ADVERTISEMENT

തൃശൂർ ∙ ക്രിമിനൽ കേസുകളുടെയും ആത്മഹത്യയുടെയും കണക്കിൽ ഇന്ത്യൻ ശരാശരിയേക്കാൾ മുന്നിലേക്കു കേരളം കുതിക്കുകയാണെന്നും ഈ അപകടകരമായ യാത്രയിൽ നിന്നു സമൂഹത്തെ തിരികെ കൊണ്ടുവരുന്നതിൽ മതങ്ങൾ ഉണർന്നു പ്രവർത്തിക്കേണ്ട കാലമാണെന്നും ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടു. കൽദായ സഭ ഇന്ത്യയുടെ മഹത്തായ ആത്മീയതയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

സ്നേഹ ചുംബനം :കൽദായ സഭയുടെ മെത്രാപ്പൊലീത്തയായുള്ള പട്ടാഭിഷേക ചടങ്ങിനു ശേഷം മാർ ഔഗിൻ കുര്യാക്കോസ് മുൻഗാമി മാർ അപ്രേം മെത്രാപ്പൊലീത്തയെ ആശ്ലേഷിക്കുന്നു  ചിത്രം : മനോരമ .
സ്നേഹ ചുംബനം :കൽദായ സഭയുടെ മെത്രാപ്പൊലീത്തയായുള്ള പട്ടാഭിഷേക ചടങ്ങിനു ശേഷം മാർ ഔഗിൻ കുര്യാക്കോസ് മുൻഗാമി മാർ അപ്രേം മെത്രാപ്പൊലീത്തയെ ആശ്ലേഷിക്കുന്നു ചിത്രം : മനോരമ .

മാർ ആവ തൃതീയൻ കാതോലിക്കോസ് പാത്രിയർക്കീസിനു നൽകിയ പൗരസ്വീകരണവും മാർ ഔഗിൻ കുര്യാക്കോസിന്റെ മെത്രാപ്പൊലീത്ത അഭിഷേകത്തിന്റെ പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ലക്ഷം പേരുടെ കണക്കെടുത്താൽ 444 പേർ കേരളത്തിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുവെന്നാണു പുതിയ കണക്ക്. ദേശീയ ശരാശരി 221 ആണ്. ആത്മഹത്യാ നിരക്ക് ദേശീയ ശരാശരി ഒൻപതെങ്കിൽ കേരളത്തിലേത് 29 ആണ്.

പതിറ്റാണ്ടുകൾ കൊണ്ടു കേരളത്തിൽ വളർന്നുവന്ന ഈ തെറ്റായ പ്രവണതകളെക്കുറിച്ചു മതനേതാക്കൾ ചിന്തിക്കുകയും പരിഹാരം കണ്ടെത്തുകയും വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആർച്ച് ബിഷപ് ഡോ. മാർ അപ്രേം അധ്യക്ഷത വഹിച്ചു. ഇന്ത്യയിൽ എത്താൻ കഴിഞ്ഞതിലുള്ള സന്തോഷം മാർ ആവ ത്രിതീയൻ കാതോലിക്കോസ് പാത്രിയർക്കീസ് സർക്കാരിനോടും സഭാവിശ്വാസികളോടും പങ്കുവച്ചു. മാർ അപ്രേമിനൊപ്പം ഡീക്കനായും ബിഷപ്പായും ഇപ്പോൾ പാത്രിയർക്കീസായും പ്രവർത്തിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും പ്രകടിപ്പിച്ചു.

