പ്രവീൺ റാണ ‘കുഴപ്പക്കാരൻ’, നിരീക്ഷണം വേണം: സ്പെഷൽ ബ്രാഞ്ച് അന്നേ പറഞ്ഞു; റിപ്പോർട്ട് മുങ്ങിപ്പോയി
Mail This Article
തൃശൂർ ∙ പ്രവീൺ റാണ ‘കുഴപ്പക്കാരനാണെന്ന’ മുന്നറിയിപ്പോടെ 3 വർഷം മുൻപു സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ട് മുങ്ങിപ്പോയി. സംശയിക്കപ്പെടേണ്ട തരത്തിൽ റാണ സാമ്പത്തിക ഇടപാടുകൾ നടത്തുന്നുവെന്നും നിരീക്ഷണം ആവശ്യമുണ്ടെന്നും സ്പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ഭരണഘടനാ പദവി വഹിക്കുന്ന ഉന്നതൻ, സിനിമാ താരങ്ങൾ തുടങ്ങിയവർക്കൊപ്പം നിൽക്കുന്ന ഫോട്ടോകൾ പ്രവീൺ റാണ ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു മറ്റൊരു മുന്നറിയിപ്പ്.
സിനിമാ താരങ്ങൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ നിക്ഷേപകർക്കു മുന്നിൽ പ്രദർശിപ്പിക്കുകയും ഇവർ തന്റെ ബിസിനസ് പങ്കാളികളാണെന്നു തെറ്റിദ്ധരിപ്പിച്ചു വിശ്വാസമാർജിക്കുകയും ചെയ്താണു റാണ തട്ടിപ്പു തുടർന്നത്. ഭരണഘടനാ പദവി വഹിക്കുന്ന ഉന്നത വ്യക്തിയിൽ നിന്നു പുരസ്കാരം സ്വീകരിക്കുന്ന ചിത്രങ്ങൾ പ്രവീൺ റാണ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. താര പദവി വഹിക്കുന്ന മുതിർന്ന ചലച്ചിത്ര നടൻ തന്റെ പാർട്നർ ആണെന്നും പ്രചരിപ്പിച്ചു.
സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടും കാര്യമായ തുടർ നടപടിയൊന്നുമുണ്ടായില്ല. പൊലീസ് സേനയിൽ പ്രവീണിനുള്ള സ്വാധീനമായിരുന്നു പ്രധാന കാരണം. തന്റെ സുരക്ഷയ്ക്കു വേണ്ടി പ്രവീൺ നിയോഗിച്ച വിജിലൻസ് വിങ് എന്ന സ്വകാര്യ സുരക്ഷാ സേനയിൽ പൊലീസിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥരായിരുന്നു കൂടുതലും. ഇവർക്കു സേനയിൽ ഉണ്ടായിരുന്ന സ്വാധീനം മുതലെടുത്താണു പ്രവീൺ തനിക്കെതിരായ നീക്കങ്ങൾ പൊളിച്ചിരുന്നത്.
റാണ പൊളിഞ്ഞു, ഒരുവർഷം മുൻപേ
പ്രവീൺ റാണയുടെ ചിട്ടിക്കമ്പനിയും അനുബന്ധ ബിസിനസുകളും ഒരുവർഷം മുൻപേ പൊളിഞ്ഞ നിലയിൽ. സേഫ് ആൻഡ് സ്ട്രോങ് എന്ന പേരിൽ പ്രവീൺ നടത്തിയിരുന്ന ചിട്ടിക്കമ്പനിയുടെ ലൈസൻസ് കഴിഞ്ഞ വർഷം റജിസ്ട്രാർ ഓഫ് കമ്പനീസ് റദ്ദാക്കി. ഇതോടെ സ്ഥാപനം നിൽക്കക്കള്ളിയില്ലാത്ത നിലയിലായി. 80% ജീവനക്കാരെ പിരിച്ചു വിടേണ്ടിവന്നു.
ശരാശരി 35,000 രൂപ ശമ്പളം ലഭിച്ചിരുന്ന ജീവനക്കാർക്ക് 10,000 രൂപയിൽ താഴെ മാത്രമായി ശമ്പളം. ലൈസൻസ് റദ്ദാക്കിയിട്ടും കമ്പനിയുടെ പ്രവർത്തനം തുടരുന്നുവെന്നു കണ്ടതോടെ ‘ബാനിങ് ഓഫ് അൺ ഓതറൈസ്ഡ് ഡിപ്പോസിറ്റ് സ്കീം’ പ്രകാരം പ്രവീണിനെതിരെ നടപടിയെടുക്കാൻ വെസ്റ്റ് പൊലീസിനു റജിസ്ട്രാർ ഓഫ് കമ്പനീസ് ശുപാർശ നൽകി.
