സേനാ ആസ്ഥാനത്ത് സ്വന്തം പ്രതിമ, അതിന്റെ മുന്നിൽ വച്ചു യാത്ര അയപ്പും; അഭിമാനത്തോടെ ‘നായർ സാബ്’
Mail This Article
ചേലക്കര ∙ കരസേനാ മദ്രാസ് റജിമെന്റിന്റെ ആസ്ഥാനമായ നീലഗിരി എംആർസി വെല്ലിങ്ടണിൽ ഔദ്യോഗിക പരേഡുകൾ നടക്കാറുള്ള ക്വാർട്ടർ ഗാർഡനിൽ 1980ൽ ഒരു പ്രതിമ സ്ഥാപിച്ചു. ജീവിച്ചിരിക്കുന്ന ഒരു ഇന്ത്യൻ സേനികന്റേതായിരുന്നു ആ പ്രതിമ! സഹസൈനികരെല്ലാം ‘നായർ സാബ്’ എന്നു സ്നേഹബഹുമാനത്തോടെ വിളിച്ചിരുന്ന ആ സൈനികൻ കഴിഞ്ഞ കാൽനൂറ്റാണ്ടായി ചേലക്കര എൽഎഫ് സ്കൂളിനു മുന്നിലെ വിജയനിവാസ് വീട്ടിലുണ്ട്. ദേശസ്നേഹത്തിന്റെ അത്യപൂർവ അംഗീകാരമുദ്രയുമായി. 19 വർഷത്തെ സൈനിക സേവനത്തിനിടെ 1971ൽ ഇന്തോ–പാക് യുദ്ധത്തിൽ നടത്തിയ ധീരസേവനമികവാണ് കെ.ആർ. ഗോപിനാഥൻ നായർ എന്ന റിട്ട. ഹവിൽദാറിനെ വേറിട്ടു നിർത്തുന്നത്.
വാഗാ സെക്ടറിൽ യുദ്ധമുഖത്തു പുറത്തെടുത്ത പോരാട്ടമികവിന് അംഗീകാരമെന്ന നിലയിൽ ഗോപിനാഥൻ നായരുടെ പ്രതിമ മദ്രാസ് റജിമെന്റ് ആസ്ഥാനത്തു സ്ഥാപിക്കാമെന്ന നിർദേശം മുന്നോട്ടുവച്ചത് അന്നത്തെ ഡപ്യൂട്ടി കമൻഡാന്റ് കേണൽ ആർ.ജി. ശാസ്ത്രിയായിരുന്നു. സേനാമികവ് കണക്കാക്കാൻ വിവിധ മാനദണ്ഡങ്ങൾ പാലിച്ചു തയാറാക്കിയ ചുരുക്കപ്പട്ടികയിലെ ഒന്നാം സ്ഥാനവും ഗോപിനാഥൻ നായർക്ക് അനുകൂലമായി. മഹാബലിപുരത്തെ ശിൽപികളുടെ സംഘമാണു ഗോപിനാഥൻ നായരുടെ പൂർണകായ പ്രതിമ നിർമിച്ചത്.
1965ൽ സൈന്യത്തിൽ ചേർന്ന ഗോപിനാഥൻ നായർ 1976ൽ ഹവിൽദാർ തസ്തികയിലെത്തി സൈനികരുടെ പരിശീലനച്ചുമതലയിലേക്കു മാറി. 1984ൽ വിരമിക്കുമ്പോൾ സ്വന്തം പ്രതിമയുടെ മുന്നിൽ വച്ചാണു ഗോപിനാഥൻ നായർക്കു സൈനികർ യാത്രയയപ്പു നൽകിയത്. കോട്ടയം എലിക്കുളം കുന്നപ്പിള്ളിക്കരോട്ട് കുടുംബാംഗമായ ഗോപിനാഥൻ നായർ എക്സ് സർവീസസ് ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയാണ്.