ഒരു പഞ്ചായത്ത് മുഴുവൻ ബഫർസോണിൽ, അതിരപ്പിളളിയിലെ 2653 വീടുകൾ; വനംവകുപ്പ് പറയുന്നു,പേടിക്കേണ്ട!..
Mail This Article
അതിരപ്പിള്ളി ∙ ഒരു പഞ്ചായത്ത് മുഴുവൻ ബഫർസോണിൽപ്പെടുന്ന അത്യപൂർവ സാഹചര്യത്തിനു മുന്നിൽ പകച്ചുനിൽക്കുകയാണ് അതിരപ്പിള്ളി. പഞ്ചായത്തിൽ ആകെയുള്ള 2653 വീടുകളും ലോലമേഖലയുടെ ഭീഷണിയിലാണെന്നു പ്രസിഡന്റ് കെ.കെ. റിജേഷ് പറയുന്നു. പതിറ്റാണ്ടുകളായി ജനം കാടിനോടു ചേർന്നിണങ്ങി ജീവിക്കുന്ന അതിരപ്പിള്ളിയിൽ ബഫർസോണിനു പുറത്ത് ഒറ്റ വീടുപോലും ഉണ്ടാകാൻ വഴിയില്ല. 1 മുതൽ 13 വരെയുള്ള വാർഡുകളെല്ലാം 1 കിലോമീറ്റർ പരിധിയിൽ ഉൾപ്പെടുന്നവയാണ്. ഇതിൽ 7,8,9 വാർഡുകളിൽ ബഫർസോണിനു പുറത്ത് ഒരു സെന്റ് ഭൂമി പോലും ഉണ്ടാകാനിടയില്ല.
പഞ്ചായത്ത് ഓഫിസ് അടക്കം ഒരു കിലോമീറ്റർ പരിധിക്കുള്ളിൽ തന്നെ. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ടൂറിസം കേന്ദ്രങ്ങളിലൊന്നായതിനാൽ അതിരപ്പിള്ളി കേന്ദ്രീകരിച്ചു കോടിക്കണക്കിനു രൂപയുടെ വിനോദസഞ്ചാര നിർമാണ പദ്ധതികൾ നടക്കുന്നുണ്ട്. ഇവയുടെയെല്ലാം ഭാവി സംബന്ധിച്ചും ആശങ്കകളുണ്ട്. ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കി വേണം പരിസ്ഥിതി ലോല മേഖല നിർണയിക്കേണ്ടതെന്നുകാട്ടി സർക്കാരിനു കത്തുനൽകാൻ 15ന് അതിരപ്പിള്ളി പഞ്ചായത്ത് ഭരണസമിതി യോഗം ചേരുന്നുണ്ട്.
വനംവകുപ്പ് പറയുന്നു, പേടിക്കേണ്ട..
സംരക്ഷിത വനമേഖലയ്ക്കു ചുറ്റുമുള്ള പ്രദേശം പരിസ്ഥിതി ലോലമേഖലയാക്കി മാറ്റിയാലും സാധാരണ ജനജീവിതത്തെ ബാധിക്കില്ലെന്നു പീച്ചി വൈൽഡ് ലൈഫ് വാർഡൻ പി.എം. പ്രഭു പറയുന്നു. ക്വാറികൾ, മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങൾ, മരമിൽ, ജലവൈദ്യുത പദ്ധതികൾ, മാലിന്യ പ്ലാന്റ്, രാസവസ്തു നിർമാണ യൂണിറ്റ് തുടങ്ങിയവയ്ക്കാണു നിരോധനമുള്ളത്. റിസോർട്ട് നിർമാണം, മരംമുറി എന്നിവയ്ക്കു തടസ്സമാകില്ല. കലക്ടർ അധ്യക്ഷനായ ഇക്കോ സെൻസിറ്റീവ് സോൺ റഗുലേറ്ററി അതോറിറ്റി പരിശോധിച്ച് അനുവാദം നൽകും. മുൻകൂർ അനുമതിയോടെ ടൂറിസം മേഖലയിൽ റിസോർട്ട് നിർമാണം നടത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
ആശ്വാസത്തോടെ ചിമ്മിനി
പാലപ്പിള്ളി ∙ ചിമ്മിനി വനമേഖലയോടു ചേർന്ന വരന്തരപ്പിള്ളി, മറ്റത്തൂർ പഞ്ചായത്തുകളുടെ ചില മേഖലകൾ ബഫർസോണിൽ ഉൾപ്പെട്ടേക്കാം. എന്നാൽ, ഈ ഭാഗങ്ങളൊന്നും ജനവാസമേഖലയല്ലെന്നു ചിമ്മിനി വന്യജീവി സങ്കേതം അസി. വൈൽഡ് ലൈഫ് വാർഡൻ വി. അജയകുമാർ പറഞ്ഞു. നടാംപാടം മുതൽ പിള്ളത്തോട് പാലം വരെയും റബർ പ്ലാന്റേഷൻ മുതൽ നായാട്ടുകുണ്ട് വരെയുമാകും ലോല മേഖലയായി മാറുക. ഇതിൽ പ്ലാന്റേഷൻ തൊഴിലാളികൾ താമസിക്കുന്ന പാഡികളും ചുരുക്കം ചില കെട്ടിടങ്ങളും മാത്രമേയുള്ളൂ.