വിനോദം പകൽവെളിച്ചത്തിൽ പിന്നെ ഇരുളിലാണീ പാർക്ക്
Mail This Article
ചാലക്കുടി ∙ പുതുവത്സരാഘോഷങ്ങൾക്കായി ദീപപ്രഭയിൽ തിളങ്ങിയ നഗരസഭ കലാഭവൻ മണി പാർക്ക് വീണ്ടും ഇരുളിൽ. പലരും മൊബൈൽ ഫോണിന്റെ വെളിച്ചത്തിലാണ് പാർക്കിലെ സേവനങ്ങൾ ഉപയോഗപ്പെടുത്തിയത്. താൽക്കാലികമായി ലഭിച്ച ജനറേറ്റർ ഉപയോഗിച്ചുള്ള വൈദ്യുത സംവിധാനം നിർത്തലാക്കിയതോടെയാണു പാർക്കിൽ വെളിച്ചം ഇല്ലാതായത്. 4 കോടി രൂപ ചെലവാക്കി നിർമിച്ച പാർക്ക് ഇതുകാരണം പകൽവെളിച്ചമില്ലാതായാൽ ഉപയോഗിക്കാനാകാത്ത അവസ്ഥയാണ്.
ഉദ്ഘാടനം കഴിഞ്ഞ് ഏറെക്കാലം അടച്ചിട്ടിരുന്ന പാർക്ക് പ്രഭാത, സായാഹ്ന സവാരികൾക്കായി രാവിലെ 5 മുതൽ 8 വരെയും വൈകിട്ട് 4 മുതൽ 7 വരെയും സമയക്രമം നിശ്ചയിച്ചാണ് തുറന്നത്. എന്നാൽ പുലർച്ചെയും സന്ധ്യയ്ക്കും ഇരുട്ടിൽ മൂടിയ പാർക്ക് ഉപയോഗിക്കാനാകാത്ത അവസ്ഥയാണ്. താൽക്കാലികമായി ജനറേറ്റർ സംവിധാനം ഏർപെടുത്തിയതോടെ പ്രതിദിനം 6000 രൂപ വീതമാണ് ഇന്ധനചെലവായി മാത്രം വേണ്ടി വന്നത്. കൂടാതെ വാടകയും നൽകണം.
റിഫ്രാക്റ്ററീസ് കമ്പനിയുടെ ഭൂമി വ്യവസായ വകുപ്പ് റവന്യു വകുപ്പിനും റവന്യു വകുപ്പ് നഗരസഭയ്ക്കും കൈമാറിയതോടെയാണ് പാർക്ക് നിർമാണം ആരംഭിച്ചത്.കെഎസ്ഇബിയുടെ വൈദ്യുത കണക്‌ഷൻ ലഭിക്കാത്തതാണു പുതിയ പ്രതിസന്ധിക്കു കാരണം. 30 വർഷം മുൻപ് കമ്പനി പ്രവർത്തിച്ചിരുന്ന കാലത്ത് വൈദ്യുത കുടിശികയായി നൽകാനുണ്ടായിരുന്ന 56 ലക്ഷം രൂപ അടച്ച ശേഷമേ വൈദ്യുത കണക്‌ഷൻ നൽകാനാകൂ എന്നാണ് കെഎസ്ഇബി അറിയിച്ചത്.
ഈ പ്രതിസന്ധി മറികടക്കാൻ സർക്കാർ ഇടപെടലിനു നഗരസഭ ശ്രമം നടത്തുന്നുണ്ട്. മന്ത്രിക്കും കെഎസ്ഇബി അധികൃതർക്കും നിവേദനം നൽകി പ്രശ്ന പരിഹാരത്തിനു കാത്തിരിക്കുകയാണ് നഗരസഭ. വൈദ്യുത കണക്‌ഷൻ ലഭിച്ചാലും പാർക്കിൽ നടത്തേണ്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കോടിക്കണക്കിനു രൂപ ചെലവിടേണ്ടി വരും.