ഗുരുവായൂർ: കൊമ്പൻ ഇന്ദ്രസെന്നിനെ വിദഗ്ധ സമിതി പരിശോധിച്ചു
Mail This Article
ഗുരുവായൂർ ∙ ദേവസ്വത്തിന്റെ കൊമ്പൻ ഇന്ദ്രസെന്നിന്റെ പല്ലുകളുടെ തേയ്മാനമാണ് ആരോഗ്യപ്രശ്നത്തിനു കാരണമെന്ന് വിദഗ്ധസമിതി കണ്ടെത്തി. ഇതുമൂലം തീറ്റ ചവച്ചരച്ചു കഴിക്കുന്നില്ല. രക്തം, ആന പിണ്ടം എന്നിവയുടെ പരിശോധനാഫലം തൃപ്തികരമാണ്. ആനയ്ക്ക് നടക്കാനും കിടക്കാനും ബുദ്ധിമുട്ടില്ല. രണ്ടു പല്ലുകൾ തേഞ്ഞു ദശ കയറിയനിലയിലാണ്. ഇതു തീറ്റയെ ബാധിക്കുന്നതിനാൽ പോഷകാംശം കുറയുന്നു. 4 തവണ എരണ്ടക്കെട്ട് വന്നതിനാൽ വയറ്റിൽ വ്രണങ്ങൾ ഉണ്ടാകാം.
ഇതിനെല്ലാം മരുന്ന് നിർദേശിച്ചു. ആഴ്ചയിൽ ഒരിക്കൽ ആനയെ പരിശോധിക്കും. പനമ്പട്ടയുടെ അളവ് കുറയ്ക്കും. അരിഞ്ഞ് ചെറുതാക്കിയ പുല്ല്, വാഴപ്പിണ്ടി, കേക്ക് രൂപത്തിലുള്ള പോഷകാഹാരം, ച്യവനപ്രാശം, ഗ്ലൂക്കോസ്, വൈറ്റമിൻ ഗുളികകൾ എന്നിവ നൽകും. ചികിത്സ മേൽനോട്ടത്തിനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു.
അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, ആന വിദഗ്ധ സമിതി അംഗങ്ങളായ മണ്ണുത്തി വെറ്ററിനറി കോളജ് പ്രഫസർ ഡോ. ടി.എസ്.രാജീവ്, ഡോ.വിവേക്, ആയുർവേദ വിദഗ്ധൻ ദേവൻ നമ്പൂതിരി ,ദേവസ്വം വെറ്ററിനറി സർജൻമാരായ ഡോ. ചാരുജിത്, ഡോ.പ്രശാന്ത് എന്നിവർ പങ്കെടുത്തു.