ഇരുൾ വിഴുങ്ങി,ഈ ഊരിനെ; 23 ആദിവാസി കുടുംബങ്ങൾ വൈദ്യുതി ലഭിക്കാതെ ദുരിതത്തിൽ
Mail This Article
അതിരപ്പിള്ളി∙ തവളക്കുഴിപ്പാറ വനമേഖലയിലേക്കു കുടിയേറിയ ആനക്കയം ഊരുനിവാസികളായ 23 ആദിവാസി കുടുംബങ്ങൾ വൈദ്യുതി ലഭിക്കാതെ ദുരിതത്തിൽ. മാർച്ച് ആദ്യപകുതിയിലാണ് മുതിർന്നവരും കുട്ടികളുമടക്കം 80 പേരടങ്ങുന്ന ഊരുനിവാസികൾ തവളക്കുഴിപ്പാറ ആദിവാസി ഊരിനു സമീപം താമസമാക്കിയത്. 2018 ലെ പ്രകൃതി ദുരന്തത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവരാണ് പുനരധിവാസം വൈകിയതോടെ കുടിയേറിപ്പാർത്തത്.
പരമ്പരാഗത രീതിയിൽ കുടിൽ കെട്ടി താമസിക്കുന്ന ഇക്കൂട്ടർ നേരിടുന്ന പ്രധാന പ്രശ്‌നം വന്യജീവി ആക്രമണഭീഷണിയാണ്. രാത്രിയിൽ വിളക്കുകൾ അണയുന്നതോടെ ആനയടക്കമുള്ള മൃഗങ്ങൾ ഇവരുടെ വീടുകളുടെ മുറ്റം വരെയെത്തും. 2 സോളർ പാനലുകളിൽ നിന്നു ലഭിക്കുന്ന വൈദ്യുതിയാണ് ഊരിൽ വെളിച്ചം പകരുന്നത്. റേഷൻ കടകളിൽ നിന്നു ലഭിക്കുന്ന 2 ലീറ്റർ മണ്ണെണ്ണ ഒരാഴ്ച ഉപയോഗിക്കാൻ പോലും തികയാറില്ല.
മഴക്കാറുള്ള ദിവസങ്ങളിൽ സോളർ പാനലുകളുടെ പ്രവർത്തനവും നിലയ്ക്കും. വെളിച്ചമില്ലാത്ത രാത്രികളിൽ ഉറക്കം വെടിഞ്ഞ് വന്യമൃഗങ്ങളെ ഭയന്നാണ് കഴിയുന്നത്.
തവളക്കുഴിപാറ കോളനി റോഡിനു ഇരുവശത്തുമായി കഴിയുന്ന ഇവരുടെ ഊരിലൂടെയാണ് മറ്റൊരു കോളനിയിലേക്കു വൈദ്യുതി കൊണ്ടു പോകുന്നത്. വീട്ടുമുറ്റത്ത് വൈദ്യുതിക്കാലുകൾ ഉണ്ടെങ്കിലും വഴിവിളക്കു പോലുമില്ലാതെ ഇരുളിൽ കഴിയുകയാണ് ഊരുനിവാസികൾ.