കിർമാണി മനോജിനെ ഇന്ന് കണ്ണൂർ ജയിലിലേക്ക് മാറ്റും
Mail This Article
തൃശൂർ ∙ ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന കിർമാണി മനോജിനെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് ഇന്നു കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റും. പ്രായമായ മാതാവിനു തന്നെ സന്ദർശിക്കാനുള്ള സൗകര്യം മുൻനിർത്തി ജയിൽ മാറ്റണമെന്ന മനോജിന്റെ ആവശ്യം അംഗീകരിച്ചു ജയിൽ വകുപ്പു മേധാവി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.ടിപി വധക്കേസിലെ ഒട്ടുമിക്ക പ്രതികളെയും വിയ്യൂർ സെൻട്രൽ ജയിലിലാണു പാർപ്പിച്ചിരുന്നതെങ്കിലും പല സമയത്തായി ഇവരിലേറെപ്പേരെയും കണ്ണൂരിലേക്കു മാറ്റിയിരുന്നു.
കിർമാണി മനോജ് കൂടി ജയിൽ മാറുന്നതോടെ വിയ്യൂരിൽ ശേഷിക്കുന്നത് എം.എസ്. അനൂപും കൊടി സുനിയും മാത്രമാകും. സുനി വിയ്യൂരിലെ അതിസുരക്ഷാ ജയിലിലാണു കഴിയുന്നത്. പരോളിലിറങ്ങിയ ശേഷം വയനാട്ടിലെ റിസോർട്ടിൽ ഗുണ്ടകളുടെ ലഹരിപ്പാർട്ടി നടത്തിയതടക്കം പല വിവാദങ്ങളിൽ കിർമാണി മനോജ് ഉൾപ്പെട്ടിരുന്നു.