ADVERTISEMENT

തൃശൂർ ∙ നടൻ കൊച്ചുപ്രേമൻ ഓർമയാകുമ്പോൾ, ആ പേരിനു കാരണക്കാരനായ ‘വലിയ പ്രേമൻ’ ഇവിടെയുണ്ട്, കൊച്ചുപ്രേമന്റെ വീടിനു തൊട്ടടുത്ത് – തിരുവനന്തപുരം പേയാട്. 1996 നവംബറിൽ ബൈക്ക് അപകടത്തെത്തുടർന്നു കിടപ്പിലായി മരിച്ച അദ്ദേഹം ഓർമയായി ഇപ്പോഴും നാട്ടുകാരുടെ ഇടയിൽ ജീവിക്കുന്നു. നടനായിരുന്ന വലിയ പ്രേമൻ സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

കെ.ആർ. പ്രേംകുമാർ എന്നാണു മുഴുവൻ പേര്. യുവജനോത്സവം, ആയിരപ്പറ, ദില്ലിവാലാ രാജകുമാരൻ, ആചാര്യൻ, ആയിരപ്പറ എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷത്തിൽ അഭിനയിച്ചു. കാലാപാനി എന്ന സിനിമയിൽ മോഹൻലാലിനെ അറസ്റ്റ് ചെയ്യാനെത്തുന്ന പൊലീസുകാരനായി അഭിനയിച്ചതും വലിയ പ്രേമനാണ്.

കെഎസ്ആർടിസിയിൽ കണ്ടക്ടറായി ജോലി നോക്കവേ കലയോടുള്ള ആഭിമുഖ്യം മൂലം രാജിവച്ച് നാടകത്തിലിറങ്ങി. തിരുവനന്തപുരം സംഘചേതനയിൽ സജീവമായി. സൂര്യഗാഥ പാടുന്നവർ, ജാതവേദാ മിഴിതുറക്കൂ, സ്വാതി തിരുനാൾ, വംശം തുടങ്ങിയ നാടകങ്ങൾ ശ്രദ്ധേയമായി. ഇതിനിടെയാണ് കൊച്ചുപ്രേമനുമായി ഒരുമിച്ചു നാടകങ്ങളിൽ അഭിനയിക്കുന്നത്.

അന്നു രണ്ടുപേരും പ്രേമൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇത് നാടക വേദികളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചതിനെത്തുടർന്നു തന്റെ പേര് കൊച്ചുപ്രേമൻ എന്നും രണ്ടാമന്റേത് വലിയ പ്രേമൻ എന്നുമാക്കി മാറ്റുകയായിരുന്നു എന്നു കൊച്ചുപ്രേമൻ വെളിപ്പെടുത്തിയത് ഇന്നലെ ‘മനോരമ’ പ്രസിദ്ധീകരിച്ചിരുന്നു.

അടുത്ത നാട്ടുകാരായ ഇവരുടെ കുടുംബങ്ങൾ തമ്മിൽ ഇപ്പോഴും ഊഷ്മളമായ സൗഹൃദമുണ്ട്. വലിയപ്രേമന്റെ ഭാര്യ ഗീതയും മക്കളായ ചിന്നനും മിഥുനും പ്രേമന്റെ അനുജൻ പ്രസന്നന്റെ കുടുംബവുമാണ് പേയാട് വീട്ടിൽ ഇപ്പോഴുള്ളത്. വലിയ പ്രേമൻ ഒരുകാലത്ത് വലിയ പ്രതീക്ഷ നൽകിയ നടനായിരുന്നെന്നു നടൻ ഇന്ദ്രൻസ് അനുസ്മരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com