പൂൾ നവീകരിച്ചപ്പോഴും ഓർത്തില്ല, മേൽക്കൂരയെ; ഇനി തീയിൽ നീന്തണോ ?
Mail This Article
അക്വാറ്റിക് കോംപ്ലക്സിലെ പവിലിയനു മേൽക്കൂരയില്ല. നീന്തൽ മത്സരത്തിനെത്തുന്ന താരങ്ങളും കോച്ചുമാരുമെല്ലാം പൊരിവെയിലത്താണ് ഇരിപ്പ്. കുട്ടികൾ നീന്തേണ്ടി വരുന്നത് ചൂടേറിയ വെള്ളത്തിലും..
തൃശൂർ ∙ വെയിലത്തു വച്ച വറചട്ടിയുടെ അവസ്ഥയിലാണ് അക്വാറ്റിക് കോംപ്ലക്സിലെ നീന്തൽക്കുളം. പവിലിയനു മേൽക്കൂരയില്ലാത്തതിനാൽ പകൽ മുഴുവനും ചുട്ടുപൊള്ളുന്ന അവസ്ഥയിലാണു പൂളും പരിസരവും. കഴിഞ്ഞ ദിവസം അക്വാറ്റിക് കോംപ്ലക്സിൽ ആരംഭിച്ച സംസ്ഥാന നീന്തൽ മത്സരത്തിനെത്തിയ താരങ്ങളും പരിശീലകരും പരാജയത്തേക്കാൾ ഭയന്നതു സൂര്യാതപത്തെയാണ്. പവിലിയന്റെ മൂലയിലൊരുക്കിയ ചെറിയൊരു പന്തലൊഴിച്ചാൽ കൊടുംവെയിലിലാണു പൂളും പരിസരവും. പവിലിയനു മേൽക്കൂര ഒരുക്കാൻ സ്പോർട്സ് കൗൺസിൽ പദ്ധതിനിർദേശം സമർപ്പിച്ചിരുന്നെങ്കിലും ചെലവേറുമെന്നതിനാൽ സർക്കാർ സമ്മതം മൂളിയിട്ടില്ല.
രാജ്യാന്തര നിലവാരത്തിലേക്ക് അക്വാറ്റിക് കോംപ്ലക്സിനെ ഉയർത്തി സ്പോർട്സ് ഹബ് ആക്കാൻ നേരത്തെ പദ്ധതി തയാറാക്കിയെങ്കിലും നടപ്പായില്ല. 4 വർഷം മുൻപ് 6 കോടി രൂപ ചെലവഴിച്ചു നീന്തൽക്കുളം നവീകരിച്ചെങ്കിലും പവിലിയനു മേൽക്കൂര ഒരുക്കണമെന്ന നിർദേശം മാത്രം മുങ്ങിപ്പോയി. പൂളിന്റെ ഇരുകരയിലെയും പവിലിയനു മേൽക്കൂര ഒരുക്കാൻ കോടിക്കണക്കിനു ചെലവു വരുമെന്നതാണു സർക്കാരിനെ പിന്നോട്ടു വലിക്കുന്നത്. പരിശീലകർക്കായി ഇരു ഭാഗങ്ങളിലും 3 മീറ്റർ നീളത്തിൽ ചെറിയ പവിലിയൻ ഒരുക്കാൻ ഒടുവിൽ ആലോചന വന്നെങ്കിലും 3 ലക്ഷം രൂപ ചെലവാകുമെന്നു കണക്കാക്കിയതോടെ അതും തള്ളിപ്പോയി.
മെയിൻ പൂളും 2 പവിലിയനുകളും മൂടുന്ന തരത്തിൽ വലിയൊരു മേൽക്കൂര സ്ഥാപിച്ചാൽ ഇൻഡോർ പൂളിന്റെ തലത്തിലേക്ക് അക്വാറ്റിക് കോംപ്ലക്സിനെ ഉയർത്താൻ കഴിയുമെന്നു നിർദേശമുണ്ടെങ്കിലും ഇതിനും സർക്കാർ സഹായം അനിവാര്യം. സംസ്ഥാന നീന്തൽ മത്സരത്തിനായി പൂളിലെത്തിയ താരങ്ങളെയും പരിശീലകരെയും വലയ്ക്കുന്നതു കൊടുംവെയിൽ മാത്രമല്ല. വെയിലേറ്റു പൂളിലെ വെള്ളം ചൂടാകുന്നതോടെ നീന്തലും ശ്രമകരമായി മാറുന്നു.
പൂൾ നവീകരിച്ചപ്പോഴും ഓർത്തില്ല, മേൽക്കൂരയെ
1987–ൽ ദേശീയ ഗെയിംസിനായി നിർമിച്ചതാണു തൃശൂർ അക്വാറ്റിക് കോംപ്ലക്സ്. ടൈലുകൾ പൊട്ടിപ്പൊളിഞ്ഞും പായൽ നിറഞ്ഞും ശോചനീയാവസ്ഥയിലായ പൂൾ 4 വർഷം മുൻപാണ് 6 കോടി രൂപ ചെലവഴിച്ചു നവീകരിച്ചത്.
നീന്തൽക്കുളവും ഡൈവിങ് പൂളും നന്നാക്കിയതിനു പുറമെ ജലശുദ്ധീകരണത്തിനു സ്പാനിഷ് ഫിൽറ്റർ ഉപയോഗിച്ചുള്ള ഓസോണേറ്റഡ് സാങ്കേതികവിദ്യയും ഒരുക്കി. പക്ഷേ, പവിലിയനു മേൽക്കൂര ഒരുക്കണമെന്ന ആവശ്യം അപ്പോഴും പരിഗണിക്കപ്പെട്ടില്ല.