ADVERTISEMENT

ജില്ലയിൽ ഒരിടത്തെങ്കിലും എംഡിഎംഎ പിടിക‍ൂടാത്ത ദിവസങ്ങൾ അപൂർവമായി മാറുന്നു. ബെംഗളൂരുവിനും  തൃശൂരിനും ഇടയിൽ സിന്തറ്റിക് ലഹരിയുടെ ‘സിൽക് റൂട്ട്’ തുറന്നിരിക്കുകയാണ് മാഫിയ..

തൃശൂർ ∙ ‘നിങ്ങളുടെ നാട്ടിലെ ചെറുപ്പക്കാർ എംഡിഎംഎ ഭക്ഷണമാക്കുകയാണോ?’ തൃശൂരിലേക്കൊഴുകുന്ന എംഡിഎംഎയുടെ ഉറവിടം തേടി ബെംഗളൂരുവിലെത്തിയ സിറ്റി പൊലീസിലെ ഉദ്യോഗസ്ഥ സംഘത്തോട് അസി. കമ്മിഷണർ റാങ്കിലുള്ള കർണാടക പൊലീസ് ഉദ്യോഗസ്ഥൻ ചോദിച്ച വാക്കുകളാണിത്. എംഡിഎംഎയുമായി ബന്ധപ്പെട്ടു ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്യുന്ന ഒട്ടുമിക്ക കുറ്റകൃത്യങ്ങളിലും ഉപഭോക്താവിന്റെ സ്ഥാനത്തോ ഇടനിലക്കാരന്റെ വേഷത്തിലോ ഒരു മലയാളിയുണ്ടാകും എന്നതാണു പതിവ്.

ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കെത്തുന്ന എംഡിഎംഎയുടെ നല്ലൊരു പങ്കും എറണാകുളം, തൃശൂർ ജില്ലകളിലേക്കാണെന്നു പൊലീസ് സൂചിപ്പിക്കുന്നു. 18 ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ ദിവസം പിടിയിലായ യുവതിയടക്കം തൃശൂർ ജില്ലയിൽ ഏതാനും ആഴ്ചകൾക്കിടെ ഒരു ‍ഡസനോളം ചെറുപ്പക്കാരാണ് എക്സൈസിന്റെയും പൊലീസിന്റെയും വലയിലായത്. 

വാളയാർ വഴിയും പാളം വഴിയും

ബെംഗളൂരുവിൽനിന്നു റോഡ് മാർഗവും ട്രെയിൻ മാർഗവും ചെറുപ്പക്കാർ എംഡിഎംഎ കടത്തുന്നതായി പൊലീസ് പറയുന്നു. ചെറിയ അളവിലുള്ള പൊതികളാണെങ്കിൽ ബാഗുകളിലാക്കി ബസുകളിലും കാറുകളിലുമായാണു കടത്തുക. വലിയ തോതിലുള്ള ലഹരിനീക്കം ട്രെയിനിലൂടെയ‍ും. പോസ്റ്റ് ഓഫിസ്, സ്വകാര്യ പാഴ്സൽ സർവീസുകൾ വഴിയും ലഹരികടത്തുന്നുണ്ട്.

ഏതാനുംനാൾ മുൻപു െബംഗളൂരു പൊലീസ് നശിപ്പിച്ചത് 4297 കിലോ ലഹരിമരുന്നാണ്. 6 മാസത്തിനിടെ പിടികൂടിയത‍ാണിത്രയും. ഇതിൽ 62 കിലോ എംഡിഎംഎ ക്രിസ്റ്റലുകളാണ്. 8700 എക്സ്റ്റസി ഗുളികകളും. ബെംഗളൂരു പൊലീസിന്റെ കണക്കുപ്രകാരം എംഡിഎംഎ ഉപയോഗത്തിലും വിൽപനയും 5 വർഷത്തിനിടെ 64% വർധനയുണ്ടായി.

Representative Image: istockphoto/serpeblu
Representative Image: istockphoto/serpeblu

തൃശൂർ ജില്ലയിൽ കഴിഞ്ഞ 3 വർഷത്തിനിടെ എംഡിഎംഎ വിൽപനയിലും ഉപയോഗത്തിലും മൂന്നിരട്ടിയോളം വർധനയുണ്ട‍ായെന്ന‍ാണു വിവരം. ജില്ലയിലെ 103 സ്കൂളുകളിലെ വിദ്യാർഥികൾ എംഡിഎംഎയും കഞ്ചാവും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതായി എക്സൈസ് ഇന്റലിജൻസ് റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. 

ഡാർക്നെറ്റിൽ കുരുങ്ങിയവർ

ഓൺലൈൻ അധോലോകമെന്നു വിശേഷിപ്പിക്കാവുന്ന ഡീപ് വെബിന്റെ ഭാഗമായ ഡാർക്നെറ്റിലൂടെയാണു ബെംഗളൂരു ആസ്ഥാനമായി എംഡിഎംഎ റാക്കറ്റുകൾ പ്രവർത്തിക്കുന്നതെന്നു പൊലീസ് പറയുന്നു. ബെംഗളൂരുവിലെ മൊത്തവിൽപനക്കാർ, വൻകിട ഇടനിലക്കാർ എന്നിവർ ഡൽഹി വഴി എംഡിഎംഎ എത്തിക്കുന്നത് ഡാർക്നെറ്റ് വഴി ഓർഡർ നൽകിയാണ്.

ബിറ്റ്കോയിൻ വഴിയാണു സാമ്പത്തിക ഇടപാടുകൾ. നിലവാരം കുറഞ്ഞ എംഡിഎംഎ സ്വന്തമായി ഉത്പാദിപ്പിക്കുന്ന തട്ടിക്കൂട്ട് കുക്കിങ് ലാബുകൾ വേറെയുമുണ്ടു ബെംഗളൂരുവിൽ. നൈജീരിയൻ പൗരന്മാരുടെ സംഘങ്ങളാണ് ഇവയ്ക്കുപിന്നിൽ. അസറ്റോൺ, ഹൈപ്പോ ഫോസ്ഫറസ് ആസിഡ്, അയഡിൻ, പ്ലെയിൻ ആസിഡ്,

സോഡിയം ഹൈഡ്രോക്സൈഡ് തുടങ്ങിയ കെമിക്കലുകൾ സ്വകാര്യ ഡീലർമാരിൽനിന്ന് വാങ്ങിയാണ് ഇവരുടെ നിർമാണം. ഇവരിൽനിന്ന് എംഡിഎംഎ മൊത്തവിലയ്ക്കു വാങ്ങിയ ശേഷം വാട്സാപ് കൂട്ടായ്മകളിലൂടെ ചെറുകിട വിൽപന നടത്തുന്ന മലയാളി യുവാക്കളുടെ സംഘങ്ങളുണ്ടെന്നു പൊലീസ് പരിശോധനകളിലൂടെ കണ്ടെത്തിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com