ADVERTISEMENT

തലച്ചോറിൽ കാൻസർ പിടിപെട്ട 3 വയസ്സുകാരിയെ രക്ഷിക്കാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ അതിസങ്കീർണ ചികിത്സ; സംസ്ഥാനത്ത് ആദ്യം

മുളങ്കുന്നത്തുകാവ് ∙ ദിവസവും അനസ്ത‍ീസിയ നൽകി റേഡിയേഷനു വിധേയമാക്കേണ്ടിവന്ന 30 ദിവസങ്ങൾ. 3 വയസ്സുകാരി ഇഷിഖ കൃഷ്ണയെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാൻ മെഡിക്കൽ കോളജ് ഓങ്കോളജി വിഭാഗത്തിലെ ഡോക്ടർമാർ നടത്തിയത് അതിസങ്കീർണ പോരാട്ടം. തലച്ചോറിൽ ബാധിച്ച കാൻസറായിരുന്നു തിരുവില്വാമല പട്ടിപ്പറമ്പ് കുറുമ്മങ്ങാട്ടുപടി മധുവിന്റെയും കൃഷ്ണേന്ദുവിന്റെയും മകൾ ഇഷിഖയുടെ ജീവൻ അപകടത്തിലാക്കിയത്. മാതൃതുല്യമായ കരുതലും സൂക്ഷ്മതയുമായി 30 ദിവസം തുടർച്ചയായി ഒപ്പം നിന്നു ഡോക്ടർമാർ റേഡിയേഷൻ വിജയകരമായി പൂർത്തിയാക്കി.

സംസ്ഥാനത്താദ്യമായാണു ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 3 വയസ്സുള്ള കുഞ്ഞിനു റേഡിയേഷൻ ചികിത്സ വിജയകരമായി പൂർത്തിയാക്കുന്നതെന്നു ഡോക്ടർമാർ പറഞ്ഞു. സ്വകാര്യ മേഖലയിൽ 20 ലക്ഷം രൂപയോളം ചെലവാകുന്ന ചികിത്സ സൗജന്യമായാണ് ഉറപ്പാക്കിയത്. റേഡിയേഷൻ ചികിത്സയും 2 ആഴ്ചത്തെ നിരീക്ഷണവും വിജയകരമായി പൂർത്തിയാക്കിയ ശേഷം ഇഷിഖയെയും കൂട്ടി മാതാപിതാക്കൾ ഇന്നലെ തുടർ പരിശോധനയ്ക്കായി ആശുപത്രിയിലെത്തി.

കളിയും ചിരിയുമായി ആഹ്ലാദവതിയായി കാണപ്പെട്ട ഇഷിഖയുടെ ആരോഗ്യ നിലയിൽ വലിയ പുരോഗതിയ‍ുണ്ടെന്നു ഡോക്ടർമാർ പറഞ്ഞു. കുഞ്ഞിനു തളർച്ചയുണ്ടായതിനെത്തുടർന്നാണു മാതാപിതാക്കൾ മാസങ്ങൾക്കു മുൻപു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചതോടെ ന്യൂറോ സർജറി വിഭാഗത്തിൽ ശസ്ത്രക്രിയ പൂർത്തിയാക്കി ആർസിസിയിൽ റേഡിയേഷൻ ചികിത്സയ്ക്കു റഫർ ചെയ്തു.

തുടർന്നാണു നെഞ്ചുരോഗാശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിലെത്തുന്നത്. ഓങ്കോളജി വിഭാഗം മേധാവി ഡോ.കെ. സുരേഷ് കുമാർ, അനസ്തീസിയ വിഭാഗം അസോഷ്യേറ്റ് പ്രഫസർ ഡോ. എം. ബിന്ദു, ഡോ.ടി.ആർ. സോന റാം, ഡോ. അർച്ചന, ഡോ.വീണ, റേഡിയേഷൻ സേഫ്റ്റി ഓഫിസർ നിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു റേഡിയേഷൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com