ദീർഘദൂര ബസുകളുടെ സമയനഷ്ടം പരിഹരിക്കുക ലക്ഷ്യം; ബൈപാസ് ഫീഡർ സർവീസ് തുടങ്ങാൻ കെഎസ്ആർടിസി
Mail This Article
തൃശൂർ ∙ ദീർഘദൂര ബസുകളുടെ യാത്രാസമയം കുറയ്ക്കുന്നതിനും സ്റ്റാൻഡിൽ ഇറങ്ങുന്ന യാത്രക്കാരെ പ്രധാന പോയിന്റുകളിൽ എത്തിക്കുന്നതിനുമായി കെഎസ്ആർടിസി ബൈപാസ് ഫീഡർ ബസുകൾ ഒരുക്കുന്നു. തൃശൂർ ഡിപ്പോയ്ക്ക് 5 ബസുകളാണ് ഇതിലേക്കായി കിട്ടിയിരിക്കുന്നത്. ഇവ എങ്ങനെയൊക്കെ ഉപയോഗപ്പെടുത്തണമെന്നതിൽ തീരുമാനമായിട്ടില്ല. ദീർഘദൂര ബസുകൾ ചെറിയ സ്റ്റാൻഡുകളിൽ കയറുന്നതു വഴി ഉണ്ടാവുന്ന സമയനഷ്ടം ഒഴിവാക്കാനാവും എന്നതാണ് ബൈപാസ് ഫീഡറിന്റെ പ്രധാന മെച്ചം. വൈറ്റില സ്റ്റാൻഡ് വിട്ടാൽ തൃശൂരിൽ മാത്രം കയറാവുന്ന വിധമാവും ദീർഘദൂര സൂപ്പർ ഫാസ്റ്റ് ബസുകൾ പോകുക.
ഈ സമയം ദേശീയപാതയിൽ ഇറങ്ങുന്ന യാത്രക്കാരെ സ്റ്റാൻഡുകളിൽ എത്തിക്കുന്നതിനാണ് ബൈപാസ് ഫീഡർ ഉപയോഗിക്കുക. തൃശൂർ– കോഴിക്കോട് റൂട്ടിൽ തിരക്കേറിയ പല നഗരങ്ങളിലെ സ്റ്റോപ്പും സൂപ്പർ ഫാസ്റ്റ് ബസുകൾക്ക് ഒഴിവാക്കാനാവും. ബസ് കടന്നുപോകുന്ന പോയിന്റിലേക്ക് സ്റ്റാൻഡിൽ നിന്ന് യാത്രക്കാരെ എത്തിക്കാനും ബൈപാസ് ഫീഡറുകൾ പ്രയോജനപ്പെടുത്തും. ഓരോ ബസിലെ സീറ്റിന്റെ ലഭ്യത സംബന്ധിച്ച് കണ്ടക്ടർമാരുമായി ഫോണിൽ സംസാരിച്ച് സ്റ്റാൻഡിലെ യാത്രക്കാരെ അറിയിക്കുന്നതിന് ഒരാളെ ചുമതലപ്പെടുത്തും.
സീറ്റിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് മാത്രം യാത്രക്കാർ സ്റ്റാൻഡിൽ നിന്ന്, ബസ് കടന്നുപോകുന്ന പോയിന്റിലേക്ക് എത്തിയാൽ മതി. എന്നാൽ, തൃശൂർ ഡിപ്പോയ്ക്കു കിട്ടിയ ഫീഡർ ബസുകൾ ഡിപ്പോയിൽ വന്നിറങ്ങുന്ന യാത്രക്കാരെ നഗരത്തിന്റെ മറ്റു പോയിന്റുകളിൽ എത്തിക്കുന്നതിനും ഉപയോഗപ്പെടുത്തുമെന്ന് ഡിടിഒ വി.എം. താജുദ്ദീൻ പറഞ്ഞു. വടക്കേ സ്റ്റാൻഡ്, ശക്തൻ സ്റ്റാൻഡ്, സ്വരാജ് റൗണ്ടിലെ വിവിധ സ്റ്റോപ്പുകൾ എന്നിവിടങ്ങളിൽ യാത്രക്കാരെ കുറഞ്ഞ നിരക്കിൽ എത്തിക്കാൻ കഴിയുമെന്നാണു കണക്കാക്കുന്നത്.
വിവിധയിടങ്ങളിൽ നിന്നുള്ള ബസുകൾ സ്റ്റാൻഡിൽ എത്തും മുൻപു തന്നെ നഗരത്തിന്റെ മറ്റിടങ്ങളിലേക്ക് പോകാനുള്ള യാത്രക്കാരുടെ എണ്ണം ഫോണിൽ മനസ്സിലാക്കി ബൈപാസ് ഫീഡറിനെ സജ്ജമാക്കി നിർത്തുന്നതിന്റെ ഏകോപനച്ചുമതലയുമായി ഒരു ജീവനക്കാരനെയും നിയോഗിക്കും. ദീർഘദൂര യാത്രക്കാർക്ക് സമയലാഭവും സ്റ്റാൻഡിൽ ഇറങ്ങിക്കഴിഞ്ഞാൽ ലക്ഷ്യ സ്ഥാനത്തേക്ക് യാത്രാസൗകര്യവും ഉറപ്പാക്കുന്നതാവും ബൈപാസ് ഫീഡർ എന്നതിനാൽ വലിയ സ്വീകാര്യത ലഭിക്കും എന്നാണ് കെഎസ്ആർടിസി അധികൃതർ കണക്കാക്കുന്നത്. പ്രവർത്തനം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും മുൻപ് യോഗങ്ങൾ നടക്കാനുണ്ട്.