വെസ്റ്റ് പൊലീസ് കേസെടുത്തെങ്കിലും അറസ്റ്റ് ഒഴിവാക്കാൻ പ്രവീൺ റാണ കോടതിയെ സമീപിക്കുകയായിരുന്നു. സംസ്ഥാനത്താകെ 25 ശാഖകളിലായി നൂറുകണക്കിനു കാൻവാസിങ് ഏജന്റുമാർ പ്രവീൺ റാണയ്ക്കുണ്ടെന്നാണു വിവരം.
‘ഞാൻ മോൻസനല്ല, ആരെയും പറ്റിച്ചിട്ടില്ല’
പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൻസൻ മാവുങ്കലുമായി പ്രവീൺ റാണയെ താരതമ്യപ്പെടുത്തി ഏതാനും മാസം മുൻപു സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനു മറുപടിയായി ഒരു വിഡിയോയിൽ പ്രവീൺ റാണയുടെ വിശദീകരണം ഇങ്ങനെ: ‘ഞാൻ ഒരാളെപ്പോലും പറ്റിച്ചിട്ടില്ല, ആരെയും ചതിച്ചിട്ടില്ല.
മനസാക്ഷിയുടെ ജയിലിനെ മാത്രമേ ഞാൻ പേടിക്കുന്നുള്ളൂ. അല്ലാതൊരു ജയിലിനെയും എനിക്കു പേടിയില്ല. തെറ്റു ചെയ്തവനു മാത്രമേ പേടിക്കേണ്ട കാര്യമുള്ളൂ. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. എന്നെ വീഴ്ത്തണമെന്ന് ആരെങ്കിലും വിചാരിച്ചാലും ഞാൻ വീഴില്ല.’
കോടികളുടെ നിക്ഷേപവുമായി ഉടമ മുങ്ങിയെന്ന് പരാതി
തൃശൂർ ∙ പ്രവീൺ റാണയുടെ നിക്ഷേപത്തട്ടിപ്പു സംബന്ധിച്ച പരാതികൾ പ്രവഹിക്കുന്നതിനിടെ തൃശൂർ നഗരമധ്യത്തിലെ മറ്റൊരു ധനകാര്യ സ്ഥാപനത്തിനെതിരെയും പരാതികൾ. കോടികളുടെ നിക്ഷേപം സ്വീകരിച്ച ശേഷം ഉടമ സ്ഥാപനം പൂട്ടി മുങ്ങിയെന്നാണു പരാതി. വടൂക്കര സ്വദേശിക്കു മാത്രം 42 ലക്ഷം രൂപ നഷ്ടമായെന്നും പരാതിയുണ്ട്.
കൂടുതൽ പരാതിക്കാരുണ്ടെങ്കിലും ധനകാര്യ സ്ഥാപനം പൊളിഞ്ഞാൽ നിക്ഷേപം എന്നെന്നേക്കുമായി നഷ്ടപ്പെട്ടേക്കുമെന്നു ഭയന്നു പരാതി ഒതുക്കാൻ നിർബന്ധിതരായി. ചിലർ കോടതിയെ സമീപിച്ചതായും സൂചനയുണ്ട്. 42 ലക്ഷം രൂപ നഷ്ടപ്പെട്ട വടൂക്കര സ്വദേശി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നതിങ്ങനെ: 15% പലിശ വാഗ്ദാനം ചെയ്ത് ധനകാര്യ സ്ഥാപന ഉടമ 4 തവണയായി 42 ലക്ഷം രൂപ നിക്ഷേപമായി വാങ്ങി.
25 ലക്ഷം, 7 ലക്ഷം, രണ്ടു തവണയായി 5 ലക്ഷം വീതം എന്നിങ്ങനെയാണു പണം കൈപ്പറ്റിയത്. പണം സ്വീകരിച്ചതായി സാക്ഷ്യപ്പെടുത്തി രസീതും നൽകി. ഒരു വർഷത്തിനു ശേഷം പലിശ കൈപ്പറ്റാൻ ധനകാര്യ സ്ഥാപനത്തിലെത്തിയപ്പോൾ അടഞ്ഞു കിടക്കുന്നതായി കണ്ടെന്നും പരാതിയിൽ പറയുന്നു.