സിപിഎമ്മിനു ദഹിക്കുന്നില്ല; കോഫി ഹൗസ് പൂട്ടിച്ചു
Mail This Article
തൃശൂർ ∙ കാപ്പിക്കപ്പിലെ പക അവസാനിക്കുന്നില്ല. മെഡിക്കൽ കോളജ് ആശുപത്രി ക്യാംപസിലെ ഇന്ത്യൻ കോഫി ഹൗസ് കന്റീൻ, സ്വകാര്യ കന്റീനിനു സഹായമാകും വിധത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പു പൂട്ടിച്ചതിനു പിന്നിലെ രാഷ്ട്രീയം ചർച്ചയാകുന്നു. കോഫി ഹൗസ് ഭരണ സമിതി പിടിച്ചെടുക്കാൻ സിപിഎം നാലു വർഷമായി നടത്തുന്ന ശ്രമം പരാജയപ്പെട്ടതോടെയാണു ലാഭമുണ്ടാക്കുന്ന ബ്രാഞ്ച് പൂട്ടിച്ചത്.
2018ൽ ആണ് ഇന്ത്യൻ കോഫി ഹൗസ് ഭരണ സമിതി പിടിച്ചെടുക്കാൻ സിപിഎം ശ്രമം തുടങ്ങിയത്. സഹകരണ റജിസ്ട്രാറെ ഉപയോഗിച്ചായിരുന്നു ഇത്. മുൻകൂർ നോട്ടിസ് നൽകാതിരുന്നിട്ടും അതു നൽകിയെന്നു കാണിച്ചു പൊലീസ് സഹായത്തോടെ ഭരണം ഏറ്റെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇതു പരാജയപ്പെട്ടതോടെ അവധി ദിവസം ബലമായി മിനിറ്റ്സ് ബുക്ക് ഏറ്റെടുത്തു. ഇതെല്ലാം പിന്നീടു ഹൈക്കോടതി തടഞ്ഞു.
തുടർന്നു ഭരണ സമിതി തിരഞ്ഞെടുപ്പു വന്നതോടെ 300 വോട്ടർമാരുടെ വോട്ടവകാശം സഹകരണ വകുപ്പു റദ്ദാക്കി. എന്നിട്ടും വൻ ഭൂരിപക്ഷത്തിനു സിപിഎം–ഇതര സഖ്യം ഭരണം നിലനിർത്തി. തൊട്ടടുത്ത തിരഞ്ഞെടുപ്പിലും സിപിഎം തോറ്റു. ഇതോടെയാണു മെഡിക്കൽ കോളജിൽനിന്നു കോഫി ഹൗസിനെ ഇറക്കാൻ നീക്കം തുടങ്ങിയത്.
18 വർഷമായി അവിടെ പ്രവർത്തിക്കുന്ന കോഫി ഹൗസിനു സാധാരണ നിലയിൽ വർഷംതോറും കരാർ പുതുക്കി നൽകുകയാണു ചെയ്യുക. എന്നാൽ 2018 നവംബർ 30നു രാത്രി കരാർ അവസാനിച്ചെന്നും 4 ദിവസത്തിനകം ഒഴിയണമെന്നും കാണിച്ച് നോട്ടിസ് നൽകി. 90 ജീവനക്കാരുണ്ടെന്നും ഇവരെ പുനരധിവസിപ്പിക്കാൻ 6 മാസം കൂടി സമയം അനുവദിക്കണമെന്നും തൊഴിലാളികൾ അഭ്യർഥിച്ചു.
ആശുപത്രി സൂപ്രണ്ട് ഇതു തള്ളി. കോഫി ഹൗസ് തൊഴിലാളികൾ ഹൈക്കോടതിയെ സമീപിച്ചപ്പോൾ അവിടെ കെട്ടിടം നിർമിക്കാനാണ് ഒഴിപ്പിക്കുന്നതെന്നു സൂപ്രണ്ട് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. കെട്ടിട നിർമാണം തുടങ്ങുന്നതിന് 15 ദിവസം മുൻപു മാത്രം ഒഴിപ്പിക്കുകയും കെട്ടിട നിർമാണം പൂർത്തിയാക്കി കോഫി ഹൗസിനു സ്ഥലം നൽകുകയും വേണമെന്ന് ജസ്റ്റിസ് അനു ശിവരാമൻ വിധിച്ചു.
