കാരുണ്യത്തിന്റെ നൂലിഴകൾക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്
Mail This Article
തൃശൂർ ∙ നൂലിഴകൾ കൊണ്ട് മദർ തെരേസയുടെ ഛായാചിത്രം തീർത്ത തൃശൂർ സ്വദേശി വിൻസന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്. 10 അടി നീളത്തിലും വീതിയിലുമായി വൃത്താകൃതിയിലുള്ള കാൻവാസ് ബോർഡിൽ മൂവായിരത്തി അഞ്ഞൂറിൽപ്പരം നൂലിഴകൾ കൊണ്ട് നിർമിച്ച ചിത്രം ലാർജസ്റ്റ് പിൻ ആൻഡ് ത്രഡ് ആർട്ട് കാറ്റഗറിയിലാണ് റെക്കോർഡ് സ്ഥാപിച്ചത്. ഇറാഖ് സ്വദേശി സയ്യിദ് ബാഷൂണിന്റെ പേരിലുള്ള ആറര അടി വലിപ്പമുള്ള ചിത്രത്തിന്റെ റെക്കോർഡ് ആണ് മറികടന്നത്.
2022 സെപ്റ്റംബർ 9നു രാവിലെ 8നു ആരംഭിച്ച് ഉച്ചയ്ക്കു 3 വരെ തുടർച്ചയായി ഏഴു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് നൂലിഴ ചിത്രം പൂർത്തീകരിച്ചത്. കളമശ്ശേരി രാജഗിരി പബ്ലിക് സ്കൂളിലെ ചിത്രകലാ അധ്യാപകനും നെടുംബാൾ പല്ലിശ്ശേരി വീട്ടിൽ പരേതനായ ലോനപ്പന്റെയും അന്നമ്മയുടെയും മകനുമാണ് അനാമോർഫിക് ആർട്ടിസ്റ്റ് കൂടിയായ വിൻസന്റ്. അനാമോർഫിക് ആർട്ടിൽ 2108ൽ യുആർഎഫ് ഏഷ്യൻ റെക്കോർഡ് നേടിയിട്ടുണ്ട്. 67 വർഷത്തെ ഗിന്നസ് റെക്കോർഡ് ചരിത്രത്തിൽ വ്യക്തിഗത ഇനത്തിൽ ഗിന്നസ് നേട്ടം കൈവരിക്കുന്ന അറുപതാമത്തെ മലയാളിയാണ് വിൻസന്റ് എന്ന് ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് കേരള പ്രസിഡന്റ് സത്താർ ആദൂർ, ജോൺസൺ പല്ലിശ്ശേരി, ജോ ഫ്രാൻസിസ് എന്നിവർ പറഞ്ഞു.