ADVERTISEMENT

തൃശൂർ ∙ കരുണയുടെ ദൂതൻമാർ ഇന്നലെ മെഡിക്കൽ കോളജിലെ നിർധന രോഗികൾക്കരികിൽ പറന്നെത്തിയത് സ്നേഹമുരുട്ടിയ കൊഴുക്കട്ടയുമായി. ഒന്നല്ല, രണ്ടല്ല 1500 കൊഴുക്കട്ട. അൻപതോളം വീട്ടമ്മമാർ ഉള്ളംകയ്യിലുരുട്ടിയെടുത്തത്. കരുണയുടെ ദൂതന്മാരുടെ സാരഥി ദേവസി ചിറ്റിലപ്പിള്ളിയും സംഘവും അതിൽ ഒരു ‘പിടി’ നന്മ കൂടി ചേർത്തു. കൊഴുക്കട്ടയ്ക്കൊപ്പം കോഴിപ്പിടി എന്നറിയപ്പെടുന്ന പിടി എന്ന പലഹാരം. ഈ ആഘോഷത്തിനിടയിലും അവർ ദിവസേനയുള്ള ഉച്ചഭക്ഷണം മുടക്കിയില്ല. ആയിരത്തോളം പേർക്കുള്ള സൗജന്യ ഭക്ഷണവും ഇന്നലെ ആശുപത്രിയിൽ വിതരണം ചെയ്തു. 20 വർഷമായി മുടങ്ങാത്ത ഭക്ഷണവിതരണം.

വെളപ്പായ സെന്റ് മേരീസ് ദേവാലയത്തിലെ അൻപതോളം വീട്ടമ്മമാരാണ് കൊഴുക്കട്ടയുണ്ടാക്കിയത്. പള്ളിയും വികാരിയും ഇടവക ജനങ്ങളും നൽകിയ പിന്തുണയാണു ഈ വലിയ തീരുമാനത്തിനു കരുത്തായതെന്നു ദേവസി ചിറ്റിലപ്പിള്ളി പറഞ്ഞു.കൊഴുക്കട്ട ആരോഗ്യം കൊഴുക്കട്ടെ എന്ന ആഗ്രഹത്തോടെ ഔഷധ ഗുണത്തോടെ തന്നെയാണ് തയാറാക്കിയത്. ശർക്കരയും തേങ്ങയും വരട്ടി അതിൽ ചുക്കും ജീരകവും ഏലക്കായും ചേർത്തു തയാറാക്കിയ കൂട്ടാണ് കൊഴുക്കട്ടയ്ക്ക് ഉള്ളിൽ വച്ചത്. അതിൽ കൊറിക്കുമ്പോൾ രസം കൂട്ടാൻ അരിനുറുക്ക് വറത്തിട്ടതു വേറെ.രാവിലെ ഏഴിന് ഇവിടുത്തെ ചെറുപ്പക്കാരുടെ സംഘമെത്തി ഒരുക്കം തുടങ്ങി. വീട്ടുപണിയൊതുക്കി പിന്നാലെ അമ്മമാരും. 

അപ്പോൾ ഈസ്റ്ററിനോ, എന്നു ചോദിച്ചാൽ ഉടൻ വരുന്നുണ്ട് ഇവരുടെ മറുപടി. അന്ന് ചിക്കൻ ബിരിയാണിയാണു രോഗികൾക്കുള്ള സമ്മാനം. 150 കിലോ അരിയും 300 കിലോ ചിക്കനും വേണ്ടിവരും. സുമനസ്സുകൾ നൽകുന്ന സഹായം കൊണ്ടാണ് കരുണയുടെ ദൂതന്മാർ ഇതു ചെയ്യുന്നത്. ഈസ്റ്റർ വിളിപ്പാടകലെ നിൽക്കുമ്പോൾ ഒന്നും കരുതിവച്ചിട്ടില്ല താനും. ദൈവം നടത്തും– എന്ന വാക്ക്. അതിലാണ് കാര്യങ്ങൾ

നടന്നു പോകുന്നതെന്നു കരുണയുടെ ദൂതന്മാർ പറയുന്നു. ഭക്ഷണത്തിൽ മാത്രമല്ല ഈ കൂട്ടായ്മയുടെ പീഡാനുഭവ വാരാചരണം. തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന മുപ്പതോളം പേരെ മുടിയും താടിയും വെട്ടി, കുളിപ്പിച്ചൊരുക്കിയിട്ടുമുണ്ട്. പാലക്കാട് ജില്ലാ ആശുപത്രിയിലെ നിർധനരോഗികൾക്കും കഴിഞ്ഞദിവസം ഇവർ സഹായമെത്തിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com