1,വിശുദ്ധ സ്പർശം : കൽദായ സഭയുടെ മെത്രാപ്പൊലീത്തയായുള്ള പട്ടാഭിഷേക ചടങ്ങിനിടെ സാഷ്ടാംഗം പ്രണമിക്കുന്ന മാർ ഔഗിൻ കുര്യാക്കോസിന്റെ ചുമലിൽ ബൈബിൾ വച്ച് പ്രാർഥിക്കുന്ന മുഖ്യ കാർമികൻ മാർ ആവ തൃതീയൻ കാതോലിക്കോസ് പാത്രിയർക്കീസ്.  2,പട്ടാഭിഷേകത്തിനു ശേഷം മാർ ഔഗിൻ കുര്യാക്കോസ് വിശ്വാസികളെ അഭിസംബോധന ചെയ്യുന്നു.  ചിത്രം : മനോരമ .
1,വിശുദ്ധ സ്പർശം : കൽദായ സഭയുടെ മെത്രാപ്പൊലീത്തയായുള്ള പട്ടാഭിഷേക ചടങ്ങിനിടെ സാഷ്ടാംഗം പ്രണമിക്കുന്ന മാർ ഔഗിൻ കുര്യാക്കോസിന്റെ ചുമലിൽ ബൈബിൾ വച്ച് പ്രാർഥിക്കുന്ന മുഖ്യ കാർമികൻ മാർ ആവ തൃതീയൻ കാതോലിക്കോസ് പാത്രിയർക്കീസ്. 2,പട്ടാഭിഷേകത്തിനു ശേഷം മാർ ഔഗിൻ കുര്യാക്കോസ് വിശ്വാസികളെ അഭിസംബോധന ചെയ്യുന്നു. ചിത്രം : മനോരമ .

അരനൂറ്റാണ്ടിലേറെക്കാലം സഭയെ നയിച്ച മാർ അപ്രേമിനും പുതിയ മെത്രാപ്പൊലീത്തയ്ക്കും പാത്രിയർക്കൽ കുരിശ് നൽകി ആദരിച്ചു. എല്ലാ സഭകൾക്കും സന്തോഷം നൽകുന്ന കാര്യമാണ് ഈ വാഴിക്കലെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു. ക്രൈസ്തവർ ആയിരിക്കുന്നതിനോടൊപ്പം ഭാരതീയരും ആയിരിക്കേണ്ടവരാണു സഭകളും വിശ്വാസികളെന്ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.

പാത്രിയർക്കൽ സന്ദർശനത്തിന്റെ സുവനീർ പ്രകാശനം മാർ ആലഞ്ചേരി മന്ത്രി കെ. രാജനു നൽകി നിർവഹിച്ചു. മന്ത്രി കെ. രാധാകൃഷ്ണൻ, ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത, സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ഡോ. മാത്യുസ് മാർ അന്തീമോസ്, സിറിൽ മാർ ബസേലിയോസ്, കുര്യാക്കോസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്ത, മാർ അപ്രേം അഥാനിയൽ, മേയർ എം.കെ വർഗീസ്, ഏലിയാമ്മ റോയ്, എംഎൽഎമാരായ പി. ബാലചന്ദ്രൻ, ടി.ജെ. സനീഷ്കുമാർ,

കൽദായ സഭാ കേന്ദ്രകമ്മിറ്റി ചെയർമാൻ എ.എം ആന്റണി, ക്ലെർജി കൗൺസിൽ സെക്രട്ടറി കെ.ആർ. ഈനാശു, ജനറൽ കൺവീനർ ജേക്കബ് ബേബി ഒലക്കേങ്കിൽ എന്നിവർ പ്രസംഗിച്ചു. മാർ ഔഗിൻ കുര്യാക്കോസ് ഇന്ത്യൻ കൽദായ സഭയുടെ മംഗളപത്രം വായിച്ച് മാർ ആവ ത്രിതീയൻ കാതോലിക്കോസ് പാത്രിയർക്കീസിനു സമർപ്പിച്ചു. സൺഡേ സ്കൂളിന്റെ നേതൃത്വത്തിൽ വൻ റാലിയും നടന്നു.

