ADVERTISEMENT

ആറ് മാസം കൂടി സമയം തേടി പൈലപ്പൻ; ഒത്തുതീർപ്പ് ചർച്ച സജീവം 

ചാലക്കുടി ∙ പാർട്ടി ധാരണ പ്രകാരം നഗരസഭ അധ്യക്ഷ സ്ഥാനത്തു നിന്ന് ഇന്ന്  വി.ഒ. പൈലപ്പൻ രാജി നൽകുമോയെന്ന് നാട് ഉറ്റുനോക്കുന്നു. സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ട് അദ്ദേഹത്തിനു ഡിസിസി കത്തു നൽകിയെങ്കിലും അദ്ദേഹം വഴങ്ങില്ലെന്നാണു സൂചന. ഒന്നര വർഷമാണ് അദ്ദേഹത്തിന് അനുവദിച്ചിരുന്നത്. ഞായറാഴ്ച ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, എംപിമാരായ ബെന്നി ബഹനാൻ, ടി.എൻ. പ്രതാപൻ, ഡിസിസി നേതാക്കളായ ഒ. അബ്ദു റഹിമാൻകുട്ടി, പി.എ. മാധവൻ, ജോസഫ് ചാലിശേരി, എം.പി. വിൻസന്റ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയ്ക്കു ശേഷമാണ് കത്ത് നൽകിയത്.

എന്നാൽ 6 മാസം കൂടി അനുവദിക്കണമെന്ന നിലപാടിലായിരുന്നു പൈലപ്പൻ. ഇക്കാര്യത്തിൽ പ്രാദേശികമായി ഒത്തുതീർപ്പുണ്ടാക്കാനും ശ്രമം രാത്രി വൈകിയും തുടരുകയാണ്. നഗരസഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്നു നഗരസഭ കൗണ്‍സിലർമാര്‍ പങ്കെടുത്ത നടന്ന യോഗത്തിലാണ്, കെപിസിസി പ്രതിനിധിയായെത്തിയ വി.ഡി. സതീശന്റെ സാന്നിധ്യത്തിൽ ആദ്യ ഒന്നര വർഷം വി.ഒ. പൈലപ്പനും തുടർന്നു രണ്ടര വർഷം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി ജോർജും അവസാന ഒരു വർഷം കോൺഗ്രസ് മണ്ഡലം പ്രസിഡന്റും നഗരസഭ യുഡിഎഫ്പാ ർലമെന്ററി പാർട്ടി ലീഡറുമായ ഷിബു വാലപ്പനും അധ്യക്ഷരാകാമെന്നായിരുന്നു തീരുമാനിച്ചത്.

ഇക്കാര്യം മിനുറ്റ്സിൽ രേഖപ്പെടുത്തുകയും ചെയ്തു. ആദ്യ ഊഴത്തിൽ എ ഗ്രൂപ്പിലെ സിന്ധു ലോജു ഉപാധ്യക്ഷയായി. തുടർന്നും എ ഗ്രൂപ്പിനായിരിക്കും ഉപാധ്യക്ഷ സ്ഥാനമെന്നാണ് സൂചന. സൂസി സുനിൽ, ബെറ്റി വർഗീസ് എന്നിവരാകും സ്ഥാനത്തെത്തുകയെന്നാണ് സൂചനയുള്ളത്. നഗരസഭ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് അധികാരത്തിലെത്തിയത്.

36 വാർഡുകളിൽ 27 ഇടത്തും യുഡിഎഫ് വിജയിച്ചു. ഇതിൽ ഒരിടത്തു മുസ്‌ലിം ലീഗ് വിജയിച്ചപ്പോൾ ശേഷിച്ച 26 വാർഡുകളിലും കോൺഗ്രസ് ജയിക്കുകയായിരുന്നു. മുൻ തവണ ഭരിച്ച എൽഡിഎഫ് ഈ തിരഞ്ഞെടുപ്പിൽ 5 സീറ്റിലൊതുങ്ങിയിരുന്നു. അതിൽ രണ്ടിടത്തു സിപിഐയും മൂന്നിടത്തു സിപിഎമ്മുമാണ് ജയിച്ചത്. ഒരു സീറ്റിൽ ബിജെപി സ്ഥാനാർഥിയും മൂന്നു സീറ്റിൽ സ്വതന്ത്രരും ജയിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com