തിരുനാവായ പാതയ്ക്ക് പ്രതീക്ഷയുടെ ചൂളംവിളി
Mail This Article
ഗുരുവായൂർ ∙ ക്ഷേത്രനഗരിയിൽ അവസാനിച്ച റെയിൽപാത വടക്കോട്ട് നീങ്ങുമോ. പ്രതീക്ഷയുടെ ചൂളം വിളി കേൾക്കാനുണ്ട്. ഗുരുവായൂർ–തിരുനാവായ പാത നടപ്പാക്കണം എന്നാവശ്യപ്പെട്ട് കേരള സർക്കാർ റെയിൽവേ ബോർഡ് ചെയർമാന് കഴിഞ്ഞ ആഴ്ച കത്ത് അയച്ചു. എൻ.കെ.അക്ബർ എംഎൽഎ മുഖ്യമന്ത്രിക്കും സംസ്ഥാന റെയിൽവേ മന്ത്രിക്കും നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ്, 2015ൽ അടച്ച ഫയൽ തുറക്കാൻ ശ്രമം നടക്കുന്നത്.
‘ദൃശ്യ ഗുരുവായൂർ’ തിരുനാവായ പാതയ്ക്കു വേണ്ടി ആയിരങ്ങളുടെ ഒപ്പ് ശേഖരിച്ച് എംഎൽഎ, എംപി, മുഖ്യമന്ത്രി, കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ, റെയിൽവേ മന്ത്രി, മെട്രോമാൻ ഇ. ശ്രീധരൻ എന്നിവർക്കു നിവേദനം നൽകി. മറ്റ് സംഘടനകളും ആവശ്യവുമായി രംഗത്തുണ്ട്. ഗുരുവായൂരിലേക്കു ട്രെയിൻ ഓടി തുടങ്ങിയത് 29 വർഷം മുൻപാണ്.
അന്ന് ട്രെയിൻ വന്നു നിന്ന സ്റ്റേഷന്റെ വടക്കേ അറ്റത്തുള്ള തിരുത്തിക്കാട്ട് പറമ്പിലെ സ്റ്റോപ് ബോർഡിനപ്പുറം റെയിൽപാത ഒരിഞ്ച് മുന്നോട്ടുപോയില്ല. 1994 ജനുവരി 9ന് പ്രധാനമന്ത്രി നരസിംഹറാവു ഗുരുവായൂർ പാത തുറന്നു. റെയിൽവേ മന്ത്രി സുരേഷ് കൽമാഡി 1995 ഡിസംബർ 17ന് ഗുരുവായൂർ–കുറ്റിപ്പുറം പാതയുടെ തറക്കല്ലിട്ടു.
പിന്നീട് ഗുരുവായൂർ–തിരുനാവായ അലൈൻമെന്റ് നിശ്ചയിച്ചു. ബജറ്റിൽ തുക വകയിരുത്തി. സംസ്ഥാന സർക്കാർ ലാൻഡ് അക്വിസിഷൻ സ്പെഷൽ തഹസിൽദാർ ഓഫിസ് തുടങ്ങി. തൃശൂർ ജില്ലയിലെ സർവേ പൂർത്തിയാക്കി. മലപ്പുറത്ത് പ്രാദേശികമായ ചില എതിർപ്പുകൾ ഉയർന്നതോടെ 2015ൽ ഓഫിസുകൾ പൂട്ടി.