പീച്ചി ഡാമിന്റെ ജലോപരിതലത്തിൽ നിന്നു വെള്ളം; മോട്ടറുകളുടെ ട്രയൽ ഇന്ന്
Mail This Article
പീച്ചി ∙ ശുദ്ധജല വിതരണത്തിനായി ഡാമിന്റെ ജലോപരിതലത്തിൽ നിന്നു വെള്ളമെടുത്തു ശുദ്ധീകരിക്കുന്ന പദ്ധതിയുടെ മോട്ടറുകളുടെ ട്രയൽ ഇന്ന് ഉച്ചയ്ക്കു ശേഷം എക്സിക്യൂട്ടീവ് എൻജിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടക്കും. ട്രയൽ വിജയകരമായാൽ നാളെ മുതൽ ഫ്ലോട്ടിങ് ഇൻ ടേക്ക് പ്രകാരമുള്ള പമ്പിങ് തുടങ്ങും. ഡാമിന്റെ കെട്ടിൽ നിന്നു 60 മീറ്റർ ദൂരത്തിൽ വെള്ളത്തിനു നടുവിൽ ജലോപരിതലത്തിൽ നിന്ന് ഒന്നരയടി താഴ്ന്നു നിൽക്കുന്ന 3 മോട്ടറുകളാണു സ്ഥാപിച്ചിട്ടുള്ളത്.
215 എച്ച്പി വീതമുള്ള 3 മോട്ടറുകൾക്കും ഒരേ സമയം പ്രവർത്തിക്കാൻ കഴിയുമെങ്കിലും ആദ്യ ഘട്ടത്തിൽ ഒന്നാണു പ്രവർത്തിക്കുക. ഒരു ദിവസം 20 ദശലക്ഷം ലീറ്റർ വെള്ളമാണു പമ്പ് ചെയ്യുക. തേക്കിൻകാട് മൈതാനത്തെ 20 എംഎൽഡിയുടെ ടാങ്കിലേക്കാണ് ആദ്യ ഘട്ടത്തിൽ ജലവിതരണം നടത്തുക. തൃശൂരിലെ പഴയ മുനിസിപ്പൽ പ്രദേശങ്ങളിലെ ജലവിതരണമാണ് ഇവിടെ നിന്നു നടക്കുന്നത്. അടുത്ത ഘട്ടത്തിൽ 36 എംഎൽഡി ടാങ്കിലേക്കുള്ള ജലവിതരണവും ഫ്ലോട്ടിങ് ഇൻ ടേക്ക് പദ്ധതി മുഖേന നടക്കും. പ്രവൃത്തിയുടെ ഭാഗമായ 1000 കെവിഎ ട്രാൻസ്ഫോമർ ചാർജിങ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.