വിഷുപ്പുലരിയിൽ കണികണ്ടുണരാൻ കൃഷ്ണ വിഗ്രഹങ്ങളൊരുക്കി രാജസ്ഥാൻ സ്വദേശികൾ
Mail This Article
കൊടകര ∙ മേട വിഷുപ്പുലരിയിൽ കണികണ്ടുണരാനും പ്രാർഥിക്കാനുമായി ആയിരക്കണക്കിന് കൃഷ്ണ വിഗ്രഹങ്ങളൊരുക്കിയിരിക്കുകയാണ് രാജസ്ഥാൻ സ്വദേശിയായ ബാബുരാജും തൊസഹായികളും. നെല്ലായി ദേശീയപാതയോരത്തെ വീടും വീട്ടുമുറ്റവും നിറയെ രാജസ്ഥാൻ സ്വദേശികൾ തീർത്ത കൃഷ്ണവിഗ്രഹങ്ങളാണ്. വിഷുവിന് 2 ദിവസം ബാക്കിനിൽക്കെ വിശ്രമമില്ലാതെ ഇവർ തീർത്ത കൃഷ്ണവിഗ്രഹങ്ങളാണ് മറ്റുപല ജില്ലകളിലേക്കും കയറ്റി അയയ്ക്കുന്നത്. രാജസ്ഥാനിലെ ജോധ്പൂർ സ്വദേശി ഓംപ്രകാശിന്റെ സഹായി ബാബുരാജിന്റെ മേൽനോട്ടത്തിലാണ് നിർമാണം.
25 വർഷം മുൻപാണ് ഓംപ്രകാശിന്റെ കുടുംബം തിരുവനന്തപുരത്തെത്തി ശിൽപ നിർമാണം ആരംഭിച്ചത്. കാസർകോട്, നീലേശ്വരം, പാലക്കാട്, തൃശൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും വിഗ്രഹം നിർമിച്ച് വിൽപന നടത്തിയിരുന്നു. 10 വർഷത്തിലധികമായി നെല്ലായിയിൽ വീട് വാടകയ്ക്കെടുത്ത് സഹായികളെ കൂട്ടിയാണ് നിർമാണം വിപുലീകരിച്ചത്. റബർ മോൾഡിൽ ജിപ്സം ഒഴിച്ചാണ് വിഗ്രഹങ്ങൾ ഉണ്ടാക്കുന്നത്. അരയടി മുതൽ 4 അടി വരെ ഉയരമുള്ള ശിൽപങ്ങൾക്ക് 250 മുതൽ 1300 രൂപവരെയാണ് വില.