചു. ഇടവേള ബാബുവിനെ വിളിച്ചു പഴയ ഓർമകൾ പങ്കിട്ടു. ഒരാഴ്ച മുൻപു നിർമാതാവ് ഈരാളിയെ വിളിച്ചു പുതിയ സിനിമയെക്കുറിച്ചു സംസാരിച്ചു. മാറ്റത്തിന്റെ പുതിയ സിനിമകൾ വരണമെന്നു മാത്രം അദ്ദേഹം സ്വപ്നം കണ്ടു. ആ സ്വപ്നത്തിലൊന്നും സ്വന്തം മുഖമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അപൂർവമായി മാത്രമേ സ്വന്തം സിനിമയെക്കുറിച്ചു ചിന്തിച്ചുള്ളു.