എച്ച്വിഡിസി സബ്സ്റ്റേഷൻ പൂർത്തിയാകുന്നു, ഹൈ വോൾട്ടേജ് പ്രതീക്ഷ
Mail This Article
കുന്നംകുളം ∙ ഹൈ വോൾട്ടേജ് ഡയറക്ട് കറന്റ് ( എച്ച് വിഡിസി) സംവിധാനമുള്ള സബ്സ്റ്റേഷൻ എന്ന നേട്ടത്തിനരികിലേക്കു കുന്നംകുളം സബ് സ്റ്റേഷൻ. ചൂണ്ടൽ - കുറ്റിപ്പുറം സംസ്ഥാനപാതയ്ക്കു സമീപം കാണിപ്പയ്യൂരിലുള്ള ഇൗ സബ് സ്റ്റേഷൻ ഒക്ടോബറിൽ കമ്മിഷൻ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. വൈദ്യുതി തടസ്സം പാടെ ഒഴിവാക്കാനാണ് 220 കെവി ഗ്യാസ് ഇൻസുലേറ്റ‍് സബ് സ്റ്റേഷൻ ആസൂത്രണം ചെയ്തിരിക്കുന്നത്. വിതരണം സുഗമമാക്കുന്നതിനു പുറമേ പ്രസരണ നഷ്ടം ഗണ്യമായി കുറയ്ക്കാനും ഇത് സഹായകമാകും.
മാടക്കത്തറ സബ്സ്റ്റേഷനെ ആശ്രയിച്ചാണ് നിലയിൽ ജില്ലയിൽ വൈദ്യുതി വിതരണ സംവിധാനമുള്ളത്. എച്ചിവിഡിസി സബ്സ്റ്റേഷൻ പ്രവർത്തനക്ഷമമായാൽ വൈദ്യുതി വിതരണം തടസ്സപ്പെടുമ്പോൾ ലൈൻ ഇൻ ലൈൻ ഔട്ട് (ലിലോ) രീതിയിൽ നല്ലളത്തു നിന്ന് വൈദ്യുതി എത്തിച്ച് വിതരണം ചെയ്യാൻ കഴിയും. പുകലൂരിൽ നിന്നുള്ള 2000 മെഗാവാട്ട് വൈദ്യുതി മണ്ണുത്തിയിലെ സബ്സറ്റേഷൻ വഴിയാണ് നല്ലളത്തേക്ക് പോകുന്നത്. ഇതിനെ വടക്കാഞ്ചേരിയിൽ നിന്ന് 22.3 കിലോമീറ്റർ നീളത്തിൽ 77 ടവറുകൾ സ്ഥാപിച്ചാണ് കുന്നംകുളത്ത് വൈദ്യുതി എത്തിക്കുന്നത്.
രണ്ടാം ഘട്ടത്തിൽ ആലുവയിൽ നിന്ന് തിരൂരിലേക്ക് പോകുന്ന 220 കെവി ലൈനും കുന്നംകുളം സബ് സ്റ്റേഷനുമായി ബന്ധിപ്പിക്കും. ഇതിന്റെ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. പദ്ധതി പൂർത്തിയാകുന്നതോടെ കൊങ്ങണൂർ, പുന്നയൂർക്കുളം, അത്താണി, കണ്ടശ്ശാംകടവ്, ഗുരുവായൂർ, ചാവക്കാട് തുടങ്ങിയ സബ് സ്റ്റേഷനുകളിലേക്ക് വൈദ്യുതി ലഭിക്കുന്ന കേന്ദ്രമായി കുന്നംകുളം മാറും.
ഭാവി ആവശ്യങ്ങൾ മുൻപിൽ കണ്ട് ഉയർന്ന സാങ്കേതിക സംവിധാനമാണ് ലൈനിനും സബ് സ്റ്റേഷനിലും സ്ഥാപിക്കുന്നത്. മൾട്ടി സർക്യൂട്ട് സംവിധാനം ലൈനിലും പുതിയതായി രൂപകൽപന ചെയ്ത കെഎൽ സീരീസ് ടവറും ഉയർന്ന വൈദ്യുതി വാഹന ശേഷിയുള്ള ഉപകരണങ്ങളും ഇവിടെ ഉണ്ട്.