തൃശൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പ്രീപെയ്ഡ് ഓട്ടോ സൗകര്യം
Mail This Article
തൃശൂർ ∙ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.. റെയിൽവേ സ്റ്റേഷനിൽ പ്രീപെയ്ഡ് ഓട്ടോറിക്ഷാ കൗണ്ടർ ജൂൺ 30-ന് അകം തുടങ്ങും. ടി.എൻ. പ്രതാപൻ എംപിയുടെ അധ്യക്ഷതയിൽ സിറ്റി പൊലീസും റെയിൽവേ അധികൃതരും ചേർന്നു നടത്തിയ യോഗത്തിലാണു തീരുമാനം. കൗണ്ടറിന്റെ നടത്തിപ്പിനു പൊലീസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നിലവിൽ വരും.
സിറ്റി പൊലീസ് കമ്മിഷണർ, എസിപി, റെയിൽവേ പ്രതിനിധി, യാത്രക്കാരുടെ പ്രതിനിധി, സിഐടിയു– ഐഎൻടിയുസി പ്രതിനിധികൾ എന്നിവരും ഉൾപ്പെട്ടതാണു കമ്മിറ്റി. കൗണ്ടറിൽ കംപ്യൂട്ടറും മറ്റു സംവിധാനങ്ങളും ഒരുക്കാൻ സ്പോൺസർമാരെ തേടും. സിറ്റി പൊലീസ് കമ്മിഷണറാണ് സ്പോൺസർഷിപ് കണ്ടെത്തേണ്ടത്. മുൻപുണ്ടായിരുന്ന ഓഫിസ് സാമഗ്രികൾ മിക്കതും ഉപയോഗക്ഷമമല്ല.
സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, അസിസ്റ്റന്റ് കമ്മിഷണർ വി.കെ. രാജു, റെയിൽവേ എറണാകുളം ഏരിയ മാനേജർ നിതിൻ നോബർട്ട്, തൃശൂർ റെയിൽവേ സ്റ്റേഷൻ ഡപ്യൂട്ടി മാനേജർ ടി.ബാലകൃഷ്ണൻ, ചീഫ് കൊമേഴ്സ്യൽ ഇൻസ്പെക്ടർ ആർ. അരുൺകുമാർ, ആർപിഎഫ് ഇൻസ്പെക്ടർ അജയകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
2 രൂപ തന്നെ
തൃശൂർ ∙ കോവിഡിന് വ്യാപനത്തിനു മുൻപ് പ്രീപെയ്ഡ് കൗണ്ടർ പ്രവർത്തിച്ചിരുന്നപ്പോൾ യാത്രക്കാരിൽ നിന്ന് ഈടാക്കിയിരുന്ന 2 രൂപ തന്നെയാണു പുതിയ കൗണ്ടറിലും. ഇതിൽ ഒന്നര രൂപ കൗണ്ടറിന്റെ നടത്തിപ്പിനുള്ള കമ്മിറ്റിക്കുള്ള ചെലവിലേക്കാണ്. 50 പൈസ റെയിൽവേക്കു ലഭിക്കും. 3 രൂപയായി വർധിപ്പിക്കാനുള്ള ശുപാർശ ഉണ്ടായിരുന്നെങ്കിലും മറ്റു ജില്ലകളിൽ രണ്ടു രൂപ നിലനിൽക്കെ തൃശൂരിൽ മാത്രം കൂട്ടേണ്ടെന്ന തീരുമാനമെടുക്കുകയായിരുന്നു.
2 രൂപ പിരിക്കാനുള്ള തീരുമാനത്തിനു റെയിൽവേ തിരുവനന്തപുരം ഡിവിഷനൽ മാനേജരുടെ അനുമതി നേടണം. മൂന്നുമാസം കൂടുമ്പോൾ കൗണ്ടറിന്റെ പ്രവർത്തനം വിലയിരുത്താനും പരാതികളിൽ നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നു ടി.എൻ. പ്രതാപൻ എംപി പറഞ്ഞു.