ADVERTISEMENT

തൃശൂർ ∙ ‘നഗരഹൃദയത്തിലെ കലാലയമൈതാനത്തിനു സമീപത്തെ ഒരു കടയിലാണു ഞാനാ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ഏതാനും ചെറുപ്പക്കാർ മറ്റാരെയും ഭയക്കാതെ ലഹരി കൈമാറ്റം നടത്തുന്നു. അധ്യാപികയായ എനിക്കതു കടുത്ത ഞെട്ടലുണ്ടാക്കി. എന്തു ചെയ്യണമെന്നറിയാതെ ഏതാനും മിനിറ്റുകൾ നിശ്ചലമായിരുന്ന ശേഷമാണു ഞാൻ എക്സൈസിനെയും പൊലീസിനെയും ഫോണിൽ വിളിച്ചറിയിച്ചത്. പക്ഷേ, ആരെങ്കിലുമെത്തുകയോ അന്വേഷിക്കുകയോ ചെയ്യുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല..’ മനോരമ സംഘടിപ്പിച്ച ‘അരുത് ലഹരി’ ഫോൺ ഇൻ പ്രോഗ്രാമിലേക്കു വിളിച്ച അധ്യാപികയുടെ അനുഭവമാണിത്.

നഗരത്തിൽ ലഹരി ഉപയോഗവും കൈമാറ്റവും നടക്കുന്നതായി പലർക്കും അറിവുള്ള ഒരു വ്യാപാര സ്ഥാപനത്തിലായിരുന്നു ഈ സംഭവവും.  വിവരമറിയിച്ച‍ിട്ടും അധികൃതർ എത്താതിരുന്നപ്പോൾ സമീപത്തെ മൈതാനത്തിന്റെ കെയർടേക്കർക്കരികിലെത്തി അധ്യാപിക വിവരമറിയിച്ചു. ഇതിവിടെ പതിവുള്ള കാഴ്ചയാണെന്നും ആരും ശ്രദ്ധിക്കാറില്ലെന്നുമായിരുന്നു കെയർ ടേക്കറുടെ മറുപടി. ലഹരി ഉപയോഗിക്കുകയും കൈമാറുകയും ചെയ്യുന്ന ചെറുപ്പക്കാർ മിക്കവരും ഉന്നത കുടുംബങ്ങളിൽപ്പെട്ടവരും സ്വാധീനമുള്ളവരും ആയതിനാൽ ആരും ഇടപെടാൻ പോകാറുമില്ല. 

പാൻമസാല വിൽപന പൊലീസിനെ അറിയിച്ചു; പീഡനക്കേസിൽ കുടുങ്ങി

നിരോധിത ലഹരിവസ്തുക്കളുടെ വിൽപനയെക്കുറിച്ച് അധികൃതർക്കു വിവരം നൽകാൻ ധൈര്യംകാട്ടിയതിന്റെ പേരിൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവന്ന കഥയാണ് ഒരു അഭിഭാഷകൻ പങ്കുവച്ചത്. നഗരത്തിൽ നിന്ന് ഏതാനും കിലോമീറ്ററകലെ ആയിരക്കണക്കിനു കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയത്തിന്റെ പരിസരത്തെ കടയാണു സംഭവങ്ങളുടെ കേന്ദ്രം. ഇവിടെ പുലർച്ചെ 5 മണി മുതൽ നിരോധിത പാൻമസാല വിൽപന സജീവമാണെന്നതു പരസ്യമായ രഹസ്യമാണ്. നൂറുകണക്കിനു പാക്കറ്റ് പാൻമസാല ദിവസവും വിൽക്കുന്നുവെന്നാണു വിവരം.

സ്കൂൾ കുട്ടികളും ഉപഭോക്താക്കളിലുണ്ടെന്നു മനസ്സിലായതോടെ ഇതേക്കുറിച്ചു പൊലീസിനും എക്സൈസിനും വിവരം നൽകാൻ പ്രദേശത്തെ അഭിഭാഷകൻ തീരുമാനിച്ചു. രേഖ‍ാമൂലം ഇദ്ദേഹം പരാതി നൽകി. കടയിൽ പരിശോധനയൊക്കെ നടന്നെങ്കിലും കാര്യമായ നടപടിയൊന്നുമ‍ുണ്ടായില്ല. കടയുടമ മുൻ സംഘടനാ നേതാവാണെന്നതാണു കാരണം. ഇതിനിടെ, പരാതി നൽകിയത് അഭിഭാഷകനാണെന്ന വിവരം എങ്ങനെയോ പുറത്തറിഞ്ഞു. തന്റെ ഭാര്യയെ കടയിൽകയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നു കടയുടമ പൊലീസിനു പരാതി നൽകിയതോടെ കഥമാറി. പൊലീസ് എഫ്ഐആർ ഇട്ടെങ്കിലും പരാതിയുടെ ഉള്ളടക്കത്തിൽ സംശയം തോന്നിയതോടെ തുടർനടപടികളൊന്നും നടത്തിയിട്ടില്ല. പാൻമസാല വിൽപന പൂർവാധികം ശക്ത‍ിയായി തുടരുകയും ചെയ്യുന്നു. 

