ADVERTISEMENT

കോട്ടയ്ക്കൽ∙ പതിനായിരങ്ങൾ പങ്കെടുക്കുന്ന തൃശൂർ  പൂരത്തിന്റെ ഏറ്റവും സവിശേഷ കാഴ്ചകളിലൊന്നായ മഠത്തിൽവരവ് പഞ്ചവാദ്യത്തിന് ഇത്തവണ മദ്ദളത്തിൽ പ്രമാണം വഹിക്കുന്നത് കോട്ടയ്ക്കൽ രവി. 28 വർഷമായി തൃശൂർ പൂരത്തിന് വാദ്യരംഗത്ത് തലയെടുപ്പോടെ നിലയുറപ്പിക്കുന്ന രവി കോട്ടയ്ക്കൽ 

പിഎസ് വി നാട്യസംഘത്തിലെ മദ്ദളവിഭാഗം പ്രധാന അധ്യാപകനും തലവനുമാണ്.നേരത്തേ പാറമേക്കാവ് വിഭാഗത്തിനു വേണ്ടിയാണ് തൃശൂർ പൂരത്തിൽ പങ്കെടുത്തിരുന്നത്. മഠത്തിൽവരവ് പഞ്ചവാദ്യ നിരയിലെത്തിയിട്ട് 18 വർഷമായി. കൊളമംഗലത്ത് നാരായണൻ നായർ, കടവല്ലൂർ അരവിന്ദാക്ഷൻ, കല്ലേക്കുളങ്ങര കൃഷ്ണവാരിയർ, ചെർപ്പുളശേരി ശിവൻ എന്നിവരുടെ പിൻഗാമിയായാണ് ഇപ്പോൾ പ്രമാണം ഏറ്റെടുക്കുന്നത്. തിരുവമ്പാടി ദേവിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിൽ നിന്നു വടക്കുംനാഥ ക്ഷേത്രത്തിലേക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് എഴുന്നള്ളിക്കുക. 17 വീതം തിമില, കൊമ്പ്, ഇലത്താളം എന്നിവയും 9 മദ്ദളവും 4 ഇടയ്ക്കയും കൂട്ടത്തിലുണ്ടാകും.

3 വർഷം മുൻപ് രാത്രി പൂരത്തിന്റെ മദ്ദളവാദനത്തിനിടെ സമീപത്തെ വലിയ മരം പൊട്ടിവീണു ഒരാൾ മരിക്കുകയും രവി അടക്കമുള്ളവർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. നീണ്ട ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം കഴിഞ്ഞവർഷമാണ് വീണ്ടും രംഗത്തെത്തിയത്. ഉത്രാളിക്കാവ്, നെൻമാറ- വല്ലങ്ങി, അങ്ങാടിപ്പുറം, എറണാകുളം, കോട്ടയ്ക്കൽ തുടങ്ങിയ ഒട്ടേറെ ഇടങ്ങളിലെ ഉത്സവങ്ങൾക്കും പതിവുസാന്നിധ്യമാണ് അദ്ദേഹം.

കൊളത്തൂർ സ്വദേശിയായ രവി 50 വർഷം മുൻപാണ്.പിഎസ് വി നാട്യസംഘത്തിൽ മദ്ദളവിദ്യാർഥിയായി ചേരുന്നത്. പാലൂർ അച്യുതൻ നായർ, ശങ്കരനാരായണ മേനോൻ എന്നിവരായിരുന്നു ഗുരുക്കൻമാർ. 1980ൽ സദനത്തിൽ ഒരു വർഷം അധ്യാപകനായി. ഈ വേളയിലാണ് മദ്ദളവാദന കലയിലെ പ്രമുഖനായ ചെർപ്പുളശേരി ശിവന്റെ ശിഷ്യനാകുന്നത്. വീണ്ടും നാട്യസംഘത്തിലെത്തിയ രവി 1990ൽ അച്യുതൻ നായർ വിരമിച്ചപ്പോൾ മദ്ദള വിഭാഗത്തിൽ പ്രധാന ആശാനായി.

പഞ്ചവാദ്യം എന്ന പോലെ തന്നെ കഥകളി മദ്ദളത്തിലും സ്വന്തമായ മേൽവിലാസമുണ്ട് രവിക്ക്. കലാമണ്ഡലം അവാർഡ്, കേരള സംഗീത നാടക അക്കാദമി പുരസ്കാരം അടക്കമുള്ള ഒട്ടേറെ ബഹുമതികൾ നേടിയ രവി കോട്ടയ്ക്കൽ പാണ്ഡമംഗലത്താണ് താമസം. രത്നകുമാരിയാണ് ഭാര്യ. മക്കൾ: വിഘ്നേഷ് രവി, മേഘ രവി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com