കുന്നംകുളം പൊലീസ് സ്റ്റേഷൻ, കെട്ടിടത്തിന് ഒരു നില കൂടി: 99 ലക്ഷത്തിന്റെ ഭരണാനുമതി
Mail This Article
കുന്നംകുളം ∙ നിർമാണത്തിലുള്ള പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന് ഒരു നില കൂടി നിർമിക്കാനും അനുബന്ധ പ്രവൃത്തികൾക്കും 99 ലക്ഷം രൂപ അനുവദിച്ചു. എ.സി. മൊയ്തീൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുകയ്ക്കാണ് ഭരണാനുമതി ലഭിച്ചത്.
പട്ടണത്തിൽ തൃശൂർ റോഡിലുണ്ടായിരുന്ന പഴയ കെട്ടിടം പൂർണമായും പൊളിച്ചു നീക്കി പണിയുന്ന ഇരുനില പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. ഇവിടെ നിന്ന് ഗുരുവായൂർ റോഡിലെ വാടക കെട്ടിടത്തിലേക്ക് മാറ്റിയാണ് ഇപ്പോൾ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.
സംസ്ഥാനത്ത് ആദ്യമായി എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന ഈ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന് 1.5 ( ഒന്നര) കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഈ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കിയാൽ പൊലീസ് സ്റ്റേഷൻ ഇവിടേക്കു മാറ്റും. അതിനു ശേഷമാണ് ഇപ്പോൾ അനുവദിച്ച തുക ഉപയോഗിച്ച് മുകൾ നില നിർമിക്കുന്നത്.
ഹൈടെക് സ്റ്റേഷൻ
ഹൈടെക് സൗകര്യങ്ങളാണ് പുതിയ പൊലീസ് സ്റ്റേഷനിൽ ഒരുക്കിയിരിക്കുന്നത്. ജില്ലയിൽ 3 ലോക്കപ്പുകളുള്ള ആദ്യ പൊലീസ് സ്റ്റേഷനാണിത്. ജന സൗഹൃദ പൊലീസ് സ്റ്റേഷനാക്കാൻ വിപുലമായ സൗകര്യങ്ങൾ ഉണ്ട്. കുട്ടികൾക്കും സ്ത്രീകൾക്കും വിശ്രമിക്കാൻ പ്രത്യേക ഹാൾ സജ്ജമാക്കി.
പ്രതികളെ ചോദ്യം ചെയ്യുന്നതിനും കേസ് അന്വേഷണത്തിനും ശാസ്ത്രീയ സൗകര്യങ്ങൾ ഈ സ്റ്റേഷനിൽ ക്രമീകരിക്കുന്നുണ്ട്. പൂന്തോട്ടം, പാർക്കിങ് തുടങ്ങിയവയും ഒരുക്കുന്നുണ്ട്. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണം കരാറെടുത്തിരിക്കുന്നത്.