ഇരിങ്ങാലക്കുട സ്റ്റേഷനിൽ 10 കോടിയുടെ വികസനം
Mail This Article
കല്ലേറ്റുംകര ∙ അമൃത് നഗരം പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ 10 കോടിയുടെ വികസനം നടത്തുമെന്ന് ഇന്ത്യൻ റെയിൽവേ പാസഞ്ചർ അമിനിറ്റീസ് ചെയർമാനും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ പി.കെ.കൃഷ്ണദാസ് പറഞ്ഞു. ഇന്നലെ സ്റ്റേഷൻ സന്ദർശിച്ച അദ്ദേഹം, പ്ലാറ്റ് ഫോമുകൾക്ക് മേൽക്കൂര, ഇരിപ്പിടങ്ങൾ, വിശ്രമമുറി, കൂടുതൽ ശുചിമുറികൾ, ഇരിപ്പിടങ്ങൾ, വെള്ളം,വെളിച്ചം, പാർക്കിങ് തുടങ്ങി കൂടുതൽ സൗകര്യങ്ങൾ പദ്ധതിയിലൂടെ ലഭ്യമാകുമെന്ന് അറിയിച്ചു.
കോവിഡിന് മുൻപ് സ്റ്റേഷനിൽ നിർത്തിയിരുന്ന എല്ലാ ട്രെയിനുകൾക്കും ചില പുതിയ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം റെയിൽവേ ബോർഡിൽ ഉന്നയിക്കുമെന്നും യാത്രക്കാരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായ കിഴക്കേ പ്ലാറ്റ് ഫോമിൽ കോഫി ഷോപ്പിനായി ഒരാഴ്ചയ്ക്കുള്ളിൽ ടെൻഡർ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഷൻ സൂപ്രണ്ട് ഇ.ഡി.രാജേഷുമായി അദ്ദേഹം ചർച്ച നടത്തി. ബിജെപി ഇരിങ്ങാലക്കുട, ആളൂർ മണ്ഡലം കമ്മിറ്റികൾ, റെയിൽവേ പാസഞ്ചേഴ്സ് കമ്മിറ്റികൾ,
വിവിധ സംഘടനകൾ തുടങ്ങിയവ റെയിൽവേ അടിസ്ഥാന വികസന സംബന്ധമായ നിവേദനങ്ങൾ നൽകി. പി.എൻ. ഈശ്വരൻ, സുജയ് സേനൻ, ഷാജുമോൻ വട്ടേക്കാട്, ലോചനൻ അമ്പാട്ട്, കൃപേഷ് ചെമ്മണ്ട, പി.എസ്.സുബീഷ്, എ.വി.രാജേഷ്, വിപിൻ, ഷൈജു കുറ്റിക്കാട്ട്, ജിനോയ് എന്നിവരും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ജില്ലയിൽ രണ്ടാം സ്ഥാനമുള്ള റെയിൽവേ സ്റ്റേഷനെ കാലങ്ങളായി റെയിൽവേയും ജനപ്രതിനിധികളും അവഗണിക്കുകയാണെന്ന് ആക്ഷേപം ഉണ്ട്.