ഒരാഴ്ചയായി മണ്ണുകടത്ത്; ഒടുവിൽ പിടികൂടി
Mail This Article
പരിയാരം ∙ മുനിപ്പാറ ക്ഷേത്രം കടവിൽ ചാലക്കുടിപ്പുഴയോരം വൻ തോതിൽ കയ്യേറി മണ്ണു കടത്തി. പ്രദേശവാസികളുടെ പരാതിയെ തുടർന്നു പൊലീസ് എത്തി മണ്ണെടുപ്പു തടഞ്ഞു. മണ്ണു നീക്കാൻ ഉപയോഗിച്ച 2 ടിപ്പർ ലോറികളും ഒരു മണ്ണുമാന്തി യന്ത്രവും എസ്ഐ ഷാജു എടത്താടന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. പ്രളയത്തിൽ പുഴയിൽ അടിഞ്ഞ മണൽത്തിട്ടയാണു മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇളക്കി മണ്ണു ലോറിയിൽ കയറ്റി കയറ്റി കൊണ്ടു പോയത്.
ഒരാഴ്ചയായി ഇവിടെ മണ്ണു കടത്തു നടന്നിരുന്നതായാണു പ്രദേശവാസികൾ നൽകുന്ന വിവരം. പുഴയോരത്ത് ആരംഭിക്കാനിരിക്കുന്ന റിസോർട്ടിന്റെ നടത്തിപ്പുകാരാണ് മണ്ണെടുപ്പു നടത്തിയതെന്നു പൊലീസ് അറിയിച്ചു. പിടികൂടിയ വാഹനങ്ങൾ ജിയോളജി വകുപ്പിനു കൈമാറുമെന്നു പൊലീസ് അറിയിച്ചു. റിസോർട്ടിനായി മതിൽ കെട്ടിയ ഭാഗത്തു കയ്യേറ്റമുണ്ടോയെന്നു പരിശോധിക്കാനായി തഹസിൽദാർ അടക്കമുള്ള റവന്യു അധികൃതരോട് ആവശ്യപ്പെടുമെന്നു പൊലീസ് എസ്എച്ച്ഒ കെ.എസ്. സന്ദീപ് അറിയിച്ചു.
പുഴയോരം വ്യാപകമായി കയ്യേറുന്നതായി നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. മറ്റു പല ഭാഗങ്ങളിലും പുഴ കയ്യേറി മതിൽ കെട്ടിയിരുന്നതു പ്രദേശവാസികളും രാഷ്ട്രീയ കക്ഷി പ്രതിനിധികളും പൊളിച്ചു മാറ്റിയിരുന്നു. കോടിക്കണക്കിനു രൂപയുടെ സർക്കാർ പുറമ്പോക്ക് കയ്യേറിയതായുള്ള ആരോപണം നിലനിൽക്കുമ്പോഴും കാര്യക്ഷമമായി പരിശോധന നടത്താനും കയ്യേറ്റം ഒഴിപ്പിക്കാനും നടപടിയില്ലാത്തതിനാൽ ശക്തമായ പ്രതിഷേധമുണ്ട്.