ADVERTISEMENT

തൃശൂർ ∙ സ്വന്തം നാടിന്റെ ഭൂപടവിവരങ്ങൾ വിരൽത്തുമ്പിൽ ലഭിക്കാൻ ഇനി ഗൂഗിൾ മാപ്പിനെ ആശ്രയിക്കണമെന്നില്ല. ജനകീയ ഭൂപടമായ ‘മാപ് കേരള’യുടെ കന്നിപ്പതിപ്പ് കേരളപ്പിറവി ദിനത്തിൽ പുറത്തിറങ്ങുന്നു. ഒറ്റ ക്ലിക്കിൽ ഡൗൺലോഡ് ചെയ്തും മാപ് ഉപയോഗിക്ക‍ാം. തദ്ദേശ സ്ഥാപന തലത്തിൽ തയാറാക്കിയ മാപ്പിൽ ചുറ്റുവട്ടത്തെ ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ, റോഡുകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ, പെട്രോൾ പമ്പ്, ടാക്സി തുടങ്ങിയ വിവരങ്ങൾ അറിയാം.

www.map.opendatakerala.org എന്ന വിലാസത്തിൽ ഡേറ്റ പോർട്ടലിന്റെ പ്രാഥമിക പതിപ്പാണ് പുറത്തിറക്കുന്നത്. തെറ്റായ വിവരങ്ങളും വിട്ടുപോയവയും പൊതുജനങ്ങൾക്കു കൂട്ടിച്ചേർക്കാം എന്നതാണു പ്രത്യേകത. സ്വതന്ത്ര ഭൂപട പദ്ധതിയായ ഓപ്പൺ സ്ട്രീറ്റ് മാപ്പിന്റെ സഹായത്തോടെ ഓപ്പൺ ഡേറ്റ കേരള കമ്യൂണിറ്റിയാണു കഴി‍ഞ്ഞ 10 വർഷത്തെ നിരന്തര ശ്രമഫലമായി ഭൂപട വിവരങ്ങൾ വരച്ചുചേർത്തത്. സംസ്ഥാനത്തെ 1200ലേറെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

വാർഡ് തലത്തിൽ അതിരുകൾ വരയ്ക്കുന്ന സങ്കീർണ ജോലികൾ പകുതിയോളം പൂർത്തിയാക്കി. ലഭ്യമായ സേവനങ്ങൾക്കു പുറമെ കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള പരിഷ്കരിച്ച പതിപ്പും ഉടൻ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കമ്യൂണിറ്റി പ്രവർത്തകർ. കോവിഡ് വ്യാപനം നിരീക്ഷിക്കുന്നതിനും തിരഞ്ഞെടുപ്പു കാലത്തെ വിവരങ്ങൾ ചിത്രീകരിക്കുന്നതിനും ഗവേഷണസ്ഥാപനങ്ങളും മാധ്യമങ്ങളും ഈ സ്വതന്ത്ര ഭൂപടങ്ങളെയാണ് ആശ്രയിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com