രോഗികൾ കാത്തിരിക്കട്ടെ; ആംബുലൻസ് ഓഫിസ് ആവശ്യത്തിന്
Mail This Article
മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആംബുലൻസുകൾ രോഗികൾക്ക്് ആവശ്യത്തിന് വിട്ടു കൊടുക്കാതെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായി പരാതി. ആകെ രണ്ട് ആംബുലൻസുകളാണ് ഉള്ളത്. ഇവയിൽ ഒന്ന് ഇന്നലെ ഷൊർണൂർ കുളപ്പുള്ളിയിലുള്ള സർക്കാർ പ്രസിൽ നിന്ന് പുസ്തകങ്ങളും റജിസ്റ്ററുകളും കൊണ്ടുവരുന്നതിന് ഉപയോഗിച്ചെന്നാണ് ആരോപണ.
ആംബുലൻസുകൾക്കു വേണ്ടി രോഗികൾ കാത്ത് നിൽക്കുമ്പോഴാണ് ലോഡ് കയറ്റിക്കൊണ്ടു വരുവാൻ ഉദ്യോഗസ്ഥൻ അയച്ചതെന്നാണ് ആരോപണം. ആംബുലൻസുകൾ രോഗികളുടെ യാത്രക്കല്ലാതെ ഉപയോഗിക്കുന്നതിന് വിലക്കുള്ളപ്പോഴാണ് പരസ്യമായ നിയമ ലംഘനം നടക്കുന്നത്. ഡ്രൈവർമാർക്ക് മതിയായ രേഖകൾ ഒപ്പിട്ടു നൽകാതെയാണ് ഈ നിയമ ലംഘനത്തിന് അധികൃതർ പ്രേരിപ്പിക്കുന്നത്.
സ്ഥിരം ഡ്രൈവർമാർ വിസമ്മതിച്ചാൽ താൽക്കാലികക്കാരെ ഏൽപിക്കും. ആദിവാസി രോഗികളാണ് പലപ്പോഴും ആംബുലൻസ് കിട്ടാതെ മണിക്കൂറുകളോളം ആശുപത്രി വരാന്തയിൽ കാത്തു നിൽക്കേണ്ടി വരുന്നത്. പലരും പുറത്ത് നിന്ന് ആംബുലൻസുകൾ വരുത്തി വീട്ടിലേക്ക് മടങ്ങേണ്ട സ്ഥിതിയും പതിവാണ്. മൃതദേഹങ്ങൽ കൊണ്ടു പോകാൻ പോലും പലപ്പോഴും സ്വകാര്യ ആംബുലൻസിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.