ഒന്നര ഏക്കറോളം ചുറ്റളവുള്ള പാറക്കെട്ടുകളും പാറയിടുക്കിലെ ഗുഹയും; വിനോദ കേന്ദ്രമാകാൻ ഒരുങ്ങി പെരുംപാറ
Mail This Article
വെള്ളിക്കുളങ്ങര∙ കോടശേരി പഞ്ചായത്തിലെ കോർമലയോടു ചേർന്ന പെരുംപാറ എന്ന പ്രകൃതി മനോഹരമായ സ്ഥലം വിനോദസഞ്ചാര കേന്ദ്രമാക്കണമെന്ന ആവശ്യം ശക്തമാവുന്നു. കോർമല വാരൻകുഴിയിൽ നിന്ന് മൂന്ന് കിലോമീറ്റർ വനത്തിലൂടെ പോയാൽ സൗന്ദര്യത്താൽ അനുഗ്രഹീതമായ പെരുംപാറയിലെത്താം. ഒന്നര ഏക്കറോളം ചുറ്റളവുള്ള വലിയ പാറക്കെട്ടുകളും, പാറയിടുക്കിലെ ഗുഹയും ചേർന്ന സ്ഥലമായതിനാലാണ് പെരുംപാറ എന്നറിയപ്പെടുന്നത്. 25 അടിയോളം ഉയരമുള്ള പാറക്കെട്ടിന് ചുറ്റും സുന്ദരമായ പുൽത്തകിടിയും, കുറ്റിക്കാടുകളും സന്ദർശകരെ ഏറെ ആകർഷിക്കുന്നു.
ഈ കാനന ഭംഗി ആസ്വദിക്കാനും ക്യാമറയിൽ പകർത്താനും ഒട്ടേറെപ്പേർ പെരുംപാറയിലെത്തിയിരുന്നു. എന്നാൽ ഇവിടേയ്ക്കുളള വഴി ഇപ്പോൾ കാട് മൂടി കിടക്കുകയാണ്. സന്ദർശകർക്ക് ഇവിടെ എത്താൻ വനം വകുപ്പിന്റെ അനുമതിയും വേണം. ഒട്ടേറെ വിനോദ സഞ്ചാരികൾ എത്തിയിരുന്ന ഇവിടേക്കുള്ള വഴി ദുർഘടമായതിനാൽ വിനോദ സഞ്ചാരികളുടെ എണ്ണം കുറഞ്ഞു പോയി. വനം വകുപ്പിന്റെ കീഴിലുള്ള ഈ വലിയ പാറക്കെട്ട് വിനോദ സഞ്ചാരകേന്ദ്രമാക്കി മാറ്റുന്നതിനുളള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
കോടശ്ശേരി പഞ്ചായത്തിൽ ഒരു വിനോദ സഞ്ചാരകേന്ദ്രമെന്ന പഞ്ചായത്തിന്റെയും, നാട്ടുകാരുടെയും ആവശൃത്തിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് കെപിസിസി ന്യൂനപക്ഷ സെൽ കോടശ്ശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പരിയാരം ബ്ലോക്ക് സെക്രട്ടറി ഡേവിസ് മുളക്കാമ്പിളളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം.ജോസ് അധ്യക്ഷത വഹിച്ചു. കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഡെന്നി വർഗീസ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.വി. ആന്റണി, ടി.എൽ.ദേവസി, വിൻസന്റ് പുല്ലോക്കാരൻ, ഓമന ജോസ് എന്നിവർ പ്രസംഗിച്ചു.