രണ്ടു മാസത്തിനു ശേഷം വിവരാവകാശ പ്രകാരം ചോദിച്ചപ്പോൾ അവിടെ കെട്ടിട നിർമാണം തൽക്കാലം നടത്തുന്നില്ലെന്നായിരുന്നു സൂപ്രണ്ടിന്റെ മറുപടി. വൈകാതെ വീണ്ടും ഒഴിപ്പിക്കാൻ നോട്ടിസ് നൽകി. ഇത്തവണ സൗന്ദര്യവത്കരണമായിരുന്നു പറഞ്ഞ കാരണം. എന്നാൽ ഈ കെട്ടിടം നിൽക്കുന്ന സ്ഥലം ഒഴിച്ചു ബാക്കി സൗന്ദര്യവത്കരിക്കാൻ കോടതി അനുമതി നൽകി. രണ്ടു വർഷത്തിനു ശേഷം ഒരു ജോലിയും നടത്തിയിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിൽ കോഫി ഹൗസിലേക്കുള്ള വഴി ആശുപത്രി അധികൃതർ കെട്ടിയടച്ചു. അവിടെ സ്ഥാപിക്കാൻ കൊണ്ടുവന്ന ഇൻസിനറേറ്റർ തടയുകയും ചെയ്തു. മാത്രമല്ല ഇവിടെയുണ്ടായിരുന്ന പാർക്കിങ്ങിലേക്കു വാഹനങ്ങൾ കടക്കുന്നതും തടഞ്ഞു.ഹൈക്കോടതിയിൽ കോടതിയലക്ഷ്യ കേസു നടന്നുകൊണ്ടിരിക്കെ മൂന്നാഴ്ച മുൻപു സൂപ്രണ്ട് വീണ്ടും കോഫി ഹൗസ് പൂട്ടിക്കാൻ നോട്ടിസ് നൽകി.
തൊട്ടടുത്ത ദിവസം സിപിഎം ഭരിക്കുന്ന അവണൂർ ഗ്രാമ പഞ്ചായത്തും നോട്ടിസ് നൽകി. 21 ദിവസത്തിനകം പൂട്ടാനായിരുന്നു സൂപ്രണ്ടിന്റെ ഉത്തരവ്. തൊഴിലാളികൾ വീണ്ടും കോടതിയെ സമീപിച്ചതോടെ ആരോഗ്യ വിഭാഗത്തിന്റെ പ്രത്യേക സംഘം എറണാകുളത്തുനിന്നു വന്നു മിന്നൽ പരിശോധന നടത്തി കോഫി ഹൗസ് പൂട്ടിച്ചു.
പൂട്ടാൻ നൽകിയ നോട്ടിസിൽ ഭക്ഷണത്തെപ്പറ്റി ഒന്നും പറയുന്നില്ല. തറ പൊളിഞ്ഞിരിക്കുന്നു, ചുമരിൽ മാറാലയുണ്ട് എന്നീ കാരണങ്ങളാണു പറഞ്ഞിരിക്കുന്നത്. സിപിഎം ഭീഷണിയിൽ കോഫി ഹൗസ് പൂട്ടിയതോടെ സ്വാഭാവികമായും ലാഭം വർധിക്കുക സ്വകാര്യ കന്റീനിനാണ്.തൃശൂർ നഗരത്തിലെ ഇന്ത്യൻ കോഫി ഹൗസിന്റെ പ്രവർത്തനം തടയാനും ഒരിക്കൽ ശ്രമം നടന്നിരുന്നു.
പോരായ്മ പരിഹരിച്ച് റിപ്പോർട്ട് നൽകി
ഇന്ത്യൻ കോഫി ഹൗസ് കന്റീനിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഭക്ഷ്യ സുരക്ഷാ വിഭാഗം ചൂണ്ടിക്കാട്ടിയ ന്യൂനതകൾ പരിഹരിച്ച് കോഫി ഹൗസ് മാനേജർ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകി. 22 വർഷമായി ആശുപത്രി വളപ്പിൽ പ്രവർത്തിച്ചു വരുന്ന കോഫി ഹൗസ് ലാഭേച്ഛയില്ലാതെ തൊഴിലാളികളുടെ നിത്യ ജീവിത ഉപാധി എന്ന നിലയിലാണ് പ്രവർത്തിക്കുന്നതെന്നും പഴകിയ ഭക്ഷണം സൂക്ഷിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന രീതി ഒരു കോഫി ഹൗസിലും ഇല്ലെന്നും പരിശോധനയിൽ അത്തരം ഒരു കുറ്റം ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 15 ലക്ഷം രൂപ ചെലവഴിച്ചാണ് നിലവിലെ കെട്ടിടം ഒരു വർഷം മുമ്പ് നവീകരിച്ചതെന്നും പരിശോധനയിൽ കണ്ടെത്തിയ അടർന്ന സീലിങ് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.