വിരമിച്ചപ്പോൾ ‘പോസ്റ്റ്’ ആയില്ല; പോസ്റ്റ്മാൻ നടന്നത് 15,000 കിമീ
Mail This Article
പഴയന്നൂർ∙ തപാൽ വകുപ്പിൽ നിന്നു വിരമിച്ചിട്ടും നടപ്പു തുടർന്ന് പോസ്റ്റ്മാൻ ബെംഗളൂരു രാജാജി നഗർ സ്വദേശി ചന്ദ്രശേഖർ (67). 15,000 കിലോമീറ്റർ പിന്നിട്ടാണു തൃശൂർ ജില്ലയിലൂടെ കടന്നുപോയത്. 2021 ഡിസംബർ 12നു തുടങ്ങിയതാണു യാത്ര. 14 സംസ്ഥാനങ്ങളിലുടെയും നേപ്പാളിലുടെയും ചന്ദ്രശേഖർ നടന്നു. ഡിസംബർ 26നു മാർത്താണ്ഡത്തു തുടങ്ങിയ കേരള പര്യടനം ശബരിമല അടക്കമുള്ള തീർഥാടന കേന്ദ്രങ്ങൾ പിന്നിട്ട് പാലക്കാട് അവസാനിച്ചു.
ഇനി തമിഴ്നാട്ടിലൂടെ നടന്ന് ഫെബ്രുവരി 9നു ബെംഗളൂരുവിൽ തിരിച്ചെത്തും.1983ൽ ബെംഗളൂരുവിൽ നിന്നു കാൽനടയായി ശബരിമല തീർഥാടനം നടത്തി. 2016ൽ വിരമിച്ചപ്പോൾ തീരുമാനിച്ചതാണു സ്വച്ഛ് ഭാരത് എന്ന സന്ദേശവുമായുള്ള തീർഥാടനം. ആദ്യം കുടുംബാംഗങ്ങൾ വിസമ്മതിച്ചു. ഒടുവിൽ കുടുംബം നിർബന്ധത്തിനു വഴങ്ങി. പെൻഷൻ തുകയിൽ നിന്നാണു വഴിച്ചെലവ്. ഇതുവരെ 7 ലക്ഷം ചെലവായി. യാത്രയ്ക്കു വഴി കാട്ടി ഗൂഗിൾ മാപ്പാണ്.
പിന്നിട്ട ദൂരം ഫോണിലെ പെഡോമീറ്റർ ആപ് ഉപയോഗിച്ചു കണക്കാക്കുന്നു. രാത്രി തങ്ങാനുള്ള ഇടം ഓൺ ലൈൻ മുഖേന ബുക്ക് ചെയ്യും. രാത്രി വീട്ടുകാരുമായി വിഡിയോ കോളിൽ സംസാരിക്കും. ഇന്റർനാഷനൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ 2 സ്വർണം, ഒരു വെള്ളി, 2 വെങ്കലം എന്നിവ കരസ്ഥമാക്കിയിട്ടുണ്ട് ചന്ദ്രശേഖർ. യുഎസ്എ, കാനഡ, ഫിൻലൻഡ് എന്നിവിടങ്ങളിൽ നടന്ന മാസ്റ്റേഴ്സ് വേൾഡ് മീറ്റിലും പങ്കെടുത്തിട്ടുണ്ട്.