ബിനി: 24നു വാർത്തയായി; മേയർ അറിഞ്ഞത് 30നു മാത്രം!; ആരാണ് കള്ളം പറയുന്നത്?
Mail This Article
തൃശൂർ∙ ബിനി പൊളിക്കുന്നത് അറിഞ്ഞതു ഡിസംബർ 30നാണെന്നും തൊട്ടടുത്ത ദിവസം ശക്തമായ നടപടി തുടങ്ങിയെന്നും മേയർ എം.കെ.വർഗീസ്. ബോധപൂർവം അപകീർത്തി പെടുത്താനുള്ള വാർത്തയാണു വരുന്നതെന്നും മേയർ പറഞ്ഞു. എന്നാൽ, ബിനി പൊളിക്കുന്ന വിവരം 24നു മനോരമ പ്രസിദ്ധീകരിച്ചിരുന്നു. മാത്രമല്ല ഇതു ചെയ്ത ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയുണ്ടാകുമെന്ന്, ഈ വാർത്തയിൽ കോർപറേഷൻ സെക്രട്ടറി ആർ. രാഹേഷ് കുമാർ പറഞ്ഞിട്ടുമുണ്ട്.
മേയർ നൽകിയ വിശദീകരണത്തിലെ പ്രധാന ഭാഗം:.
∙സാമ്പത്തിക നഷ്ടം ഒഴിവാക്കാനായി മേയർ എന്ന നിലയിൽ കരാറുകാരനു മുൻകൂർ അനുവാദം നൽകി. കരാറുകാരൻ 29.71 ലക്ഷം രൂപ അടച്ചു. ബാക്കി മുടങ്ങി.
∙ഡിസംബർ 30നു വിവരമറിഞ്ഞ താൻ റവന്യു എൻജിനീയറിങ് വിഭാഗത്തെ അറിയിച്ചു നടപടി സ്വീകരിക്കാൻ നിർദേശിച്ചു. തൊട്ടടുത്ത ദിവസം അനധികൃത പ്രവർത്തനം തടഞ്ഞു. പൊളിക്കുന്നതിനു കോർപറേഷന്റെ അറിവോടു കൂടിയായിരുന്നില്ല. നടപടി ഒരിക്കലും നീതീകരിക്കാൻ കഴിയുന്നതുമല്ല. ഇതു ഗുരുതര കുറ്റമാണ്. അതുകൊണ്ടു നിയമാനുസൃത നടപടി സ്വീകരിക്കും.
∙ നഷ്ടം കണക്കാക്കി തിരിച്ചു പിടിക്കുന്നതിന് ഉത്തരവ് നൽകിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം ഈ നടപടി പൂർത്തിയാകും.
∙ ചില കോൺഗ്രസ് കൗൺസിലർമാരാണു ബിനി ടൂറിസ്റ്റ് ഹോമം ഭരണ നേതൃത്വത്തിന്റെ അറിവോടെ പൊളിക്കുന്നുവെന്നു പ്രചരിപ്പിച്ചത്. കോർപറേഷൻ വാടകയ്ക്ക് കൊടുത്ത കെട്ടിടങ്ങളിൽ അനധികൃത നിർമാണം നടന്നാൽ കണ്ടുപിടിക്കാനും തുടർ നടപടി എടുക്കാനും സംവിധാനമുണ്ട്.ബാക്കിയാകുന്ന സംശയങ്ങൾ.
∙ബിനി പൊളിക്കുന്ന വിവരം ഡിസംബർ 24നു മനോരമ വാർത്തയിലുണ്ട്.
∙ 31നു മേയർ റവന്യു, എൻജിനീയറിങ് വിഭാഗത്തെ അറിയിച്ചെന്നാണു പറയുന്നത്. 23നു റവന്യു വിഭാഗം സ്ഥലം സന്ദർശിക്കുകയും സെക്രട്ടറിക്കും എൻജിനീയറിങ് വിഭാഗത്തിനും കത്തു നൽകുകയും െചയ്തിട്ടുണ്ട്. ഇതേ ദിവസം 2 കോൺഗ്രസ് കൗൺസിലർമാരും ഇരു വിഭാഗത്തെയും വിവരമറിയിച്ചിരുന്നു. ഇവരുടെ ഫോൺ സംഭാഷണത്തിൽ ഇതു വ്യക്തമാണ്.
∙ മുൻകൂർ അനുമതി നൽകി എന്നു മേയർ വ്യക്തമാക്കുന്നു. അടിയന്തര സ്വഭാവമുള്ളതോ, 50,000 രൂപയിൽ താഴെയുള്ളതോ ആയ ജോലികൾക്കാണു മേയർ മുൻകൂർ അനുമതി നൽകുന്നത്. രണ്ടു സാഹചര്യവും ഇവിടെയില്ല.
