ADVERTISEMENT

ഗുരുവായൂർ ∙ ഗുരുവായൂരിൽ ഇന്നലെ നടന്നത് 236 വിവാഹങ്ങൾ. ക്ഷേത്ര നടയിൽ വലിയ തിരക്ക് അനുഭവപ്പെടുമെന്ന ആശങ്ക ഇല്ലാതാക്കി ദേവസ്വവും പൊലീസും  ഒരുക്കിയ ആസൂത്രണ മികവിൽ  താലികെട്ടിയത് 236 ദമ്പതികൾ. 248 വിവാഹങ്ങൾ ബുക്ക് ചെയ്തിരുന്നെങ്കിലും  236 വിവാഹങ്ങളാണു നടന്നത്. ഒരേ വിവാഹം തന്നെ വരന്റെയും വധുവിന്റെയും  ബന്ധുക്കൾ ബുക്ക് ചെയ്തതാണ് 12 വിവാഹ ബുക്കിങ് അധികമായി വരാൻ കാരണം.  10 മണിയാകുമ്പോഴേക്കും 150 വിവാഹങ്ങൾ നടന്നു.

പിന്നീട് ബാക്കിയുള്ളവയും. വധൂവരൻമാരെയും ബന്ധുക്കളെയും തെക്കെ നടയിൽ കൊണ്ടുവന്ന് 20 പേരെടങ്ങുന്ന സംഘങ്ങളാക്കി മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലിരുത്തി. ഓരോ വിവാഹങ്ങൾ കഴിയുമ്പോഴും അടുത്ത 20 പേരടങ്ങുന്ന സംഘത്തെ കല്യാണമണ്ഡപത്തിത്തിലേക്കെത്തിച്ച് തിരക്ക് ഒഴിവാക്കി.12.30 നു മുൻപായി മുഴുവൻ വിവാഹങ്ങളും നടത്തി. നിലവിലെ മൂന്ന് കല്യാണമണ്ഡപങ്ങൾക്ക് പുറമെ രണ്ട് താൽക്കാലിക മണ്ഡപങ്ങൾ കൂടി തയാറാക്കിയിരുന്നു.

റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കാത്ത രീതിയിൽ പൊലീസ് സജ്ജമായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ അധികമായി ഏർപ്പെടുത്തിയ 100 പൊലീസുകാർ അടക്കം 150 പൊലീസ് ഉദ്യോഗസ്ഥർ സേവനത്തിനുണ്ടായി. ഇതിനു പുറമെ 28 ദേവസ്വം സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരും സൗകര്യങ്ങളൊരുക്കാനുണ്ടായിരുന്നു. ശ്രീകൃഷ്ണ ഹൈസ്കൂൾ ഗ്രൗണ്ട്,  ടൗൺ ഹാൾ, മൾട്ടി ലവൽ പാർക്കിങ് പ്ലാസയുടെ ഗ്രൗണ്ട് ഉൾപ്പെടെ വാഹന പാർക്കിങ്ങിനായി തുറന്നു കൊടുത്തു.

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, എസിപി കെ.ജി.സുരേഷ്, ടെംപിൾ സ്റ്റേഷൻ എസ്എച്ച്ഒ സി.പ്രേമാനന്ദകൃഷ്ണൻ, മുനിസിപ്പൽ ചെയർമാൻ എം.കൃഷ്ണദാസ്, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.മനോജ്കുമാർ, ദേവസ്വം സുരക്ഷാവിഭാഗം മേധാവി ഹരിദാസ് എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com