20 വർഷം മുൻപ് ജീവൻ രക്ഷിച്ച പൊലീസുകാരനെ കാണാൻ ജോഷി എത്തി
Mail This Article
തൃശൂർ∙ 20 വർഷം മുൻപ് റോഡപകടത്തിൽപ്പെട്ടു ചോരയൊലിപ്പിച്ചു റോഡിൽ കിടന്ന തന്നെ ആശുപത്രിയിലെത്തിച്ച പൊലീസുകാരനെ തേടി യുവാവ് നെടുപുഴ പൊലീസ് സ്റ്റേഷനിലെത്തി. സിവിൽ പൊലീസ് ഓഫിസർ സി.ഡി. ഡെന്നിയെ തേടി മാപ്രാണം വടക്കേത്തല വീട്ടിൽ ജോഷി ആന്റണിയാണെത്തിയത്. 2002 നവംബർ 29നാണ് ചൊവ്വൂരിൽ അപകടത്തിൽപെട്ടത്.
ഈ സമയത്ത് രാമവർമപുരം എആർ ക്യാംപിൽ ജോലി ചെയ്തിരുന്ന ഡെന്നി ബസിൽ അതുവഴി പോകുകയും ജോഷിയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ജോഷിയുടെ വിലാസം വിസിറ്റിങ് കാർഡിൽ നിന്നു സംഘടിപ്പിച്ച ഡെന്നി ഓഫിസിലും വീട്ടിലും ഫോൺ ചെയ്ത് ഉറ്റവരെ എത്തിച്ചശേഷമാണ് മടങ്ങിയത്. രണ്ടാഴ്ച അബോധാവസ്ഥയിൽ കിടന്നശേഷം മാസങ്ങൾ നീണ്ട ആശുപത്രിവാസത്തിനൊടുവിലാണ് ജോഷി രക്ഷപ്പെട്ടത്.
ഏഴര വർഷം ക്രച്ചസ് ഉപയോഗിച്ചു നടന്നു. പുറത്തുപോകാനാകാത്ത അവസ്ഥയിൽ വീട്ടിലിരുന്ന് കംപ്യൂട്ടർ വിദ്യാഭ്യാസം നേടി. സിവിൽ എൻജിനീയറിങ് ഡ്രോയിങ് പഠിച്ചു തൊഴിൽ നേടുകയും ചെയ്തു. 20 വർഷം തികഞ്ഞ 29നു നെടുപുഴ സ്റ്റേഷനിലെത്തി ഡെന്നിക്കു നന്ദി പറഞ്ഞ ജോഷി പൊലീസുകാർക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണു മടങ്ങിയത്.