ചാലക്കുടിയെയും കാടുകുറ്റിയെയും ബന്ധിപ്പിക്കാൻ ആറങ്ങാലിക്കടവ് പാലത്തിന് ഇനിയെത്ര കാക്കണം?
Mail This Article
ചാലക്കുടി ∙നഗരസഭയിലെ പടിഞ്ഞാറേ ചാലക്കുടിയെയും കാടുകുറ്റി പഞ്ചായത്തിലെ അന്നനാട് ആറങ്ങാലിക്കടവിനെയും ബന്ധിച്ചു ചാലക്കുടിപ്പുഴയ്ക്കു കുറുകെ നിർമിക്കുമെന്നു പ്രഖ്യാപിച്ച ആറങ്ങാലിക്കടവ് പാലം യാഥാർഥ്യമാകാൻ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരും. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കാനുദ്ദേശിക്കുന്ന പാലത്തിന് ഇതുവരെ ധനകാര്യ അനുമതിയായിട്ടില്ല. സർവേ നടത്താൻ കിഫ്ബി തുക അനുവദിച്ച ശേഷം തുടർ നടപടികൾ കാര്യമായുണ്ടായില്ല. സർവേയ്ക്കും മണ്ണു പരിശോധനയ്ക്കുമായി 5 ലക്ഷം രൂപയാണ് അനുവദിച്ചത്.
മണ്ണ് പരിശോധനയും മറ്റും റൂബി സോഫ്ടെക് എന്ന സ്ഥാപനമാണ് നടത്തുക എന്നാണ് അധികൃതർ അറിയിച്ചിരുന്നത്. പാലം നിർമാണത്തിന്റെ അനുബന്ധമായി ഇരുകരകളിലും റോഡും ഒരുക്കേണ്ടി വരും. ഇതിനുള്ള സ്ഥലം ഏറ്റെടുക്കൽ അടക്കമുള്ള നടപടികളുടെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും നടന്നിട്ടില്ല. എസ്റ്റിമേറ്റ് തയാറാക്കലും വിശദമായ പദ്ധതി രൂപരേഖ തയാറാക്കലും ഉൾപ്പടെ നടന്നിട്ടില്ല. നേരത്തെ സംസ്ഥാന ബജറ്റിൽ പാലം നിർമിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.
പിന്നീടാണു കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചത്. പാലം യാഥാർഥ്യമായാൽ എറണാകുളം ഭാഗത്തു നിന്നു വരുന്നവർക്ക് ചാലക്കുടി നഗരത്തിലെത്താതെ ചാലക്കുടി റെയിൽവേ സ്റ്റേഷൻ, അഷ്ടമിച്ചിറ, മാള തുടങ്ങിയ ഭാഗങ്ങളിലെത്താൻ സാധിക്കും. പട്ടണത്തിലെ ഗതാഗതത്തിരക്ക് കുറയ്ക്കാൻ ഇതുവഴി സാധിക്കുമെന്നായിരുന്നു പ്രധാന വാഗ്ദാനം. ചാലക്കുടിപ്പാലം വരുന്നതിന് മുൻപു കാടുകുറ്റി പ്രദേശവും ചാലക്കുടിയും തമ്മിൽ ബന്ധം പുലർത്തിയിരുന്നത് ആറങ്ങാലി കടവിലൂടെയാണ്.
കർഷകരും തൊഴിലാളികളും വിദ്യാർഥികളും ഉൾപ്പെടെ ആദ്യകാലത്ത് പുഴ കടന്നിരുന്നത് ഈ ഭാഗത്തു കൂടിയാണ്. പുഴയ്ക്ക് അക്കാലത്തു ആഴം കുറവായിരുന്നെന്നു പഴമക്കാർ പറയുന്നു. മറുകരയിലേക്ക് പുഴയിലൂടെ നടന്നു പോകാനും സാധിച്ചിരുന്നു. കൂടാതെ കടത്തു വഞ്ചിയുടെ സേവനവും ഉണ്ടായിരുന്നു. ഇപ്പോൾ ആറങ്ങാലിയിൽ പുഴയുടെ ഇരുകരകളിലും മണൽത്തിട്ടകൾ രൂപപ്പെട്ടിട്ടുണ്ട്.
പുഴയുടെ ഇടതുകരയിൽ വിശാലമായ മണപ്പുറമാണുള്ളത്. ഇവിടെ നിന്ന് 3 കിലോമീറ്റർ മാറി നഗരസഭയെയും മാളയെയും ബന്ധിപ്പിച്ചു പാറക്കൂട്ടം പാലം നിർമിക്കാനുള്ള നീക്കവും സാങ്കേതികക്കുരുക്കുകളിൽ കുടുങ്ങി കിടക്കുകയാണ്. 2 പാലങ്ങളും യാഥാർഥ്യമാകുന്നതോടെ നഗരസഭയുടെ പടിഞ്ഞാറൻ മേഖലയുടെ വികസനത്തിന് ആക്കമുണ്ടാകു മെന്നാണു പ്രതീക്ഷ.