'റെഡ് ചില്ലി, മസാല, കാന്താരി, കുരുമുളക്, കോയിൻ, ആനയടി..'; പപ്പടം കളറായി!
Mail This Article
റെഡ് ചില്ലി, മസാല, കാന്താരി, കുരുമുളക്, കോയിൻ, ആനയടി.. കഷ്ടകാലത്തെ അതിജീവിച്ച് ഓണ വിപണിയിലെത്തുന്നത് പപ്പടങ്ങളുടെ വൈവിധ്യനിര...
പാവറട്ടി ∙ ഓണവിപണിയിൽ പൊടിപൊടിച്ചു കയറുകയാണു പപ്പടം. കോവിഡ് മൂലം 2 വർഷമായി ഇരുളടഞ്ഞ നിലയിലായിരുന്ന പപ്പടവിപണിയിൽ ഇത്തവണ നിർമാണവും വിൽപനയും തകൃതി. ഉത്രാടമെത്തിയതോടെ സദ്യവട്ടങ്ങളൊരുക്കാൻ പപ്പടത്തിനു ഡിമാൻഡേറി. പപ്പടങ്ങളിൽ കേമനായ ഗുരുവായൂർ പപ്പടത്തിനാണു വിപണിമൂല്യം കൂടുതൽ. ഏറ്റവും കൂടുതൽ ഗുരുവായൂർ പപ്പടങ്ങൾ നിർമിക്കപ്പെടുന്ന എളവള്ളി ചിറ്റാട്ടുകര മേഖലയിൽ വിശ്രമമില്ലാത്ത ജോലിയിലാണു പപ്പട നിർമാണ യൂണിറ്റുകൾ.
സാധാരണ പപ്പടത്തിനു പുറമെ റെഡ് ചില്ലി, കുരുമുളക്, കാന്താരി, ആനയടി, കോയിൻ, മസാല തുടങ്ങിയ ഇനങ്ങളിലായി വൈവിധ്യമാർന്നതാണു ഗുരുവായൂർ പപ്പട നിർമാണം. നിറത്തിലും രൂപത്തിലും മാത്രമല്ല, രുചിയിലുമുണ്ട് കാര്യമായ വ്യത്യാസം. കിലോയ്ക്ക് 160 മുതൽ 200 രൂപ വരെയാണു വില. നല്ലകാലത്തിലേക്കു പപ്പട വിപണി പതിയെ മടങ്ങിയെത്തുകയാണെങ്കിലും നിർമാണച്ചെലവിലെ വൻവർധന പ്രതിസന്ധി സൃഷ്ടിക്കുന്നു.
അസംസ്കൃത വസ്തുക്കളുടെ വില കുത്തനെ വർധിച്ചെങ്കിലും പപ്പടവില വർധിച്ചിട്ടില്ല. മഴയും ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നു പപ്പട നിർമാതാവായ ചിറ്റാട്ടുകര കരുമത്തിൽ കുമാരൻ പറയുന്നു. നല്ല വെയിലത്ത് ഉണക്കിയെടുക്കുന്ന പപ്പടത്തിനാണു രുചി കൂടുതൽ. പപ്പടം ഉണക്കാനുള്ള കൂടുകളുണ്ടെങ്കിലും മഴകാരണം വെയിലത്ത് ഉണക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. ഉഴുന്ന് പൊടിച്ച്, ഉപ്പു ചേർത്ത്, കുഴച്ച്,
പരത്തിയെടുത്ത്, പപ്പടക്കാരത്തിൽ തട്ടിക്കുടഞ്ഞ്, പഴമ്പായിലോ പനമ്പിലോ ഉണക്കിയെടുത്തു പപ്പടം നിർമിക്കുന്നതാണു പരമ്പരാഗത രീതി. എന്നാൽ, നിർമാണ യൂണിറ്റുകൾ യന്ത്രവൽക്കൃതമായതോടെ രീതി മാറി. ഓണക്കാലവും ഉത്സവ–വിവാഹ സീസണുമാണു പപ്പട നിർമാണ മേഖലയുടെ നട്ടെല്ല്. മഴമാറി മാനം തെളിഞ്ഞാൽ ഓണം കളറാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.