ADVERTISEMENT

കൊടുങ്ങല്ലൂർ ∙ സംസ്ഥാനത്തു 52 ദിവസത്തെ ട്രോളിങ് നിരോധനം അർധരാത്രി നിലവിൽ വന്നു. കടലിൽ മീൻപിടിത്തത്തിനു പോയിരുന്ന ബോട്ടുകൾ പൂർണമായും തീരത്തടുത്തു. അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായും ചുഴലിക്കാറ്റ് ആയി മാറാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതോടെ മത്സ്യബന്ധനം നടത്തിയിരുന്ന ബോട്ടുകളെല്ലാം ഇക്കുറി നേരത്തെ തീരത്ത് അടുക്കുകയായിരുന്നു. ഇനി 52 ദിവസം ബോട്ടുകൾക്കും മത്സ്യബന്ധന മേഖലയ്ക്കും പൂർണ വിശ്രമകാലം. ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ അഴീക്കോട്ടും എറണാകുളം ജില്ലയിലെ മുനമ്പത്തും മത്സ്യബന്ധനമേഖല നിശ്ചലമാകും.

അഴീക്കോട് – മുനമ്പം ഭാഗങ്ങളിൽനിന്നു 800ലേറെ ബോട്ടുകളാണ് അഴിമുഖം വഴി കടലിലിറങ്ങാറുള്ളത്. മറ്റു സ്ഥലങ്ങളിൽനിന്ന് എത്തുന്ന ബോട്ടുകളും അഴീക്കോട് - മുനമ്പം കേന്ദ്രീകരിച്ചു മത്സ്യബന്ധനത്തിനു പോകാറുണ്ട്. ഇൗ ബോട്ടുകളും തങ്ങളുടെ സ്ഥലങ്ങളിലേക്കു തിരികെപ്പോയി. ഇന്നുമുതൽ മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, തരകൻമാർ, ലോഡിങ് തൊഴിലാളികൾ, വ്യാപാരികൾ, മത്സ്യവിൽപന തൊഴിലാളികൾ, അനുബന്ധ തൊഴിലാളികൾ എന്നിവരെല്ലാം വിശ്രമത്തിലാകും.

അഴീക്കോട്, മുനമ്പം, പള്ളിപ്പുറം, കുഞ്ഞിത്തൈ എന്നിവിടങ്ങളിലെ യാർഡുകളിലും ബോട്ടുകൾ കയറ്റിയിട്ടുണ്ട്. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ടു ഫിഷറീസ് വകുപ്പ് കർശന നിരീക്ഷണം തുടങ്ങി. ജില്ലയുടെ തീരങ്ങളിൽ അഴീക്കോട് മുതൽ അണ്ടത്തോട് വരെ ട്രോളിങ് നിരോധനം അറിയിച്ചു ഫിഷറീസ് വകുപ്പ് പ്രചാരണം നടത്തി. കടലിൽ ഉണ്ടാകാൻ സാധ്യതയുള്ള നിയമലംഘനങ്ങൾ തടയാൻ തീരദേശ പൊലീസുമായി ചേർന്നു വിപുലമായ ഒരുക്കമാണു നടത്തിയിട്ടുള്ളത്. 24 മണിക്കൂറും പ്രവർ‍ത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 0480 2996090.

എന്നിട്ടും പെലാജിക് വലകൾ

കൊടുങ്ങല്ലൂർ ∙ അഴീക്കോട് കടലിൽ പെലാജിക് വലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനു കുറവില്ല. ട്രോളിങ് നിരോധന കാലയളവിൽ പൊലീസും ഫിഷറീസ് വകുപ്പും ശക്തമായ പരിശോധന നടത്താറുണ്ടെങ്കിലും പെലാജിക് വലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനവും 2 വള്ളങ്ങൾ ചേർത്തുവച്ചു നടത്തുന്ന കരവലിയും പതിവുപോലെ തുടരാറുണ്ട്.

ട്രോളിങ് നിരോധനത്തോടൊപ്പം കരവലിക്കും പെലാജിക് ട്രോളിങ് എന്നിവയ്ക്കും നിരോധനമുണ്ട്. മുൻവർഷങ്ങളിൽ പെലാജിക് വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം ആഴക്കടലിൽ സംഘർഷത്തിനു വഴിയൊരുക്കിയിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന വള്ളക്കാർ കടലിൽ പെലാജിക് ഉപയോഗിക്കുകയും ഇതു ചോദ്യം ചെയ്യുന്നത് സംഘർഷത്തിനു കാരണമാവുകയും ചെയ്തിട്ടുണ്ട്.

എറിയാട് പുതിയ റോഡ് കടപ്പുറത്ത് കഴിഞ്ഞ ദിവസങ്ങളിൽ പെലാജിക് വലകൾ ഉപയോഗിച്ചു ചിലർ മീൻ പിടിച്ചു. ഇതൊടൊപ്പം കരവലിയും നടത്തി. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ അധികൃതരെ വിവരം അറിയിച്ചെങ്കിലും ആരും എത്തിയില്ലെന്നു മത്സ്യത്തൊഴിലാളി സംഘടന നേതാവ് ഇ.കെ. ദാസൻ കുറ്റപ്പെടുത്തി.

ഇനി ചെറുജോലികളിലേക്ക്

ചാവക്കാട്∙ ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ കടപ്പുറം മുനക്കക്കടവ് ഫിഷ്‌ലാൻഡിങ് സെന്ററിലെ നൂറുകണക്കിന് ബോട്ടുകൾ തീരമണഞ്ഞു. 52 ദിനങ്ങൾ കടലിനോട് വിട പറഞ്ഞ് കരയിൽ ചെറിയ ജോലികൾ ചെയ്താകും മത്സ്യത്തൊഴിലാളികളുടെ ജീവിതം. ചിലർ മറ്റ് തൊഴിലുകളിൽ ഏർപ്പെടും. ഇതരസംസ്ഥാനങ്ങളിൽ രണ്ട് മാസം പണിയെടുത്ത് ചില തൊഴിലാളികൾ തിരിച്ചെത്തും.

മുനക്കക്കടവ് ഫിഷ്‌ലാൻഡിങ് സെന്ററിലെ തൊഴിലാളികൾക്ക് ഒരു വർഷം ലഭിക്കുന്നത് 15 കോടിയോളം വിലവരുന്ന ചെമ്മീനാണ്. ഇത് കയറ്റി അയയ്ക്കുകയും ചെയ്യാറുണ്ട്. ചെമ്മീൻ ലഭിക്കുന്നതോടെയാണ് തൊഴിലാളികൾക്ക് കൂടുതൽ വരുമാനം ലഭിക്കുക. എന്നാൽ ഇൗ വർഷം പ്രതീക്ഷിച്ചത്ര ചെമ്മീൻ ലഭിച്ചില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com