ADVERTISEMENT

വാടാനപ്പള്ളി ∙ അര നൂറ്റാണ്ട് മുൻപ് യുദ്ധത്തിൽ ‘മരിച്ച്’ പിന്നീട് തിരിച്ചുവന്ന ജോസ് തിരിച്ചുവരവ് ഇല്ലാത്ത ലോകത്തേക്ക് യാത്രയായി. ഇന്ത്യൻ സൈന്യത്തിൽ ജവാൻ ആയിരുന്ന നെല്ലിശേരി ജോസ് (87)  ഇന്നലെ അന്തരിച്ചു.1971ൽ ബംഗ്ലദേശ് യുദ്ധത്തിനിടെ മരിച്ചതായി അന്ന് ബന്ധുക്കൾക്കു വിവരം ലഭിച്ചെങ്കിലും ജോസ് പിന്നീട് തിരിച്ചെത്തി.

ഇന്ത്യൻ സേനയിൽ പാരച്യൂട്ട് ഭടൻ ആയിരുന്ന ജോസ് ഉൾപ്പെടെ 11 സൈനികർ ഹെലികോപ്റ്ററിൽ യുദ്ധരംഗത്ത് എത്തിയതായിരുന്നു. ഇരുട്ടിൽ ലാൻഡ് ചെയ്തത് വെള്ളത്താൽ ചുറ്റപ്പെട്ട ചോളവയലിൽ ആയിരുന്നു. സൈനിക ആസ്ഥാനമായി സമ്പർക്കം പുലർത്താൻ ഇവരുടെ പക്കൽ റേഡിയോയും മറ്റ് ഉപകരണങ്ങളുമുണ്ടായിരുന്നു

രണ്ട് ആഴ്ചത്തേക്ക് വേണ്ട ആഹാര സാധനങ്ങളും കരുതിയിരുന്നു. പക്ഷേ, റേഡിയോ ബന്ധം വിച്ഛേദിച്ചതോടെ സൈനിക ആസ്ഥാനവുമായി ബന്ധപ്പെടാൻ ജോസിനും കൂട്ടർക്കും കഴിയാതായി.  പത്ത് ദിവസം കഴിഞ്ഞിട്ടും ഇവരുടെ വിവരം ലഭിക്കാതായതോടെ, സംഘാംഗങ്ങൾ മരിച്ചതായി കണക്കാക്കി സൈന്യം വിവരം ബന്ധുക്കളെ അറിയിച്ചു. ജോസ് ഉപയോഗിച്ചിരുന്ന യൂണിഫോമും മറ്റ് ഉപയോഗ സാധനങ്ങളും രണ്ട് ജവാൻമാർ വീട്ടിലെത്തിച്ചു. വിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിൽ തടിച്ചുകൂടിയത് പഴമക്കാർ ഓർക്കുന്നു. 

അന്നത്തെ മാധ്യമങ്ങളിൽ ജോസ് യുദ്ധത്തിൽ മരിച്ചതായി ഫോട്ടോ ഉൾപ്പെടെ വാർത്തയും വന്നു. നാല് ദിവസം കഴിഞ്ഞപ്പോൾ ആർമി ആസ്ഥാനത്ത് നിന്നു വീണ്ടും സന്ദേശം എത്തി: ജോസ് ജീവിച്ചിരിക്കുന്നു !! അടുത്ത ദിവസം തന്നെ ജോസ് ഫോണിൽ വീട്ടുകാരുമായി സംസാരിക്കുകയും ചെയ്തു.

യുദ്ധകഥകൾ സുഹൃത്തുക്കളുമായി അയവിറക്കുമ്പോഴും ‘മരണനാളുകളിൽ’ എങ്ങനെ കഴിച്ചുകൂട്ടിയെന്ന വിവരം ജോസ് വെളിപ്പെടുത്തിയിരുന്നില്ല. അത് സൈനിക രഹസ്യമാണ് എന്നായിരുന്നു ജോസിന്റെ വിശദീകരണം. ജോസിന്റെ  സംസ്കാരം ഇന്ന് 3ന് സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയിൽ. ഭാര്യ: പരേതയായ കൊച്ചന്നം. മക്കൾ: സേവ്യർ (കെഎസ്ആർടിസി, ഗുരുവായൂർ), ബാബു (വ്യാപാരി), പൗളി, ബീന. മരുമക്കൾ: ജിൻസി, ലിൻസ, ആന്റോ, ജോസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com