കിള്ളിമംഗലം ആൾക്കൂട്ട മർദനം: 4 പേർ കീഴടങ്ങി
Mail This Article
കിള്ളിമംഗലം ∙ അടയ്ക്ക മോഷണമാരോപിച്ചു കിള്ളിമംഗലത്ത് യുവാവ് ആൾക്കൂട്ട മർദനത്തിനിരയായ സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന 4 പേർ ചേലക്കര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പൈങ്കുളം പടിഞ്ഞാറെ പീടികയിൽ നിയാസ് (35) , കിള്ളിമംഗലം ആലിക്ക പീടികയിൽ നൗഫൽ (29), കിള്ളിമംഗലം കുറുക്കൻ മൂച്ചിക്കൽ മരക്കാർ (38), കിള്ളിമംഗലം കോലഴി വീട്ടിൽ പത്മനാഭൻ (35) എന്നിവരാണ് രാവിലെ അന്വേഷണ ചുമതലയുള്ള എസിപി ടി. എസ്. സിനോജിനു മുൻപിൽ കീഴടങ്ങിയത്.
ഇതോടെ 11 പേർക്കെതിരെ റജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. 3പേർ ഒളിവിലാണ്. വ്യാപാരിയുടെ വീട്ടിൽനിന്ന് അടയ്ക്ക മോഷ്ടിക്കാൻ ശ്രമിച്ചെന്നാരോപിച്ചു വെട്ടിക്കാട്ടിരി നമ്പുള്ളിപടി സന്തോഷിനെ (33) ആൾക്കൂട്ടം കെട്ടിയിട്ടു മർദിച്ചെന്നാണ് കേസ്. ശനി പുലർച്ചെ 2ന് ആയിരുന്നു സംഭവം. തലയ്ക്കു ഗുരുതര പരുക്കേറ്റ് അബോധാവസ്ഥയിലായി മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ സന്തോഷ് ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.
സംഭവത്തിൽ അടയ്ക്ക വ്യാപാരി പ്ലാക്കൽ പീടികയിൽ അബ്ബാസ്, സഹോദരൻ ഇബ്രാഹിം, ബന്ധു അൽത്താഫ്, അയൽവാസി മുണ്ടനാട്ട്പീടികയിൽ കബീർ എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അബ്ബാസിന്റെ വീട്ടിലെ സിസിടിവി ക്യാമറകളിൽ പലവട്ടം അടയ്ക്കച്ചാക്കുകൾ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ സന്തോഷിനെതിരെ മോഷണ ശ്രമത്തിനു പൊലീസ് കേസെടുത്തിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സംഭവസ്ഥലത്തുനിന്ന് മുക്കാൽ കിലോമീറ്റർ നീങ്ങി വഴിയരികിൽ നിന്നായി സന്തോഷിന്റെ സ്കൂട്ടർ ഇന്നലെ പൊലീസ് കണ്ടെടുത്തു.