ഹോട്ടൽ ഫ്രിജിലുണ്ട്, പാൻമസാല!

ഗുരുവായൂരിൽ നിന്ന് 5 കിലോമീറ്ററകലെയുള്ള ഹോട്ടലിൽ പരസ്യമായി പാൻമസാല വിൽപന പൊടിപൊടിക്കുന്നതായി ഒന്നിലധികം ഫോൺകോളുകൾ സൂചന നൽകുന്നു. പുലർച്ചെ 4 മണിക്കു ഹോട്ടൽ തുറക്കും. ചായയും മറ്റും വിൽക്കാൻ തുടങ്ങുന്നത് 6 മണിക്കു ശേഷമാണെങ്കിലും പുലർച്ചെ എത്തുന്നവർക്ക് ആവശ്യാനുസരണം പാൻമസാല വിൽക്കും. ഹോട്ടലിന്റെ ഫ്രിജില‍ാണു പാൻമസാല സൂക്ഷിച്ചിരിക്കുന്നത്. പൊലീസിനെയും എക്സൈസിനെയും ആരോഗ്യവകുപ്പിനെയും വിവരമറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്നു വിളിച്ചവരുടെ അനുഭവം. 

വീട്ടിൽ കഞ്ചാവിന്റെ മൊത്തവിൽപന,ചോദ്യംചെയ്യാൻ ഭയന്ന് നാട്ടുകാർ

കുന്നംകുളത്തു നിന്നു ഫോണിൽ വിളിച്ച ഗൃഹനാഥൻ പങ്കുവച്ചത് ആശങ്കയേറ്റുന്ന അനുഭവമാണ്. മേഖലയിലെ ഒരു വീട്ടിൽ കഞ്ചാവു വിൽക്കുന്നതു മൊത്തവിതരണ രീതിയിലാണ്. പ്രദേശത്തെ മാർക്കറ്റ്, സ്കൂൾ പരിസരം എന്നിവ കേന്ദ്രീകരിച്ചാണു വിൽപനക്കാരന്റെ ഇടപാടുകൾ. ഇടപാടുകാരോടു സ്വന്തം വീട്ടിലെത്താനാണ് ഇയാൾ നിർദേശിക്കുക. രാവും പകലുമെല്ലാം ഇയാളുടെ വീട്ടിൽ സന്ദർശകരുടെ തിരക്കു കാണാം. കിലോക്കണക്കിനു കഞ്ചാവു പല സ്ഥലങ്ങളിൽ നിന്നായെത്തിച്ചു സ്വന്തം വീട്ടിൽ സംഭരിച്ചാണു വിൽപന. ക്രിമിനൽ ബന്ധങ്ങളുള്ള ആളായതിനാൽ നാട്ടുകാർ ഇയാളെ എതിർക്കാൻ ധൈര്യപ്പെടാറുമില്ല. ചോദിക്കാനാളില്ലെന്ന ധൈര്യത്തിൽ വിൽപന  പരസ്യമാക്കിയിരിക്കുകയാണ് ഇയാളെന്നു ഗൃഹനാഥൻ പറയുന്നു. 

പേടി വളരുന്ന മുസിരിസ് പരിസരം

കൊടുങ്ങല്ലൂർ മുസിരിസ് പരിസരത്തെ ബസ് സ്റ്റാൻഡിലും സമീപ റോഡുകളിലും രാത്രികാലത്ത് ഇറങ്ങിനടക്കാൻ പേടിയാണെന്നു നാട്ടുകാർ പറയുന്നു. മറ്റു സ്ഥലങ്ങളിൽ നിന്നു രാത്രികാലത്തു ബൈക്കുകളിലെത്തുന്ന ചെറുപ്പക്കാരുടെ സംഘങ്ങൾ ഈ മേഖലയിൽ പരസ്യമായി ലഹരി ഉപയോഗിക്കുന്നതു പതിവാണ്. കഞ്ചാവ് ഉപയോഗമാണു കൂടുതൽ. ഇവർക്കിടയിൽ കഞ്ചാവു വിൽക്കാനായി ഇടനിലക്കാരുടെ സംഘങ്ങളും പ്രദേശത്തു സജീവം. കഞ്ചാവ് ഉപയോഗത്തിനു ശേഷം ഇവർ ഇരുചക്ര വാഹനങ്ങളിൽ പായുന്നതും നാട്ടുകാരോടു തട്ടിക്കയറുന്നതും പതിവായിട്ടുണ്ട്. പെരുമ്പിലാവ് സ്കൂൾ പരിസരം, ആമ്പല്ലൂർ മേഖല, പാലപ്പിള്ളി റോഡ്,  കൊടകര വാസുപുരം എന്നിവിടങ്ങളിലും നിന്നും ലഹരിവിൽപന സംബന്ധിച്ചു ഫോൺവിളികളെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com