ബഫർസോൺ: വനംവകുപ്പ് പുറത്തിറക്കിയ മാപ്പിൽ പീച്ചി ഡാമിന്റെ സ്ഥാനം വേറെ പഞ്ചായത്തിൽ
Mail This Article
തൃശൂർ ∙ വനംവകുപ്പിന്റെ ബഫർസോൺ ഭൂപടത്തിൽ പീച്ചി ഡാമിന്റെയും പടുകൂറ്റൻ ജലസംഭരണിയുടെയും സ്ഥാനം വേറെ പഞ്ചായത്തിൽ! പാണഞ്ചേരി പഞ്ചായത്തിലെ 13–ാം വാർഡിൽ സ്ഥിതി ചെയ്യുന്ന പീച്ചി ഡാമും ഇതിനോടു ചേർന്ന് 12.95 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ജലസംഭരണിയും പുത്തൂർ പഞ്ചായത്തിലാണെന്നാണു ഭൂപടത്തിൽ കാണുന്നത്. നാട്ടുകാരിൽ ചിലർ ഇക്കാര്യം വനംവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും സർവേയിൽ സംഭവിച്ച ‘ചെറിയ’ പിഴവാകാമെന്നാണു വിശദീകരണം.
താരതമ്യേന വലിയ പഞ്ചായത്തായ പാണഞ്ചേരിയുടെ വലിയൊരു ഭാഗമത്രയും പുത്തൂർ പഞ്ചായത്തിലാകുന്ന വിധത്തിലാണു വനംവകുപ്പിന്റെ ഭൂപടത്തിൽ വ്യക്തമാകുന്നത്. പാണഞ്ചേരി പഞ്ചായത്തിന്റെ സിരാകേന്ദ്രമായ പട്ടിക്കാട് അടക്കം ഭൂപടത്തിൽ പുത്തൂർ പഞ്ചായത്ത് അതിർത്തിയിൽ ഉൾപ്പെടുന്നു. ഇതിനു പുറമെയാണു പീച്ചി ഡാമിന്റെ സ്ഥാനവും പുത്തൂരിലാണെന്നു മാപ്പ് പറയുന്നത്. ഡാമിന്റെ ജലസംഭരണിയുടെ 90% പാണഞ്ചേരി പഞ്ചായത്തിലാണ് ഉൾപ്പെടുന്നത്.
എന്നാൽ, ഭൂപടത്തിൽ കാണുന്നത് സംഭരണി മൊത്തമായി പുത്തൂരിൽ ഉൾപ്പെടുന്നു വെന്നാണ്. പാണഞ്ചേരി പഞ്ചായത്തിൽ ഉൾപ്പെടുന്ന കുതിരാൻ ഇരട്ട തുരങ്കങ്ങളും പുത്തൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന വിധമാണു ഭൂപടത്തിൽ. ജനവാസ മേഖലകൾ പുതിയ ഭൂപടത്തിൽ നിന്ന് ഒഴിവാക്കിയതായി വനംവകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും പീച്ചി മേഖലയിൽ നൂറുകണക്കിനു വീടുകളും സ്ഥാപനങ്ങളും പുതിയ ഭൂപടത്തിലും ഉൾപ്പെട്ടിട്ടുണ്ട്.