∙ പണം പൂർണമായും അടയ്ക്കാതെ നിർമാണം തുടങ്ങിയിട്ടും പൊളിച്ചവർക്കു കോർപറേഷൻ നോട്ടിസ് നൽകിയില്ല.
∙ പൊലീസിൽ പരാതി നൽകണമെന്നു റവന്യു, എൻജിനീയറിങ് വിഭാഗം 23നു വ്യക്തമാക്കിയിരുന്നു. എന്നാൽ ഇനിയും നൽകിയിട്ടില്ല.
ബിനി പൊളിക്കുന്നതു നിർത്താൻ സിപിഎം നിർദേശം
കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ബിനി ടൂറിസ്റ്റ് ഹോം അനുമതിയില്ലാതെ പൊളിക്കുന്നതു നിർത്തിവയ്ക്കാൻ സിപിഎം നിർദേശിച്ചു. പാർട്ടിയിലെ ചില നേതാക്കൾ ഇതിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കുന്നുവെന്ന പരാതി ശക്തമായതോടെയാണിത്.ബിനി പ്രതിമാസം 7.2 ലക്ഷം രൂപയ്ക്കു വാടകയ്ക്കു നൽകിയിരുന്നു. എന്നാൽ കരാറിൽ ഒരിടത്തും കെട്ടിടത്തിന്റെ ചുമരുകൾ പൊളിച്ചു ഹാളാക്കി മാറ്റുന്നതു പറഞ്ഞിരുന്നില്ല. കരാർ പ്രകാരമുള്ള തുക കെട്ടിവയ്ക്കുന്നതിനു മുൻപുതന്നെ ഇവിടെ ചുമരുകൾ പൊളിച്ചു നീക്കി. പൊളിക്കരുതെന്നും ഇതു ചെയ്യുന്നവർക്കെതിരെ പൊലീസിൽ പരാതി നൽകണമെന്നുവാശ്യപ്പെട്ടു റവന്യു വിഭാഗം നൽകിയ റിപ്പോർട്ട് മേയറുടെ മേശപ്പുറത്തു 10 ദിവസം മുൻപ് എത്തിയെങ്കിലും നടപടിയുണ്ടായില്ല.
രണ്ടു സിപിഎം നേതാക്കൾ ഇടപെട്ടാണ് ഫയൽ മുക്കിയതെന്നു പറയുന്നു. വഴിവിട്ടു കരാറുകാരനെ സഹായിക്കാൻ സിപിഎം നേതൃത്വം ആവശ്യപ്പെട്ടിട്ടില്ല. ഇതോടെയാണു പാർട്ടി ഇടപെട്ടത്.റവന്യു വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നതുപോലെ നടപടിയെടുക്കാനാണു പാർട്ടി നിർദേശം. ഇതു സ്വീകരിച്ച ശേഷം മാത്രം ജോലി തുടർന്നാൽ മതിയെന്നും വ്യക്തമാക്കിയിട്ടുണ്ട്. സിപിഎം നേതാക്കളുടെ അനുമതിയോടെ കെട്ടിടം പൊളിക്കുന്നുവെന്ന വാർത്ത പുറത്തു വന്നിട്ടും സിപിഎം ജില്ലാ നേതൃത്വമോ പ്രാദേശിക നേതൃത്വമോ നിഷേധിച്ചിരുന്നില്ല.
കോർപറേഷൻ ഭരണം നാണക്കേടുണ്ടാക്കുന്നുവെന്നു ജില്ലാ തലത്തിൽതന്നെ അഭിപ്രായമുണ്ടായതോടെ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കാൻ നിർദേശിച്ചിരുന്നു. അതിനു ശേഷവും കോർപറേഷനിലെ സിപിഎം ഭരണ ഗ്രൂപ്പ് തന്നിഷ്ടപ്രകാരം മുന്നോട്ടു പോകുകയായിരുന്നു. ഇതാണിപ്പോൾ ജില്ലാ നേതൃത്വം ഇടപെട്ടു തടഞ്ഞത്.
ഇപ്പോൾ നടത്തുന്ന പൊളിക്കലിനു കോർപറേഷനിൽ അപേക്ഷ നൽകിയിട്ടുപോലുമില്ല. കെട്ടിടത്തിന്റെ എല്ലാ ചുമരും പൊളിച്ചുവെന്ന വാർത്ത പുറത്തു വന്നിട്ടും സെക്രട്ടറിയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ തടഞ്ഞിട്ടുമില്ല. കരാർ നൽകിയ കാര്യംപോലും കൗൺസിലിനെ അറിയിച്ചിട്ടില്ല. അനധികൃതമായി പൊളിക്കൽ നടക്കുന്നുവെന്ന വിവരമടങ്ങിയ കത്തും ചില കൗൺസിലർമാർ നൽകിയ കത്തും സെക്രട്ടറിയുടെ ഫയലിലുണ്ട്.