മാന്ദാമംഗലം പാച്ചാംപറമ്പിൽ പൗലോസ് – അച്ചാമ്മ ദമ്പതികളുടെ മകനാണ് മാർ ഔഗിൻ കുര്യാക്കോസ്. 2000 ജൂൺ 13നു പൗരോഹിത്യം സ്വീകരിച്ചു. 2010 ജനുവരി 17ന് എപ്പിസ്കോപ്പ പദവിയിലെത്തി. 2021–ൽ പാത്രിയർക്കൽ അഡ്മിനിസ്ട്രേറ്റർ പദവി സ്വീകരിച്ചതിനു പിന്നാലെയാണ് മെത്രാപ്പൊലീത്ത പദവിയിലെത്തിയത്. വൻ വിശ്വാസി സമൂഹവും അമ്മ അച്ചാമ്മയും സഹോദരങ്ങളും ചടങ്ങിനു സാക്ഷികളായി.

പുണ്യമീ നിമിഷം :  കൽദായ സഭയുടെ മെത്രാപ്പൊലീത്തയായുള്ള പട്ടാഭിഷേക ചടങ്ങിനു ശേഷം മാർ ഔഗിൻ കുര്യാക്കോസിൽ നിന്നും കുർബാന സ്വീകരിക്കുന്ന മാതാവ് അച്ചാമ്മ.  ചിത്രം :  മനോരമ .
പുണ്യമീ നിമിഷം : കൽദായ സഭയുടെ മെത്രാപ്പൊലീത്തയായുള്ള പട്ടാഭിഷേക ചടങ്ങിനു ശേഷം മാർ ഔഗിൻ കുര്യാക്കോസിൽ നിന്നും കുർബാന സ്വീകരിക്കുന്ന മാതാവ് അച്ചാമ്മ. ചിത്രം : മനോരമ .

കൽദായസഭയുടെ തിളക്കമായി തദ്ദേശ ഇടയന്മാർ

തൃശൂർ∙ കൽദായസഭയെ ഉയരങ്ങളിലേക്കു നയിക്കുന്നതിൽ മുൻപന്തിയിൽ നിന്ന തദ്ദേശ പിതാക്കന്മാരുടെ ഗണത്തിലേക്ക് ഇനി മാർ ഔഗിൻ കുര്യാക്കോസ്. മാർ ഔദിശോ മെത്രാപ്പൊലാത്തയാണ്  കേരളത്തിൽ നിന്നു സഭയുടെ ഇടയസ്ഥാനത്ത് എത്തിയ പ്രമുഖരിലൊരാൾ. ഇരുവിഭാഗങ്ങളിലായി ഭിന്നിപ്പിന്റെ എതിർശബ്ദങ്ങളുണ്ടായിരുന്ന കാലത്ത് സഭയെ ഐക്യത്തിലേക്കു നയിച്ചത് തദ്ദേശ മെത്രാൻമാരായ മാർ തിമോഥെയൂസ് രണ്ടാമൻ, മാർ പൗലോസ് മാർ പൗലോസ്, മാർ അപ്രേം മെത്രാപ്പൊലീത്ത എന്നിവരാണ്.

രണ്ടുപതിറ്റാണ്ടോളം സഭയുടെ മെത്രാപ്പൊലീത്ത പദവിയിൽ മാർ തിമോഥെയൂസ് രണ്ടാമൻ തിളങ്ങി. ഐക്യത്തിനു വഴിതെളിച്ചു സഭയ്ക്കു കുതിപ്പേകുകയും ചെയ്തു. പൗലോസ് മാർ പൗലോസ് മികച്ച സാമൂഹിക പ്രവർത്തകനായും പേരുകേട്ടു. മാർ അപ്രേം തൃശൂരിന്റെ സ്വന്തമായി മാറി. ആ നിരയിലേക്കാണ് മാർ ഔഗിൻ കുര്യാക്കോസിന്റെ കടന്നു വരവ്. മാർ യോഹന്നാൻ ജോസഫ് എപ്പിസ്കോപ്പയുടെ നേതൃത്വവും സഭയ്ക്കു കരുത്തായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com