വർണവിസ്മയ നിറവിൽ കൊടകര ഷഷ്ഠി
Mail This Article
കൊടകര∙ വർണ–നാദ–താള വിസ്മയം തീർത്ത് കൊടകര ഷഷ്ഠി ആഘോഷിച്ചു. കോവിഡിനെത്തുടർന്ന് ചടങ്ങുകൾ മാത്രമായി ഒതുങ്ങിയ ഷഷ്ഠി ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയപ്പോൾ മുൻപെങ്ങുമില്ലാത്ത വിധം ജനങ്ങൾ ഒഴുകിയെത്തി. കുന്നത്തൃക്കോവിൽ ഷഷ്ഠി ആഘോഷത്തിൽ ഈ വർഷം 21 കാവടി സംഘങ്ങൾ പങ്കാളികളായി. പൂനിലാർക്കാവ് ക്ഷേത്രമൈതാനിയിലൊരുക്കിയ ദീപാലങ്കാര ബഹുനില പന്തൽ ആകർഷകമായി.
ഒട്ടേറെ സെറ്റുകളിൽ കഥകളി, തെയ്യം, ദേവശിൽപങ്ങൾ തുടങ്ങിയ കലാരൂപങ്ങൾ കാവടി സംഘങ്ങൾക്ക് കൊഴുപ്പേകി. തലേദിവസം കാവടിസംഘങ്ങളുടെ ആസ്ഥാനങ്ങളിൽ ആചാരപരമായ പാനകപൂജ നടത്തി. ഷഷ്ഠി ദിവസമായ ഇന്നലെ പുലർച്ചെ ആദ്യ അഭിഷേകം പൂനിലാർക്കാവ് ദേവസ്വമാണ് നടത്തിയത്. തുടർന്ന് ഭക്തരുടെയും വിവിധ കാവടിസംഘങ്ങളുടെയും അഭിഷേകം നടന്നു.
ഷഷ്ഠിയുടെ ചടങ്ങുകളെല്ലാം കുന്നത്തൃക്കോവിൽ ക്ഷേത്രത്തിലാണ് നടക്കുന്നതെങ്കിലും കാവടിയാട്ടം പൂനിലാർക്കാവ് ക്ഷേത്ര സന്നിധിയിലാണ് നടക്കുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ കാവടിസംഘങ്ങൾ പൂനിലാർക്കാവിലെ ത്തിത്തുടങ്ങി. വിശ്വബ്രാഹ്മണ സമാജമാണ് ആദ്യം ക്ഷേത്രത്തിലെത്തിയത്. തുടർന്ന് മറ്റു കാവടിസംഘങ്ങളും പൂനിലാർക്കാവിലെത്തി. പകൽ 4.30 മണിവരെ കാവടിയാട്ടമുണ്ടായി. രാത്രിയിലും പകലിന്റെ ആവർത്തനമുണ്ടായി.
ആതിഥേയ കാവടിസംഘമായ കാവിൽ എൻഎസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഷഷ്ഠിദിവസം രാവിലെ 6.30 ന് പൂനിലാർക്കാവിൽ നിന്ന് കുന്നത്തൃക്കോവിലിലേക്ക് അഭിഷേകക്കാവടിയും വൈകിട്ട് 7ന് ഭസ്മക്കാവടിയും ഉണ്ടായി. രാത്രി കുന്നത്തൃക്കോവിലിൽ എഴുന്നള്ളിപ്പ് നടന്നു. ചടങ്ങുകൾക്ക് തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി, മേൽശാന്തി അമൃത് ഭട്ട് എന്നിവർ കാർമികത്വം വഹിച്ചു.