ADVERTISEMENT

ചാലക്കുടി ∙ ഗവ. ഐടിഐയുടെ ഹോസ്റ്റൽ മന്ദിരം കാലപ്പഴക്കത്താൽ ജീർണാവസ്ഥയിൽ. അൺഫിറ്റ് ആണെന്നു പിഡബ്ല്യുഡി സാക്ഷ്യപ്പെടുത്തിയതോടെ വിദ്യാർഥികളെ ഇവിടെ പാർപ്പിക്കുന്നില്ല. കേരളത്തിനകത്തും പുറത്തും‍ നിന്നുള്ള ആയിരക്കണക്കിനു വിദ്യാർഥികളാണ് ഐടിഐയിൽ പഠിക്കുന്നത്. ഇവരിൽ ദൂരസ്ഥലങ്ങളിൽ താമസത്തിന് ആശ്രയിച്ചിരുന്ന ഹോസ്റ്റലാണ് നിലനിൽപിനായി ആശ്രയം തേടുന്നത്. കെട്ടിടത്തിനു ചോർച്ചയുണ്ടെങ്കിലും പരിഹാരമില്ല.

ചോർച്ച പരിഹരിക്കാനായി മുകളിൽ മേഞ്ഞ ട്രസ് പൂർണമായി ഫലപ്രദമല്ലെന്നാണു പരാതി. ആറു പതിറ്റാണ്ടോളം പഴക്കമുള്ള കെട്ടിടം ഭിത്തിയിലും മേൽക്കൂരയിലും കാടു വളർന്നും ഭിത്തിയിൽ പൂപ്പൽ ബാധിച്ചും ശോച്യാവസ്ഥയിലാണിപ്പോൾ. മൂന്നു നിലകളുള്ള ആറു ബ്ലോക്കുകളാണു ഹോസ്റ്റൽ സമുച്ചയത്തിനുള്ളത്. ഇവയെല്ലാം ഒഴിഞ്ഞു കിടക്കുകയാണ്. ഇരുന്നൂറിലധികം പേർക്കു താമസിക്കാവുന്ന ഹോസ്റ്റലിലാണിത്.

ശോച്യാവസ്ഥയിലായ ശുചിമുറി 2 വർഷം മുൻപ് 5 ലക്ഷം രൂപ ചെലവിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. 13 ലക്ഷം രൂപ ചെലവിൽ വൈദ്യുതീകരണ ജോലികളും നടത്തി. 1954 ലാണ് ഗവ. ഐടിഐ സ്ഥാപിക്കുന്നത്. പത്തു വർഷത്തിനു ശേഷം ഹോസ്റ്റൽ നിർമിച്ചു. ഗവ. വനിത ഐടിഐയോടു ചേർന്നു നഗരമധ്യത്തിലാണു ഹോസ്റ്റൽ. നേരത്തെ 50 പേർ ഇവിടെയുണ്ടായിരുന്നെങ്കിലും ഹോസ്റ്റലിന്റെ ദുരവസ്ഥയെ തുടർന്ന് ഇവിടം വിട്ടു.

ഇവിടെ യുണ്ടായിരുന്ന ജീവനക്കാർ വിരമിച്ച ഒഴിവിലേക്ക് പുതിയ ജീവനക്കാരെ നിയമിച്ചിട്ടില്ല. കേരളത്തിലെ 10 ഗവ. ഐടിഐകൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതിൽ ചാലക്കുടി ഗവ. ഐടിഐയും ഉൾപ്പെടുന്നു. ഇതിന്റെ നടപടികൾ പൂർത്തിയായാൽ ഹോസ്റ്റലിനും ശാപമോക്ഷമാകുമെന്ന പ്രതീക്ഷയിലാണു വിദ്യാർഥികളും അധ്യാപകരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com